Connect with us

Articles

ഗ്രീക്ക് ഹിതപരിശോധനയുടെ വിധി എന്താകും?

Published

|

Last Updated

യൂറോപ്യന്‍ യൂനിയനിലെ താരതമ്യേന ചെറിയ രാഷ്ട്രമായ ഗ്രീസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു ആഗോള വാര്‍ത്തയാകുന്നത് അത് ആ രാജ്യത്തിന് പുറത്ത് സൃഷ്ടിക്കുന്ന ആഘാതങ്ങളെ മുന്‍നിര്‍ത്തിയാണ്. അവിടെ ബേങ്കുകള്‍ അടഞ്ഞ് കിടക്കുകയാണ്. എ ടി എമ്മുകള്‍ നിയന്ത്രിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 60 യൂറോയേ പിന്‍വലിക്കാനാകൂ. സര്‍ക്കാര്‍ ബില്ലുകളൊന്നും മാറിക്കിട്ടില്ല. പെന്‍ഷന്‍, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തത്കാലം കിട്ടില്ല. തികച്ചും നിശ്ചലം. സാമ്പത്തിക മാന്ദ്യം എന്നത് ഒരു അഭ്യൂഹമാണ്. കമ്പോളത്തെ പലപ്പോഴും നയിക്കുന്നത് ശകുനങ്ങളും. അന്ധവിശ്വാസങ്ങളുടെ കൂടാരങ്ങളാണ് അവിടെയുള്ളത്. എങ്ങോ എവിടെയോ ഉണ്ടാകുന്ന കുഞ്ഞു വിറയല്‍ പോലും കമ്പോളത്തില്‍ വന്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കും. ഇപ്പോഴിതാ ഗ്രീസില്‍ രൂപപ്പെട്ട പ്രതിസന്ധി ആഗോളമാകാന്‍ വെമ്പി നില്‍ക്കുകയാണ്.
നമ്മുടെ രാഷ്ട്രവും ഭീതിയിലാണ്. നമ്മുടെ കറന്‍സിക്ക് ഇപ്പോഴേ വിറയല്‍ തുടങ്ങിയിട്ടുണ്ട്. 2010 മുതല്‍ കണ്ടുതുടങ്ങിയ പ്രതിസന്ധി പടിപടിയായി വളരുകയല്ലാതെ ഒരിക്കലും മെച്ചപ്പെട്ടിട്ടില്ലാത്ത രാഷ്ട്രമാണ് ഗ്രീസ്. ഐ എം എഫിന് 1.5 ബില്യണ്‍ യൂറോ(1.7ബില്യണ്‍ ഡോളര്‍) കൊടുത്തു തീര്‍ക്കേണ്ട അന്ത്യശാസന തീയതി കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിക്ക് മുന്നില്‍ തവണ തെറ്റിച്ചാല്‍ ആ രാഷ്ട്രം പാപ്പര്‍സ്യൂട്ടായി സ്വയം പ്രഖ്യാപിതമാകുന്ന സ്ഥിതിയുണ്ട്. ഈ നില തരണം ചെയ്യാന്‍ യൂറോപ്യന്‍ യൂനിയന്‍ സഹായിക്കണം. ഗ്രീസിന് ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന സഹായം പോര. പ്രത്യേക കടബാധ്യതാ പാക്കേജ് അനുവദിക്കണം. പണം നല്‍കാന്‍ ഇ യു വമ്പന്‍മാരായ ജര്‍മനിയും ഫ്രാന്‍സുമൊക്കെ തയ്യാറാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് വഴി പണം അനുവദിക്കും. പക്ഷേ കടുത്ത നിബന്ധനകള്‍ അംഗീകരിക്കണം. പെന്‍ഷന്‍ വെട്ടിക്കുറക്കണം. നികുതി കൂട്ടണം. സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കടുത്ത ചെലവ് ചുരുക്കല്‍ നടപടി വേണം. പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കൂട്ട പിരിച്ചുവിടല്‍ വേണം. ഇടതുപക്ഷ ആഭിമുഖ്യമുള്ള സിരിസ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറിന് ഈ തീട്ടൂരങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് വായ്പ സ്വീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് പ്രഖ്യാപിച്ചു. മാത്രമല്ല ഇ യു മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ച് വായ്പ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹിതപരിശോധനക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നാണ് ഗ്രീസ് ജനത ഹിതപരിശോധനക്ക് ബൂത്തുകളില്‍ എത്തുന്നത്.
