Connect with us

Malappuram

ജീവിക്കാന്‍ വഴി തെളിയിച്ച് വഴികാട്ടി പ്രവേശനോത്സവം

Published

|

Last Updated

നിലമ്പൂര്‍: പഠനം പാതി വഴി നിലച്ചവര്‍ക്കും പഠനാവസരം നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ പരിശീലനത്തിലൂടെ പുതിയ ജീവിതം സമ്മാനിക്കുന്ന നഗരസഭയുടെ വഴികാട്ടി കമ്മ്യൂനിറ്റി കോളജില്‍ പുതിയ അധ്യയനവര്‍ഷത്തിലെ പഠന ക്ലാസുകള്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
വായനാവാരാചരണത്തിന്റെ സമാപനവും വിദ്യാര്‍ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയര്‍മാന്‍ നിര്‍വഹിച്ചു. വിവിധ പ്രായക്കാരായ പഠിതാക്കള്‍ പാട്ടുപാടിയും കലാപരിപാടികള്‍ അവതരിപ്പിച്ചുമാണ് പ്രവേശനോത്സവം അവിസ്മരണീയമാക്കിയത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്തായിരിക്കെ ആരംഭിച്ച വഴികാട്ടി കമ്മ്യൂനിറ്റി കോളജു വഴി പി എസ് സി പരിശീലനത്തിലൂടെ എഴുപതോളം പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി ആയിരത്തിലേറെ പേര്‍ക്ക് ജോലിയും ലഭിച്ചു. മൈസൂര്‍ കല്യാണമടക്കമുള്ള വിവാഹ ചൂഷണങ്ങള്‍ക്കിരയായവരും വിവാഹമോചിതരായവരും അടക്കം നിരവധി സ്ത്രീകളാണ് തൊഴില്‍പഠിച്ച് ആത്മവിശ്വാസത്തോടെ കുടുംബം പുലര്‍ത്തുന്നത്. എം എസ് ഓഫീസ്, ഡി ടി പി, ഫാഷന്‍ ഡിസൈനിംഗ്, ഫാര്‍മസി ഷോപ്പ് അസിസ്റ്റന്റ്, ബ്യൂട്ടീഷന്‍ കോഴ്‌സ് അടക്കമുള്ളവയാണ് പഠിപ്പിക്കുന്നത്.
കോഴ്‌സ് കഴിയുന്നവര്‍ക്ക് നഗരസഭയുടെ ഇടപെടലില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കുന്നുണ്ട്. പ്രവേശനോത്സവ ചടങ്ങില്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു.
വഴികാട്ടി പ്രിന്‍സിപ്പല്‍ സോമശേഖരന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍ പി രാമകൃഷ്ണന്‍, സൂസന്‍ ചെറിയാന്‍, ഫാത്തിമ, തസ്‌നിബാനു, റസീന, ജ്യോതി, റാശിദ സംസാരിച്ചു.

Latest