Connect with us

Gulf

പുതുക്കിപ്പണിത അല്‍ ഐന്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published

|

Last Updated

അല്‍ ഐന്‍: പുനര്‍ നിര്‍മാണത്തിന് ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന അല്‍ ഐന്‍ ബസ് ടെര്‍മിനല്‍ അത്യാധുനിക സൗകര്യങ്ങളുമായി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ മാസം അവസാന വാരത്തോടെ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായുള്ള അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയ പഴയ ബസ് സ്റ്റേഷന്‍ നിലനിന്ന അതേ സ്ഥലത്ത് തന്നെയാണ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ വരുന്നത്. പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി നിലവില്‍ താത്കാലിക കേന്ദ്രത്തില്‍ നിന്നുമാണ് സര്‍വീസുകള്‍ നടന്നുകൊണ്ടിരിക്കുന്നത്.
എങ്കിലും അബുദാബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നത്. സ്ഥലപരിമിതി മൂലം മറ്റ് പല ബസുകള്‍ക്കും സ്റ്റാന്റില്‍ കയറാന്‍ പറ്റാത്തത് പുതിയ ടെര്‍മിനല്‍ വരുന്നതോടെ ഒഴിവാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ നഗരത്തിന്റെ 14 പ്രാദേശിക ഭാഗങ്ങളിലേക്കും എയര്‍പോര്‍ട്ട്, ജബല്‍ ഹഫീത്ത്, സാഖര്‍, മസിയാദ്, മഖാം തുടങ്ങി ഒമ്പതോളം പ്രധാന കേന്ദ്രങ്ങളിലേക്കുമാണ് അല്‍ ഐന്‍ ബസ് സര്‍വീസ്. ഏറെ യാത്രക്കാരുള്ള ദുബൈ, ഷാര്‍ജ എമിറേറ്റുകളിലേക്ക് സ്വകാര്യ ബസ് കമ്പനിയായ അല്‍ ഗസാലിനും അബുദാബിയിലേക്ക് ഡോട്ട് (ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട്)നും ആണ് സര്‍വീസ് ചുമതല.
നൂറോളം യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള വിശ്രമമുറി, ടോയ്‌ലറ്റ്, പ്രാര്‍ഥനാ മുറി, എ ടി എം, ടിക്കറ്റ് കൗണ്ടറുകള്‍, ടിക്കറ്റ് വെന്റിംഗ് മെഷീന്‍, ഇന്‍ഫര്‍മേഷന്‍, കുടിവെള്ള സൗകര്യം, ബസ് വരുന്നതിന്റെയും പോകുന്നതിന്റെയും സമയം അറിയിക്കുന്ന ഡിസ്‌പ്ലേ സൗണ്ട് സിസ്റ്റം എന്നിവയാണ് പുതിയ ടെര്‍മിനലിന്റെ സവിശേഷത. കൂടാതെ സ്വകാര്യ വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിംഗ്, ടാക്‌സികള്‍ക്കായുള്ള പ്രത്യേക പാത, ബസ് പാര്‍ക്കിംഗിനുള്ള ബേ എന്നിവയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ അല്‍ ഐനിന്റെ പുതിയ വ്യാവസായിക കേന്ദ്രങ്ങളിലേക്കും കിഴക്കന്‍ മേഖലയായ ഖത്മു ശിഖ്‌ലയിലേക്കും സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ഏറെ ശക്തമാണ്. നഗരപരിധിക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് തുടക്കത്തില്‍ ഒരു ദിര്‍ഹം ഈടാക്കിയ സ്ഥാനത്ത് ഇപ്പോള്‍ രണ്ട് ദിര്‍ഹമാണ് നിരക്ക്.
മറ്റിടങ്ങളിലേക്ക് വ്യത്യസ്ത നിരക്കുകളുമാണ്. കൂടാതെ ഈ വര്‍ഷാവസാനത്തോടെ ഹാഫിലാത്ത് സിസ്റ്റത്തിലേക്ക് മാറുന്നതിനുള്ള സംവിധാനങ്ങള്‍ ഇതിനകം ബസുകളിലും മറ്റ് കേന്ദ്രങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു.
ഏതായാലും പുതിയ ബസ് ടെര്‍മിനലിന്റെ വരവോടെ അല്‍ ഐനിന്റെ നഗരസൗന്ദര്യം ആസ്വദിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് അധികൃതരും ഒപ്പം യാത്രക്കാരും കണക്കുകൂട്ടുന്നത്.