Connect with us

Eranakulam

കൊച്ചി നഗരത്തിലെ മുഴുവന്‍ കിണറുകളിലും കോളിഫോം ബാക്ടീരിയയെന്ന് പഠനം

Published

|

Last Updated

കൊച്ചി: നഗരത്തിലെ 100 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോര്‍പറേഷന്റെ ജലനയ രൂപവത്കരണത്തിന്റെ ഭാഗമായി നടത്തിയ ജല ഗുണനിലവാര പരിശോധനയിലാണ് മനുഷ്യ മാലിന്യത്തില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലുള്ള 74 വാര്‍ഡുകളിലെ കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയില്‍ നിന്നുമാണ് പരിശോധനക്കാവശ്യമായ ജല സാമ്പിള്‍ എടുത്തത്. സാധാരണയായി കിണറുകളേക്കാള്‍ കൂടുതല്‍ കുഴല്‍ കിണറുകളിലെ ജലമാണ് ഇവിടെ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതുകൊണ്ട് കുഴല്‍ കിണര്‍ ജലത്തിന്റെ പരിശോധനയാണ് വിശദമായി നടത്തിയത്. 50 ശതമാനം വാര്‍ഡുകളിലും കുഴല്‍ കിണറുകളിലെ ജലത്തില്‍ ഇരുമ്പിന്റെ അംശം വളരെ ഉയര്‍ന്ന തോതിലാണ്. അമിതമായി ജലം പമ്പ് ചെയ്യുന്നത് ഇതിന് കാരണമാകാം. 24 ശതമാനം കുഴല്‍ കിണറുകളിലും നൈട്രൈറ്റിന്റെ അംശം പരിധിയിലും അധികമായിട്ടാണ് കാണുന്നത്. മലിന ജലം ഭൂ ഗര്‍ഭ ജലവുമായി കലരുന്നത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്. 20 ശതമാനം ഭൂഗര്‍ഭജലത്തിലും ഉപ്പിന്റെ സാന്നിധ്യം കാണുന്നു. ഇത് സംഭവിക്കുന്നത് ഉപ്പുള്ള കായല്‍ ജലം ഉള്‍നാടന്‍ ഭൂഗര്‍ഭ ജലത്തിലേക്ക് തള്ളിക്കയറുന്നത് കൊണ്ടാണ്. മേല്‍ക്കൂരകളില്‍ പെയ്യുന്ന മഴ വെള്ളം കിണറുകളിലേക്ക് ഇറക്കി ഒരു ശുദ്ധജല മേഖല സൃഷ്ടിക്കുക വഴി കായലില്‍ നിന്നും കരയിലേക്ക് ഭൂഗര്‍ഭ ജലത്തിലൂടെ കടന്ന് വരുന്ന ഉപ്പ് ജലത്തെ ചെറുക്കാന്‍ കഴിയും. 36 ശതമാനം ഭൂഗര്‍ഭജലത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. അതിനാല്‍ കുഴല്‍ കിണറുകളിലെ ജലമാണെങ്കിലും തിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.
എസ് സി എം എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ ജലനയ പ്രോജക്ടിന് ആവശ്യമായ സാങ്കേതിക സഹായം നല്‍ക്കുന്നത്. എസ് സി എം എസ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ എം ടെക് പാരിസ്ഥിതിക എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് ജല ഗുണനിലവാര പരിശോധന നടത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിച്ചത്. ജലനയ രൂപവത്കരണത്തിന്റെ ഭാഗമായി ജലഗുണനിലവാരം മാത്രമല്ല കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ ജല ഉപഭോഗത്തെകുറിച്ചുള്ള വിശദമായ സര്‍വ്വേ എസ് സി എം എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി വരുന്നു. ജല ഉപഭോഗത്തിന്റെ വിശദമായ വിവരങ്ങളുടെ അപഗ്രഥനവും നടന്നു വരികയാണ്.

 

Latest