Connect with us

Gulf

കടുത്ത ചൂടില്‍ തുറസായ സ്ഥലങ്ങളിലെ അധ്വാനം

Published

|

Last Updated

കടുത്ത ചൂടിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. തുറസായ സ്ഥലങ്ങളിലും അടുക്കളയിലും പെട്രോള്‍ പമ്പുകളിലും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ദുരിതത്തിന്റെ നാളുകളാണ്. ശരീരത്തില്‍ നിന്ന് ജലാംശം വറ്റി ക്ഷീണിച്ചവശരാകുന്ന ധാരാളം പേര്‍ ചുറ്റിലുമുണ്ട്. ഇതിനിടയില്‍ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. അവര്‍, രാത്രികാലങ്ങളില്‍ എട്ടുലിറ്ററോളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് മതിയായ വിശ്രമം അനുവദിക്കണമെന്ന് മിക്ക ഗള്‍ഫ് ഭരണകൂടങ്ങളും നിഷ്‌കര്‍ഷിക്കുന്നു. ജോലി ചെയ്യിച്ചാല്‍ കനത്ത പിഴയാണ് കമ്പനികള്‍ നല്‍കേണ്ടത്.
അതേ സമയം, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും യഥാവിധി വിശ്രമം അനുവദിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാനസിക, ശാരീരിക പീഡനങ്ങള്‍ അരുതെന്ന് താമസകുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. റസ്റ്റോറന്റുകളിലും കാറ്ററിംഗ് കമ്പനികളിലും അടുക്കള ജോലിക്കാര്‍ കഠിനമായ ശാരീരികാധ്വാനമാണ് നടത്തുന്നത്. റമസാന്‍ ആയതിനാല്‍, ജോലി സമയം കുറയുമെങ്കിലും അധ്വാനത്തില്‍ വലിയ വ്യത്യാസമില്ല.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുണ്ട്. ചര്‍മം കരിഞ്ഞുപോകാതിരിക്കാന്‍ ചില ക്രീമുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. പക്ഷേ, നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇത് ഗൗരവമായി കാണാറില്ല.
മിക്ക വിദ്യാലയങ്ങളും വേനലവധിക്ക് അടച്ചതിനാല്‍ ധാരാളം വിദേശികള്‍ നാട്ടിലേക്ക് പോയിവരും. കേരളത്തില്‍ കനത്ത മഴയാണ്. അത് കൊണ്ട് ചൂടിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
ഗള്‍ഫിലെ ചൂടില്‍ നിന്ന് പൊടുന്നനെ കുളിരുള്ള കാലാവസ്ഥയിലേക്ക് മാറുമ്പോഴും തിരിച്ചും അസുഖം വരാന്‍ ഇടയുണ്ട്. നാട്ടിലാണെങ്കില്‍, വിവിധ ഇനത്തില്‍ പനി പടര്‍ന്നു പിടിച്ചിട്ടുണ്ട്. അതിനെതിരെ മുന്‍കരുതല്‍ വേണം.
ഗള്‍ഫില്‍, തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പാനീയങ്ങളും പഴവര്‍ഗങ്ങളും എത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും വലിയ കാരുണ്യമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇഫ്താറിന് ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നത് മഹത്തായ കാര്യമാണ്.

Latest