Connect with us

Wayanad

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍: മെഡിക്കല്‍ കൗണ്‍സിലും ഐ എ എയും രണ്ട് തട്ടില്‍

Published

|

Last Updated

മാനന്തവാടി: ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ മാത്രമെ എഴുതാവൂ എന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഭാഗത്ത് നിന്നും തണുപ്പന്‍ പ്രതികരണം. കൂട്ടക്ഷരത്തിലെഴുതുന്ന കുറിപ്പടികള്‍ മനസ്സിലാകാതെ മരുന്ന് മാറുകയും മറ്റും ചെയ്തതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ പുതിയ നിര്‍ദേശം. എന്നാല്‍ ഐ എം എ ഈ നിര്‍ദേശം അംഗീകരിക്കാന്‍ പൂര്‍മമായും തയ്യാറായിട്ടില്ല. ഒരക്ഷരം മാറിയാല്‍ പോലും മരുന്ന് മാറിപോകുമെന്ന സാഹചര്യമുണ്ടെന്നതിനാലാണ് ഡോക്ടര്‍മാര്‍ മരുന്ന് വലിയ അക്ഷരത്തില്‍ തന്നെ എഴുതണമെന്ന് നിര്‍ദേശം നല്‍കിയത്. പലപ്പോഴും മെഡിക്കല്‍ ഷോപ്പിലുള്ളവര്‍ക്ക് പോലും ഇത് മനസ്സിലാകാറില്ല. മരുന്ന് കുറിപ്പടികള്‍ മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായി എഴുതണമെന്ന നിര്‍ദേശമുണ്ടെങ്കിലും വലിയ ഇംഗ്ലീഷ് അക്ഷരത്തില്‍ എഴുതണമെന്ന നിര്‍ദേശം ആദ്യമാണ്.മെഡിക്കല്‍ കൗണ്‍സിലിന് പുറമെ ഡ്രഗ് കണ്‍ട്രോളും ലോകാരോഗ്യ സംഘടനയും മരുന്ന് കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മരുന്ന് കുറിപ്പടികള്‍ പ്രിന്റ് ചെയ്ത് നല്‍കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം.
ഐ എം എ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇത് പരിപൂര്‍ണ അര്‍ഥത്തില്‍ അംഗീകരിക്കാന്‍ ഐ എം എ തയ്യാറായില്ല. ഇതിന് പ്രധാന സാങ്കേതിക തടസ്സമായി ഐ എം എ നിരത്തുന്ന വാദങ്ങള്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് ജില്ലാ ആശുപത്രി പോലുള്ള സ്ഥലങ്ങളില്‍ ഇത് പ്രായോഗികമല്ലെന്നാണ്.
ഒരു ദിവസം തന്നെ ഒരു ഡോക്ടര്‍ 150-200നുമിടയില്‍ രോഗികളെ പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തിലും പ്രിന്റ് ചെയ്തും നല്‍കണമെന്ന് നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

Latest