Connect with us

Gulf

ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനലിന്റെ ഇഫ്താറുകള്‍ ശ്രദ്ധേയമാവുന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷനലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ ശ്രദ്ധേയമാവുന്നു.
നിത്യവും ആയിരക്കണക്കിനാളുകള്‍ക്കാണ് കൂടാരങ്ങളില്‍ ഇഫ്താറുകളൊരുക്കുന്നത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൂടാരങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ചാരിറ്റി ഇന്റര്‍നാഷനലിന്റെ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് വിതരണം. റോളയിലെ ഒരു കൂടാരത്തില്‍ നിത്യവും നൂറുക്കണക്കിനാളുകള്‍ക്കാണ് നോമ്പ് തുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. കൂടാരങ്ങള്‍ നിറയുന്നതോടെ പള്ളിപരിസരത്താണ് നോമ്പ് തുറക്കു സൗകര്യം ഏര്‍പെടുത്തുക. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരും ഇവിടെയെത്തും. അവധി ദിനങ്ങളില്‍ റോള നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പലരും ഇഫ്താറിനെത്തുന്നു.
ചാരിറ്റി ഇന്റര്‍നാഷനലിന്റെ ഈ കാരുണ്യഹസ്തം ആയിരങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്. യാതൊരു ലാഭേച്ചയുമില്ലാതെയാണ് പുണ്യം പെയ്തിറങ്ങുന്ന ഈ വിശുദ്ധ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്കു ആശ്വാസമായി ഈ ജീവകാരുണ്യ ഏജന്‍സി രംഗത്തിറങ്ങുന്നത്. അതു കൊണ്ടുതന്നെ ഈ സേവനം ഏറെ പ്രശംസിക്കപ്പെടുകയാണ്.
വിവിധ പ്രവാസി കൂട്ടായ്മകളും സ്വദേശികളും മറ്റും ഒരുക്കുന്ന ഇഫ്താര്‍ സംഗമങ്ങളും ധാരാളമാണ്. പ്രമുഖ കൂട്ടായ്മകള്‍ അവയുടെ ആസ്ഥാനങ്ങളിലാണ് ഇഫ്താറുകളൊരുക്കുന്നത്.
കെ എം സി സി ഷാര്‍ജ കമ്മിറ്റി ഒരുക്കുന്ന ഇഫ്താറില്‍ നിത്യവും നിരവധിപേരാണ് പങ്കെടുക്കുന്നത്. ആസ്ഥാനത്ത് തന്നെയാണ് പരിപാടി. ഇന്ത്യന്‍ ആസോസിയേഷനില്‍ ഇഫ്താര്‍ വിരുന്നുകള്‍ നടക്കാത്ത ദിനങ്ങള്‍ കുറവാണ്. വിവിധ പ്രവാസി സംഘടനകളാണ് ഒരുക്കുന്നത്. ഐ സി എഫ്, ആര്‍ എസ് സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും ഇഫ്താറുകള്‍ സംഘടിപ്പിക്കപ്പെടുന്നു. പരസ്പര സ്‌നേഹവും സൗഹാര്‍ദവും ശക്തിപ്പെടാനും ബന്ധങ്ങള്‍ക്കു ആക്കം കൂടാനും ഇഫ്താറുകള്‍ വഴിയൊരുക്കുന്നു.