Connect with us

Articles

പരാജയങ്ങള്‍ അനുഭവ പാഠങ്ങളാണ്

Published

|

Last Updated

വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് തോമസ് ആല്‍വ എഡിസനാണ്. ബള്‍ബ് കണ്ടുപിടിക്കാന്‍ എഡിസണ്‍ 10,000 പരീക്ഷണങ്ങള്‍ നടത്തി. 9999 പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. പതിനായിരം മണ്ടത്തരങ്ങള്‍ തികയ്ക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ, പതിനായിരാമത്തെ പരീക്ഷണത്തില്‍ എഡിസണ്‍ വിജയിച്ചു. ബള്‍ബ് കത്തി. ആ പരാജയങ്ങളെക്കുറിച്ച് എഡിസണ്‍ പറയുന്നത് അതെല്ലാം അനുഭവ പാഠങ്ങള്‍ എന്നാണ്. വൈദ്യുത ബള്‍ബ് തെളിക്കാന്‍ പറ്റാത്ത രീതികളുടെ കണ്ടുപിടിത്തം. അല്ലെങ്കില്‍ ബള്‍ബിന്റെ നിര്‍മാണത്തിന് അനുയോജ്യമല്ലാത്ത ചേരുവകളെ തിരിച്ചറിയുവാനുള്ള അവസരങ്ങള്‍. പരാജയം എന്നൊന്നില്ല. മറിച്ച് പരാജയങ്ങള്‍ അനുഭവപാഠങ്ങളാണ് എന്നാണ് എഡിസന്റെ അഭിപ്രായം. അത് ശരിയുമാണ്.
വിജയത്തേക്കാള്‍ പലപ്പോഴും നമ്മെ പാഠങ്ങള്‍ പഠിപ്പിക്കുന്നത് പരാജയങ്ങളാണ്. സാമൂഹ്യ മനഃശാസ്ത്രജ്ഞനായ ഡാനിയല്‍ ഐസണ്‍ബര്‍ഗ് പറയുന്നു: “”ഏതൊരു സമൂഹത്തിലും സംരംഭകത്വ (Entrepreneurship) ത്തിന്റെ സ്ഥിതി തീരുമാനിക്കുന്നത് ആ സമൂഹം പരാജയങ്ങളോട് കാണിക്കുന്ന മനോഭാവങ്ങളെ അടിസ്ഥാനമാക്കിയാണ്”. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും വിവര-സാങ്കേതിക വിദ്യാരംഗത്തെ ഇതിസാഹവുമായ ബില്‍ഗേറ്റ്‌സ് തന്റെ വളരെ പ്രശസ്തമായ “”ചിന്തയുടെ വേഗത്തില്‍ വ്യാപാരം” എന്ന പുസ്തകത്തില്‍ മൈക്രോസോഫ്റ്റ് എന്ന തന്റെ സ്ഥാപനം നേരിട്ട പരാജയങ്ങളും തെറ്റുകളും അക്കമിട്ടു പറയുകയും അതില്‍ നിന്നും അവര്‍ പഠിച്ച പാഠങ്ങള്‍ ആഹ്ലാദത്തോടുകൂടി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. പരാജയങ്ങളോട് ക്രിയാത്മക സമീപനമാണ് നാം പുലര്‍ത്തേണ്ടത്.
സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളിലെ പ്രൊഫസറായ ജെര്‍ക്കര്‍ ഡെന്റെല്‍ നടത്തിയ ഗവേഷണപഠനം പരാജയങ്ങളെക്കുറിച്ച് പഠിക്കാതെ വിജയങ്ങളെക്കുറിച്ചുമാത്രം പഠിക്കുന്നത് നമ്മെ തെറ്റായ ഒരു ദിശയിലേക്ക് നയിക്കും എന്ന് സ്ഥാപിക്കുന്നുണ്ട്. വിജയങ്ങളെ എന്നപോലെ പരാജയങ്ങള്‍ പഠനവിധേയമാക്കുമ്പോഴേ വിജയപദ്ധതികള്‍ കൂടുതല്‍ സമഗ്രമാകുകയുള്ളൂ. പരാജയങ്ങള്‍ കൂടുതല്‍ പഠിക്കുവാന്‍ മനുഷ്യനെ നിര്‍ബന്ധിതനാക്കും. അത് ജീവിതത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കും. വിജയിക്കുമ്പോള്‍ സുഖത്തിന്റെയും ആലസ്യത്തിന്റെയും തലത്തിലേക്ക് നീങ്ങും. അത് പിന്നീട് പരാജയങ്ങള്‍ സമ്മാനിക്കും. പരാജയങ്ങള്‍ പലപ്പോഴും