Connect with us

Kasargod

തരിശ്ശിട്ട പാടങ്ങളില്‍ നെല്‍ക്കൃഷി ജില്ലാ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

അമ്പലത്തറ: തരിശ്ശിട്ട പാടങ്ങള്‍ ഇനി ഹരിതാഭമാക്കാന്‍ പദ്ധതി വരുന്നു. ജില്ലാ പഞ്ചായത്ത് തരിശുനില നെല്‍കൃഷി പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ തരിശ്ശിട്ട പാടങ്ങള്‍ കൃഷിഭൂമിയാക്കി മാറ്റുന്നത്. ഇതുവഴി ഭക്ഷ്യരംഗത്ത് ജില്ലയെ ഒരു പരിധി വരെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ട്. ഏക്കര്‍ കണക്കിന് പാടങ്ങളാല്‍ ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യം ഒഴിവാക്കി നെല്‍കര്‍ഷകരെ വീണ്ടും വയലുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഹെക്ടറിന് 30000 രൂപ എന്ന നിരക്കിലാണ് ജില്ലാ പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്തിലെ മുളവന്നൂരില്‍ നടന്നു.
അഞ്ചു വര്‍ഷമായി തരിശ്ശായി കിടന്ന 12 ഏക്കര്‍ സ്ഥലമാണ് വീണ്ടും കൃഷിയോഗ്യമാക്കി മാറ്റുന്നത്. കാടുപിടിച്ച വയലുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വിത്തിറക്കുന്നതിനുള്ള പാകത്തിലാക്കി. നെല്‍കൃഷിയോടൊപ്പം പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുവാന്‍ നാട്ടുകാരുടെ കൂട്ടായ്മ ഒരുങ്ങുകയാണ്. മുളവന്നൂര്‍ അമ്പലത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യാ വേണുഗോപാല്‍, മെമ്പര്‍മാരായ രോഹിണി, അനിത രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, കൃഷി ഓഫീസര്‍ എസ് പി വിഷ്ണു, കാവുങ്കല്‍ നാരായണന്‍, എം.നാരായണന്‍, ടി പി ദാസ് പ്രസംഗിച്ചു.

Latest