യൂറോ പൊതു കറന്‍സിയായി സ്വീകരിച്ച യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളെ ഒന്നാകെ വിളിക്കുന്ന പേരാണ് യൂറോസോണ്‍(19 രാഷ്ട്രങ്ങളാണ് ഇപ്പോള്‍ ഉള്ളത്). ഇതില്‍ ചേരുന്നതോടെ സ്വന്തം കറന്‍സി മരവിപ്പിക്കപ്പെടുന്നു. പണപരമായ തീരുമാനങ്ങള്‍ മുഴുവന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് കൈക്കൊള്ളും. 2000ത്തില്‍ മാത്രമാണ് ഗ്രീസ് ഇതിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി യൂറോസോണില്‍ ചേര്‍ന്നത്. സംയുക്ത കറന്‍സി സ്വീകരിക്കുന്നതോടെ വലിയ ആത്മവിശ്വാസമാണ് ഒരു ചെറു സമ്പദ്‌വ്യവസ്ഥക്ക് കൈവരിക. ഒരു രാജ്യം സംയുക്ത കറന്‍സിയില്‍ ചേരുമ്പോള്‍ ആ കറന്‍സിയും ശക്തമാകുന്നു. ഈ പൊതു നന്‍മയാണ് ഈ ഏര്‍പ്പാടിനെ ആകര്‍ഷകമാക്കുന്നത്. ഗ്രീസ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യൂറോ പ്രവേശത്തെ ആഘോഷിക്കുകയായിരുന്നു. അവിടുത്തെ ഭരണാധികാരികള്‍ക്ക് കൈവന്ന ആത്മവിശ്വാസം ശരിയായ ദിശയിലല്ല ഉപയോഗിക്കപ്പെട്ടത്. അവര്‍ സമ്പദ്‌വ്യവസ്ഥയെ സമ്പൂര്‍ണമായി തുറന്നിട്ടു. അഭൂതപൂര്‍വമായ നിക്ഷേപം ഒഴുകിയെത്തി. തദ്ദേശീയമായ സംരംഭങ്ങള്‍ പലതും ഈ ഒഴുക്കില്‍ തകര്‍ന്നുപോയി. അതുകൊണ്ട് മാന്ദ്യം വന്നപ്പോള്‍ ഈ രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. ഗ്രീസില്‍ 2010ല്‍ മാന്ദ്യം പിടിമുറുക്കിയപ്പോള്‍ പുറത്തു നിന്നുള്ള നിക്ഷേപകര്‍ മുഴുവന്‍ അവരുടെ പണം തിരിച്ചു പിടിക്കാന്‍ തുടങ്ങി. ഗ്രീക്ക് ബേങ്കുകള്‍ കാലിയായി. പ്രതിസന്ധി തരണം ചെയ്യാന്‍ വായ്പാ പണത്തെ ആശ്രയിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ഇങ്ങനെ വായ്പ വാങ്ങിയതിലും അച്ചടക്കം കാണിച്ചില്ല. അത്‌കൊണ്ടാണ് രക്ഷാ പാക്കേജുകള്‍ക്കൊന്നും രക്ഷപ്പെടുത്താനാകാത്ത വിധം ഗ്രീസ് കുരുക്കില്‍ അകപ്പെട്ടത്.
നേരത്തെയുള്ള ഭരണാധികാരികള്‍ക്ക് സംഭവിച്ച കൊടും പിഴവുകള്‍ മുഴുവന്‍ തുറന്നു കാണിക്കുകയും അവ ആവര്‍ത്തിക്കില്ലെന്നും ബദല്‍ നിലപാടുകള്‍ ആവിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചാണ് സിരിസ പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. വിധേയത്വത്തിന്റെ കാണാച്ചരടുകള്‍ ഒളിപ്പിച്ചുവെച്ച നിലവിലുള്ള വായ്പാ കരാര്‍ വ്യവസ്ഥ റദ്ദാക്കുകയും പുതിയ വ്യവസ്ഥകള്‍ ഐ എം എഫിനും യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കിനും മുന്നില്‍ വെക്കുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിപ്രാസ് ഉറപ്പ് നല്‍കിയിരുന്നു. പിരിച്ചുവിട്ട സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തിരിച്ചെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കും. ക്ഷേമ പദ്ധതികളില്‍ സര്‍ക്കാറിന്റെ മുതല്‍ മുടക്ക് തിരിച്ച് കൊണ്ടുവരും. മിനിമം കൂലി വര്‍ധിപ്പിക്കും. ഈ നിലപാടിനെയാണ് ജനം പിന്തുണച്ചതും ഇടത് ആഭിമുഖ്യമുള്ള നേതാവ് അലക്‌സി സിപ്രാസ് ചരിത്ര വിജയം നേടിയതും. അതുകൊണ്ട് ഇ യു മുന്നോട്ട് വെക്കുന്ന ജനവിരുദ്ധ നിബന്ധനകള്‍ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിക്കില്ല.