തിരിച്ചറിവുകളാണ് സമ്മാനിക്കുന്നത്. പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടിക്ക് ഇങ്ങനെ പഠിച്ചാല്‍ തോറ്റുപോകുമെന്ന തിരിച്ചറിവ് ലഭിക്കുന്നു. എല്ലാ അനുഭവങ്ങളില്‍ നിന്നും എല്ലാ മനുഷ്യരില്‍ നിന്നും നമുക്ക് പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കും. വിജയങ്ങള്‍ പലപ്പോഴും നമ്മെ അഹങ്കാരികളാക്കി മാറ്റും. വിജയങ്ങള്‍ അതിരുകടന്ന ആത്മവിശ്വാസം സൃഷ്ടിക്കും. പക്ഷേ, പരാജയങ്ങള്‍ അതിരുകടക്കുന്ന ആത്മവിശ്വാസത്തെ മിതപ്പെടുത്തുന്നു. കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തി മുന്നേറാന്‍ പരാജയം വഴി സാധിക്കും.
പരാജയം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. മാറ്റങ്ങളെ ത്വരിതപ്പെടുത്തും. പരാജയങ്ങള്‍ നമ്മെ അബോധതലത്തില്‍നിന്ന് ബോധതലത്തിലേക്ക് കൊണ്ടുവരുന്നു. പുതിയ ദിശാബോധവും പരാജയം നമുക്ക് സമ്മാനിക്കുന്നു. പരാജയങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുവാന്‍ പ്രചോദനം നല്‍കുന്നുണ്ട്. തിരിച്ചടികളും പരാജയങ്ങളും സംഭവിക്കുമ്പോള്‍ തളരുന്നവരുണ്ട്. പക്ഷേ, അവയില്‍ നിന്ന് വമ്പിച്ച ഉര്‍ജം നേടി ശക്തമായി തിരിച്ചുവരുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നവരും സൃഷ്ടിച്ചവരും. വിജയിക്കുമ്പോള്‍ മറ്റുള്ളവര്‍ നമ്മെ അറിയും. പരാജയപ്പെടുമ്പോള്‍ നാം നമ്മെത്തന്നെ തിരിച്ചറിയും. പരാജയങ്ങള്‍ സംഭവിക്കുമ്പോഴാണ് നമ്മള്‍ ഉള്ളിലേക്ക് നോക്കാറുള്ളത്. പുറത്തേക്ക് നോക്കുമ്പോള്‍ കിട്ടുന്ന അറിവിനേക്കാള്‍ മഹത്തരമാണ് അകത്തേക്ക് നോക്കുമ്പോള്‍ കിട്ടുന്ന അറിവ്.
ഇരുട്ടായ രാത്രികളാണ് പകലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതുപോലെ പരാജയങ്ങള്‍ വിജയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും മൂല്യവും തരുന്നുണ്ട്. പരാജയപ്പെടുമ്പോള്‍ നമുക്ക് യഥാര്‍ഥ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ സാധിക്കും. വിജയത്തില്‍ നമ്മോടൊപ്പം ചുറ്റിപ്പറ്റി നിന്നവര്‍ പരാജയപ്പെടുമ്പോള്‍ ഓടിയകലും.
പരാജയത്തിലും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍. ബന്ധങ്ങളുടെ ആഴം തിരിച്ചറിയാന്‍ പരാജയം വഴിയൊരുക്കുന്നുണ്ട്. പരാജയം പഠനവിധേയമാക്കുമ്പോള്‍ വന്നു സംഭവിച്ചിട്ടുള്ള കുറവുകള്‍, തെറ്റായ പെരുമാറ്റങ്ങള്‍, ചിന്താപദ്ധതിയിലെ അപാകങ്ങള്‍ എന്നിവ ബോധ്യമാകും. അവ പരിഹരിച്ച് കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ വിജയത്തിലേക്ക് കുതിക്കുവാന്‍ പരാജയം നമ്മെ സഹായിക്കുന്നു. പരാജയം അബദ്ധമോ പാപമോ അല്ല. പരാജയം വിജയത്തിന്റെ ചവിട്ടുപടികള്‍ തന്നെയാണ്. (9847034600).

---- facebook comment plugin here -----

Latest