Connect with us

International

തായ്‌വാന്‍ വിമാനാപകടം: തകര്‍ന്നുവീഴുന്നതിന് മുമ്പ് പൈലറ്റ് എന്‍ജിന്‍ ഓഫാക്കി

Published

|

Last Updated

തായ്‌പേയ്: കഴിഞ്ഞ ഫെബ്രുവരിയില്‍ തായ്‌വാനിലെ നദിയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിന് തൊട്ട് മുമ്പ് പൈലറ്റ് വിമാനത്തിന്റെ പ്രവര്‍ത്തനസജ്ജമായ ഒരു എന്‍ജിന്‍ ഓഫാക്കിയിരുന്നതായി കണ്ടെത്തി. സംഭവത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തായ്‌പേയിലെ സോംഗ്ഷാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ട്രാന്‍സ് ഏഷ്യ എയര്‍വെയ്‌സ് ഫ്‌ളൈറ്റ് ജി ഇ 235 ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ നിന്ന് ആകെ 15 പേരാണ് രക്ഷപ്പെട്ടിരുന്നത്. ബ്ലാക് ബോക്‌സില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. നേരത്തെ തന്നെ ഒരു എന്‍ജിന്റെ പ്രവര്‍ത്തനം നിശ്ചലമായിരുന്നു. എന്നാല്‍ പൈലറ്റിന്റെ പ്രവൃത്തി മൂലം പ്രവര്‍ത്തനസജ്ജമായ മറ്റൊരു എന്‍ജിനും നിശ്ചലമായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കീലിംഗ് നദിയിലേക്ക് വീഴുന്നതിന് മുമ്പ് വിമാനത്തിന്റെ ചിറക് റോഡരികിലെ പാലത്തിലും ഇടിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
വിമാനം പറന്നുയര്‍ന്നതിന്റെ രണ്ട് മിനുട്ടിന് ശേഷം ആദ്യത്തെ എന്‍ജിന്‍ ഓഫായി. ഇതിനെ തുടര്‍ന്ന് കോക്പിറ്റിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മറ്റൊരു എന്‍ജിന്‍ ഓഫാക്കുകയായിരുന്നു. പിഴവ് മൂലം സംഭവിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. 2016 ഏപ്രില്‍ അവസാനത്തോടെ ഇതുസംബന്ധിച്ച അവസാന റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറും.

Latest