അതുകൊണ്ട് ഇന്ന് നടക്കുന്ന ഹിതപരിശോധന സാമ്പത്തികമായ തിരഞ്ഞെടുപ്പ് മാത്രമല്ല. അതിന് രാഷ്ട്രീയ മാനങ്ങളേറെയുണ്ട്. മൂന്ന് വര്‍ഷത്തെ മാത്രം പാരമ്പര്യമുള്ള, നാല്‍പ്പത് വയസ്സ് മാത്രം പ്രായമുള്ള നേതാവ് നയിക്കുന്ന സിരിസ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ചില മാധ്യമങ്ങള്‍ പ്രവചിച്ചത് മുതല്‍ യൂറോപ്യന്‍ യൂനിയനിലെ പ്രമുഖര്‍ കരുക്കള്‍ നീക്കി തുടങ്ങിയതാണ്. സിരിസ വന്നാല്‍ ഗ്രീസ് യൂറോസോണില്‍ നിന്ന് പുറത്തുപോകുമെന്ന് അവര്‍ ഭീതി വിതച്ചു. ആളും അര്‍ഥവും ഇറക്കി പ്രചാരണത്തില്‍ ഇടപെട്ടു. ഗ്രീസിന് അധിക സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നിബന്ധനകളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന ഇ യു ശാഠ്യത്തിന് പിന്നില്‍ ഈ രാഷ്ട്രീയം കൂടിയുണ്ടെന്ന് വ്യക്തം. ഇത് മനസ്സിലാക്കിയാണ് സിപ്രാസ് ഒരിക്കല്‍ കൂടി ജനങ്ങളുടെ വിധി തേടുന്നത്. ബ്ലാക്ക് മെയിലിംഗ് വേണ്ടെന്നാണ് അദ്ദേഹം യൂനിയന്‍ അധികാരികളോട് പറയുന്നത്. മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് ഗ്രീസ്. ഈ രാജ്യത്തിന് ആത്മാഭിമാനമുണ്ട്. അത് ആര്‍ക്കു മുന്നിലും അടിയറ വെക്കാന്‍ അനുവദിക്കില്ല. ആത്മാഭിമാനമുള്ള മുഴുവന്‍ പേരും ഹിതപരിശോധനയില്‍ “നോ” വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ചോദ്യമിതാണ്. രക്ഷാ പാക്കേജിനായി മുന്നോട്ട് വെച്ച നിബന്ധനകളെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ യെസ് വോട്ട് ചെയ്യാം. ഇല്ലെങ്കില്‍ നോ.
ജനങ്ങള്‍ ഭീതിയിലാണ്. ബേങ്കുകള്‍ അടഞ്ഞു കിടക്കുന്നത് അവരെ ദുരിതത്തിലാക്കുന്നുണ്ട്. പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സിപ്രാസിന്റെ ഉദ്ദേശ്യശുദ്ധിയെ അവര്‍ പിന്തുണക്കുന്നുമുണ്ട്. പക്ഷേ ഇ യുവിനോട് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നില്ലേ എന്ന് അവര്‍ ചോദിക്കുന്നു. ഹിതപരിശോധനാ തീരുമാനം തിരക്കിട്ടതായിപ്പോയെന്നും ചിലര്‍ പരാതിപ്പെടുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ പ്രയോഗങ്ങളാണ് റഫറണ്ടവും പ്ലബിസൈറ്റുമൊക്കെ. പക്ഷേ, അത് എവിടെയൊക്കെ പ്രയോഗിക്കാമെന്നത് പ്രധാനമാണ്. ഗ്രീസില്‍ ഇതിന് മുമ്പ് ഹിതപരിശോധന നടന്നത് 1974 ഡിസംബറിലാണ് . സൈനിക ഭരണകൂടം തകര്‍ന്ന സമയം. രാജഭരണം വേണോ റിപ്പബ്ലിക് ആകണോ എന്നായിരുന്നു ചോദ്യം. ജനം റിപ്പബ്ലിക് തിരഞ്ഞെടുത്തു. അന്ന് വ്യക്തമായ, അടരുകളില്ലാത്ത ചോദ്യമായിരുന്നു ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ ഹിതപരിശോധന നടന്നത് ബ്രിട്ടനിലാണല്ലോ. സ്‌കോട്‌ലാന്‍ഡ് യു കെയില്‍ നിന്ന് വിട്ടുപോകണോ ചേര്‍ന്നുനില്‍ക്കണോ എന്നായിരുന്നു ചോദ്യം. ഐക്യപക്ഷം വിജയിച്ചു. ഇന്ന് ഗ്രീസിന് മുന്നിലുള്ള ചോദ്യത്തിന് നിരവധി അടരുകളുണ്ട്. ഹിതപരിശോധനയില്‍ “യെസ്” പക്ഷം വിജയിച്ചാല്‍ രാജിവെക്കുമെന്ന് ധനമന്ത്രി യാനിസ് വരഫൗകിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ, സര്‍ക്കാര്‍ തന്നെ വീണേക്കാം. അങ്ങനെ നോക്കുമ്പോള്‍ അഞ്ച് മാസം മാത്രം പിന്നിട്ട സിപ്രാസ് സര്‍ക്കാര്‍ തുടരണമോ വേണ്ടയോ എന്ന ഹിതപരിശോധനയായി ഇത് മാറും.
