Connect with us

Editorial

ബോധവത്കരണം അനിവാര്യം

Published

|

Last Updated

കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടയില്‍ പുറത്തുവന്ന നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെയും ആംനെസ്റ്റി ഇന്റര്‍ നാഷനലിന്റെയും റിപ്പോര്‍ട്ടുകള്‍ മനസ്സാക്ഷിയുള്ളവരെയെല്ലാം നടുക്കുന്നതാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 15പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ജമ്മുകാശ്മീരില്‍ 43,000 പേര്‍ കൊലചെയ്യപ്പെട്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് ആംനെസ്റ്റി ഇന്റര്‍ നാഷനലാണ്. ആത്മഹത്യയുടെ തത്സ്ഥിതി റിപ്പോര്‍ട്ട് വിലയിരുത്തുമ്പോള്‍ ഓരോ മണിക്കൂറിലും ഇന്ത്യയില്‍ 15പേര്‍ ജീവനൊടുക്കുന്നുവെന്ന് കാണാം. ഇതില്‍ 17 ശതമാനം പേര്‍ വീട്ടമ്മമാരാണ് എന്നറിയുന്നത് ഹൃദയഭേദകമാണ്. ഈ വര്‍ഷം ലഭ്യമായ 2013ലെ സ്ഥിതിവിവര കണക്കുകളനുസരിച്ച് ആത്മഹത്യ ചെയ്യുന്നത് 1,30,000ല്‍പരം ആളുകളാണ്. ഇതില്‍ സ്ത്രീകളുടെ കണക്കെടുക്കുമ്പോള്‍ 51.4 ശതമാനം വീട്ടമ്മമാരാണ്. സ്ത്രീ ജനസംഖ്യയില്‍ ജോലിയില്ലാത്ത, ഗൃഹഭരണം ഏറ്റെടുത്ത സ്ത്രീകള്‍ 33 ശതമാനം വരുമെന്ന് 2011ലെ സെന്‍സസില്‍ പറയുന്നുണ്ട്. വീട്ടമ്മമാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായാണ് സൂചന. വീട്ടമ്മമാര്‍ കുടുംബത്തില്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ വിമന്‍സ് ഡവലപ്പ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു.
വീട്ടുവേലകളെല്ലാം സ്വയം നിറവേറ്റാന്‍ വിധിക്കപ്പെട്ട ഈ വിഭാഗം സ്ത്രീകള്‍, വീട്ടിലെ പ്രായമായവരേയും കുട്ടികളേയും പരിപാലിക്കേണ്ടതുണ്ട്. തന്റെ മനസ്സിലുടലെടുക്കുന്ന നിരാശാബോധത്തെ കുറിച്ചും വ്യാകുലതകള്‍ സംബന്ധിച്ചും മിണ്ടിപ്പറയാന്‍ ഒരാളില്ലാത്തതിനാല്‍ ആശങ്കപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ഹൃദയം തുറന്നു സംസാരിക്കാന്‍ ഒരാളെ കിട്ടിയാല്‍ ഒഴിവാക്കാനാകുന്നതാണ് ഇക്കൂട്ടര്‍ക്കിടയിലെ നിരാശാബോധം. ജോലിക്കായി അതികാലത്ത് വീട്ടില്‍ നിന്നിറങ്ങുന്ന ഭര്‍ത്താവ് തിരിച്ചെത്തുന്നത് വൈകിയാണ്. ഭാര്യയോട് സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും തത്പരനാണ് ഭര്‍ത്താവെങ്കിലും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഏറ്റെടുത്ത അധികജോലിക്ക് നിര്‍ബന്ധിതനാകുന്നു. ഭാര്യക്ക് അവരര്‍ഹിക്കുന്ന പരിഗണനയും പരിലാളനയും നല്‍കാന്‍ ഭര്‍ത്താവിന് കഴിയാതെ വരുന്നു. മനഃപൂര്‍വമല്ലാത്ത അവഗണനയാണ് വീട്ടമ്മമാരെ പലപ്പോഴും അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിക്കുന്നത്. കുടുംബത്തോട് ഏറ്റവും കൂടുതല്‍ ഒട്ടിനില്‍ക്കുന്ന വീട്ടമ്മമാര്‍ ഒരിക്കലും ഉറ്റവരെ വിട്ട് ജീവിതം അവസാനിപ്പിക്കാന്‍ മുതിരുകയില്ല. അതുകൊണ്ടുതന്നെ ഇവര്‍ ആഗ്രഹിക്കുന്ന ആശയവിനിമയത്തിന് വഴിയൊരുങ്ങിയാല്‍ പ്രശ്‌നങ്ങള്‍ എളുപ്പം പരിഹൃതമാകും. ബോധവത്കരണമാണ് ഇതിനുള്ള പരിഹാരമാര്‍ഗം. കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യവും പവിത്രതയും കല്പിക്കുന്നവരാണ് ഇന്ത്യന്‍ സ്ത്രീകള്‍.
ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ജമ്മുകാശ്മീരിലെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ 43,000 പേര്‍ കൊലചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇത്‌കേള്‍ക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് ജമ്മുകാശ്മീരിലാണെന്ന് പറയേണ്ടിവരും. 1990 മുതല്‍ 2011വരെയാണ് സംസ്ഥാനത്ത് 43,550പേര്‍ കൊലചെയ്യപ്പെട്ടത്. അതിര്‍ത്തിക്കപ്പുറത്ത് ആസൂത്രണം ചെയ്യപ്പെടുന്ന അക്രമ പദ്ധതികളാണ് ഇവിടെ അരങ്ങേറുന്നതെന്ന് ഇന്ന് ലോകമാകെ അംഗീകരിച്ച വസ്തുതയാണ്. ഇവരെ നേരിടാന്‍ സായുധസേനകളും അര്‍ദ്ധ സൈനികസേനകളും പോലീസുമെല്ലാമുണ്ട്. പ്രത്യേക അധികാര നിയമത്തിന്റെ (അഫ്‌സ്പ) മറപറ്റി സായുധസേനകള്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ഇന്ന് ഒരു രഹസ്യമല്ല. സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടവരില്‍ 21,323 പേര്‍ തീവ്രവാദികളാണെന്നാണ് സര്‍ക്കാറിന്റെ കണക്ക്. 13,226 സിവിലിയന്മാരെ സായുധസംഘങ്ങള്‍ വകവരുത്തി. 3,542 പേര്‍ സുരക്ഷാസേനയുടെ വെടിയുണ്ടകള്‍ക്കിരയായി. 5,369 സുരക്ഷാ ഭടന്മാരും കൊലചെയ്യപ്പെട്ടു. 1990ന്റെ ആദ്യ പകുതിയില്‍ 800 ഓളം പേര്‍ സുരക്ഷാ സേനകളുടെ കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ടു. ഇതില്‍ ഏറെയും സുരക്ഷാ സേനകള്‍ ആസൂത്രണംചെയ്ത നിഷ്ഠൂര കൊലപാതകങ്ങള്‍ തന്നെയാണ്. സ്ഥാനക്കയറ്റം മോഹിച്ച് ഓഫീസര്‍മാര്‍ സംഘടിപ്പിച്ച വ്യാജ ഏറ്റുമുട്ടലുകളുടെ നിരവധി കഥകള്‍ നാം കേട്ട് തഴമ്പിച്ചതാണ്. വീടുകളില്‍ നിന്നും കോളജുകളില്‍ നിന്നും ഭടന്മാര്‍ പിടിച്ചുകൊണ്ടുപോയശേഷം കാണാതായ ചെറുപ്പക്കാര്‍ നൂറുകണക്കില്‍ വരും. ജനങ്ങള്‍ സുരക്ഷാ സേനകളെ കൊലയാളികളായി കാണുന്നതിന് കാരണവും മറ്റൊന്നല്ല. സുരക്ഷാ സേനകളുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താന്‍ കര്‍ക്കശ നടപടികള്‍ ഉണ്ടാകണം. സുരക്ഷാ സേനകളുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും വേണം.

---- facebook comment plugin here -----

Latest