Connect with us

Kasargod

കാസര്‍കോട് കോട്ട: രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നു

Published

|

Last Updated

കാസര്‍കോട്: 500 വര്‍ഷം പഴക്കമുള്ള പൈതൃക സ്വത്തായ കാസര്‍കോട് കോട്ട മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായ ടി ഒ സൂരജിന്റെ സഹായത്തോടെ ഭരണ കക്ഷിയില്‍പ്പെട്ട ചില സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി. ഭൂമാഫിയകള്‍ കൈക്കലാക്കിയ കാസര്‍കോട് കോട്ട പുരാവസ്തുവകുപ്പിന്റെ സ്വത്തായതിനാലാണ് കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നത്.
മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിന്റെ ഒത്താശയോടെയാണ് ഹൈക്കോടതിയും കോഴിക്കോട് ലാന്റ് അപ്പ്‌ലേറ്റ് അതോറിറ്റിയും സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമാക്കിയ ഈ കോട്ട സ്വകാര്യവ്യക്തികള്‍ക്ക് വില്‍പ്പന നടത്തിയത്. കോടികള്‍ വില മതിക്കുന്ന 5.14 ഏക്കര്‍ ഭൂമിയാണ് സൂരജിന്റെ ഇടപെടലിലൂടെ രഹസ്യമായി സ്വകാര്യവ്യക്തികള്‍ക്ക് വില്‍പ്പന നടത്തിയത്. വന്‍ അഴിമതി ഇതിന് പിറകിലുണ്ടെന്നാണ് സംശയിക്കുന്നത്. പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ എതിര്‍പ്പുമായി ഭൂമി വാങ്ങിയവര്‍ രംഗത്തുവന്നതോടെയാണ് കോട്ട വില്‍പ്പന നടത്തിയതായി തെളിഞ്ഞത്. കോട്ടയും സ്ഥലവും വില്‍പ്പന നടത്തിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. സ്ഥലത്തിന്റെ നികുതി അടച്ചത് ആരുടെ പേരിലാണെന്നത് സംബന്ധിച്ചും തിടുക്കത്തില്‍ ഒരു അന്വേഷണവുമില്ലാതെ നികുതി സ്വീകരിച്ച ഉദ്യോഗസ്ഥന്‍ ആരാണെന്നതുസംബന്ധിച്ചും ആരുടെയെങ്കിലും സമ്മര്‍ദം ഇതിന് പിറകിലുണ്ടോയെന്നതിനെക്കുറിച്ചുമൊക്കെ വിശദമായ അന്വേഷണം തന്നെയുണ്ടാകും.
ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി കോട്ട വില്‍പ്പന തടയാന്‍ കലക്ടര്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കസ്ഥലമാണെന്ന് പറഞ്ഞ് സ്വകാര്യവ്യക്തികള്‍ക്ക് അനുകൂലമായി സൂരജ് എന്തിന് ഉത്തരവിറക്കിയെന്നതിനെക്കുറിച്ചും പൈതൃകസ്വത്താണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും കോടികള്‍ വിലയുള്ള സ്ഥലം എന്തിനാണ് വാങ്ങിയതെന്നതിനെക്കുറിച്ചും സ്ഥലം വാങ്ങിയവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കും. ഇതിനിടെ സൂരജിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ റവന്യൂതലത്തില്‍ നടന്ന നീക്കങ്ങളെക്കുറിച്ചും അന്വേഷിക്കും. മുളിയാറിലെ സജി സെബാസ്റ്റ്യന്‍, കാസര്‍കോട് തെക്കിലിലെ ഗോപിനാഥന്‍ നായര്‍, ബെണ്ടിച്ചാലിലെ തെക്കേക്കര കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കാണ് കോട്ടയുടെ സ്ഥലം വില്‍പ്പന നടത്തിയത്. 2013 ജനുവരി 25നാണ് സൂരജ് കോട്ട നിയമവിരുദ്ധമായി വില്‍പ്പന നടത്തിയതിന് അംഗീകാരം നല്‍കാനാണ് ഉത്തരവിട്ടതെങ്കിലും ഇത് നടപ്പാക്കാന്‍ കലക്ട്രേറ്റില്‍ നിന്ന് നടപടിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ റവന്യൂവകുപ്പിലെ ഉന്നതരുടെ ഒത്താശയോടെ ഈയിടെ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നുതിരിക്കല്‍ നടന്നിരുന്നു.
അതിനിടെ ചരിത്രപ്രസിദ്ധമായ കാസര്‍കോട് കോട്ട വില്‍പ്പന നടത്തിയതിനെതിരെ ്രപതിഷേധവുമായി സി പി എം രംഗത്തുവന്നു. കോട്ടയിലേക്ക് സി പി എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമരിമ്പി. കോട്ടപിടിച്ചെടുത്തുകൊണ്ട് കൊടിനാട്ടുകയും ചെയ്തു. മാര്‍ച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി ദാമോധരന്‍ അധ്യക്ഷത വഹിച്ചു. ടി എം എ കരീം, എ ജി നായര്‍, കെ. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. എം. സുമതി, എ രവീന്ദ്രന്‍, എം കെ രവീന്ദ്രന്‍, എം രാമന്‍, ഭുജംഗ ഷെട്ടി, സി വി കൃഷ്ണന്‍, ബി ആര്‍ ഗോപാലന്‍, പി ജാനകി, എ നാരായണന്‍, കെ ഭാസ്‌കരന്‍, പൈക്കം ഭാസ്‌കരന്‍, കെ ജെ ജിമ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Latest