Connect with us

Kasargod

രജീഷിനു നാടിന്റെ കൈത്താങ്ങ്

Published

|

Last Updated

ചെറുവത്തൂര്‍: ദേശീയപാത മയ്യിച്ചയില്‍ ഇയ്യിടെ ഉണ്ടായ കാറപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഷോക്കേറ്റ് കൈ മുറിച്ചുമാറ്റിയ റജീഷിന് നാടിന്റെ കൈത്താങ്ങ്. കാറിടിച്ച് തകര്‍ന്ന വൈദ്യുതി ലൈനില്‍ ഉടക്കി ചലനശേഷി നഷ്ടപ്പെട്ടതാണ് ഈ യുവാവിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
പാവപ്പെട്ട കുടുംബത്തിലെ പ്രതീക്ഷയായ ഈ യുവാവ് സ്വന്തം ജീവന്‍ പണയം വെച്ചാണ് രക്ഷാ പ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടിയത്. രജീഷിന്റെ ചികിത്സയും ഭാവിയും കണക്കിലെടുത്ത് മയ്യിച്ച ഗ്രാമവാസികള്‍ കഴിഞ്ഞദിവസം വൈകീട്ട് ന്യൂ ബ്രതെര്‍സ് ക്ലബ്ബ് പരിസരത്ത് ഒത്തുകൂടി. 10 ലക്ഷം രൂപയുടെ ധനസമാഹരണം നടത്തി ഈ യുവാവിനെ സഹായിക്കാനാണ് തീരുമാനം. ഒരു ലക്ഷം രൂപയോളം തത്സമയംതന്നെ സ്വരൂപിക്കാന്‍ കഴിഞ്ഞു. ചടങ്ങില്‍ എം പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പങ്കെടുത്ത ചെറുവത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സി ജനറല്‍ മാനേജര്‍ സീമാ രാജേഷ്, നീലേശ്വരം പെട്രോള്‍ പമ്പ് ഉടമ ലക്ഷ്മി നാരായണ പ്രഭു എന്നിവര്‍ സാമ്പത്തിക സഹായവും ജോലി വാഗ്ദാനവും നല്‍കി.
മയ്യിച്ച പി ഗോവിന്ദന്‍, എം പി കുഞ്ഞിരാമന്‍, പി ടി രവീന്ദ്രന, ടി പി സുകുമാരന്‍, ടി രാജന്‍, എം ഗംഗാധരന്‍, കെ സി ഗിരീഷ് പ്രസംഗിച്ചു. സഹായകമ്മിറ്റി ഭാരവാഹികളായി എം പി പത്മനാഭന്‍ (ചെയര്‍), ടി വി ബാലകൃഷ്ണന്‍(കണ്‍.) എം രാമകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബന്ധപ്പെടേണ്ട ഫോണ്‍ 9446659030.