ബ്ലാക്ക് മെയിലിംഗ് എന്ന് സിപ്രാസ് വെറുതെ പറയുന്നതല്ല. ഹിതപരിശോധനയില്‍ “നോ”പക്ഷം വിജയിച്ചാല്‍ അത് ഗ്രീസിന്റെ ആത്യന്തിക പതനമായിരിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ അധികാരികള്‍ പ്രചരിപ്പിക്കുന്നു. ഗ്രീസ് യൂറോസോണില്‍ തുടരണോ വേണ്ടയോ എന്ന ചോദ്യമാണ് ഹിതപരിശോധനയില്‍ ഉയരുന്നതെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു. ഇന്നത്തെ സാഹചര്യത്തില്‍ യൂറോയില്‍ നിന്ന് പുറത്ത് കടക്കുന്നത് ഗ്രീസിന് ഒരു തരത്തിലും ഗുണകരമായിരിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഗ്രീക്‌സിറ്റ് എന്ന് വിളിക്കുന്ന യൂനിയന്‍ വിട്ടുപോകല്‍ സംഭവിച്ചാല്‍ അത് യൂറോപ്യന്‍ യൂനിയന്റെ തന്നെ പതനത്തിലേക്ക് വഴിവെച്ചേക്കാം. അമേരിക്കയില്‍ ലേമാന്‍ ബ്രദേഴ്‌സ് തകര്‍ന്നതോടെ തുടങ്ങിയ ആഗോള മാന്ദ്യത്തിന്റെ പതിപ്പ് ആവര്‍ത്തിക്കാന്‍ അത് മതിയാകും. ഈ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നവര്‍ ഇന്നത്തെ ഹിതപരിശോധനയില്‍ “യെസ്” വോട്ട് തന്നെ ചെയ്‌തേക്കാം. അത് പക്ഷേ, ഐ എം എഫ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക്, യൂറോപ്യന്‍ കമ്മീഷന്‍ ത്രയത്തിന്റെ ശാഠ്യങ്ങള്‍ക്കുള്ള അംഗീകാരമായി വ്യാഖ്യാനിക്കാനാകില്ല. അതുപോലെ “നോ” വോട്ടാണ് വിജയിക്കുന്നതെങ്കില്‍ അത് യൂറോസോണില്‍ നിന്ന് പുറത്ത് കടക്കാനുള്ള വിധിയെഴുത്തായും കാണാനാകില്ല.
സംയുക്ത കറന്‍സി സംവിധാനത്തിലെ അംഗരാജ്യങ്ങള്‍ക്ക് താങ്ങായിരിക്കണമെന്ന പ്രഖ്യാപിത ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് തയ്യാറാകുമോയെന്നതാണ് യഥാര്‍ഥ ചോദ്യം. പ്രത്യയ ശാസ്ത്രപരമായ പകപോക്കലില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കേണ്ടിയിരിക്കുന്നു. അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍ വകവെച്ചു നല്‍കുന്ന ഫെഡറല്‍ സംവിധാനത്തിലേക്ക് ഇ യു ചുവട് മാറ്റുകയും വേണം. അതിന് തയ്യാറായില്ലെങ്കില്‍, ഇപ്പോഴത്തെ ഗ്രീസ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായുമെന്നുറപ്പാണ്. അത് റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ സഹായം സ്വീകരിക്കുന്നതില്‍ കലാശിച്ചേക്കാം.