Connect with us

Wayanad

മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം ജൂലൈ 12ന്; ആഘോഷമാക്കാന്‍ വയനാട് ഒരുങ്ങി

Published

|

Last Updated

കല്‍പ്പറ്റ: എം കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം ജൂലൈ 12 ന് വൈകീട്ട് 4.30 ന് എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, പട്ടികവര്‍ഗ്ഗ യുവജനക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശിലാസ്ഥാപനം വന്‍ ആഘോഷമാക്കാന്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഭാവിയിലുണ്ടാകാവുന്ന ആവശ്യങ്ങളും പരിമിതികളും മുന്നില്‍ കണ്ടുളള സമഗ്ര പദ്ധതിയാണ് മെഡിക്കല്‍ കോളേജിനായി നടപ്പാക്കുകയെന്ന് എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ രീതിയില്‍ ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതിന് 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 ഏക്കര്‍ സ്ഥലത്ത് പരിസ്ഥിതി സൗഹൃദമായ രീതിയിലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. മഴവെളളം സംഭരിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. സൗരോര്‍ജ്ജവും പരമാവധി പ്രയോജനപ്പെടുത്തും.
ആദ്യഘട്ടത്തില്‍ 300 കിടക്കകളുളള ആശുപത്രിയാണ് പ്രവര്‍ത്തനമാരംഭിക്കുക. രണ്ടര വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാകും.
200 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തില്‍ പി.ജി പഠനത്തിനുളള സൗകര്യങ്ങളും മൂന്നാംഘട്ടത്തില്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡമനുസരിച്ച് മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ ഭൂമിയും 20 ശതമാനം ജീവനക്കാര്‍ക്ക് താമസിക്കാനുളള സൗകര്യവുമാണ് വേണ്ടതെങ്കില്‍ വയനാട് മെഡിക്കല്‍ കോളേജിന് 50 ഏക്കര്‍ ഭൂമിയും 80 ശതമാനം ജീവനക്കാര്‍ക്ക് താമസിക്കാനുളള സൗകര്യവുമുണ്ടാകും.
കോണ്‍ക്രീറ്റിന് പകരം സ്റ്റീല്‍ ഉപയോഗിച്ചുളള നിര്‍മ്മാണമാണ് പരിഗണിക്കുന്നത്. ഇതിനാവശ്യമായ സാങ്കേതിക വിദ്യയും വിദഗ്ദ്ധരേയും ലഭ്യമാക്കുന്നതിനുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയും അക്കാഡമിക് വിഭാഗവും തമ്മില്‍ വേര്‍തിരിക്കുന്നത്‌കൊണ്ട് രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രയാസമുണ്ടാവില്ല.
മെഡിക്കല്‍ കോളേജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് മനോഹരമായ നാല് വരിപ്പാതയാക്കും. പ്രവേശന കവാടത്തിനടുത്ത് മെയിന്‍ റോഡില്‍ നിന്ന് മാറി വാഹന പാര്‍ക്കിങ്ങിനുളള സൗകര്യവും ബസ്‌ബേയുമുണ്ടാകും.
കുരങ്ങ് പനി, ക്യാന്‍സര്‍, അരിവാള്‍ രോഗം തുടങ്ങിവയ്ക്ക് പ്രതേ്യക ചികിത്സാ വിഭാഗവും ഗവേഷണ സൗകര്യങ്ങളുമുണ്ടാകും. ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ സര്‍വ്വകലാശാലകളുമായും ധാരണയിലെത്തി കൂടുതല്‍ ഗവേഷണ- ചികിത്സാ സൗകര്യങ്ങളൊരുക്കും.
പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്‌ക്കരണത്തിനും ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അത്യാധുനിക ചികിത്സ ലഭിക്കുന്നതിന് മെഡിക്കല്‍ കോളേജ് സഹായമാകും. നിലവില്‍ സമീപ ജില്ലകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ചുരത്തിലെ ഗതാഗത തടസ്സങ്ങളും മറ്റും കാരണം അത്യാസന്ന നിലയിലായവര്‍ക്ക്‌പോലും യഥാസമയം ചികിത്സ ലഭിക്കുന്നില്ല. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥമാകുന്നതോടെ പതിറ്റാണ്ടുകളായ കാത്തിരിപ്പിന് വിരാമമാകും. ഭൂമിയേറ്റടുക്കലുള്‍പ്പെടെയുളള കാര്യങ്ങള്‍ വേഗത്തിലാക്കി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകുന്നതോടെ പതിറ്റാണ്ടുകളായ കാത്തിരിപ്പിന് വിരാമമാകും. ഭൂമിയേറ്റടുക്കലുള്‍പ്പെടെയുളള കാര്യങ്ങള്‍ വേഗത്തിലാക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് പരിശ്രമിച്ച ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ എം. വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അഭിനന്ദിച്ചു.
പ്രവൃത്തി ഉദ്ഘാടനം നടക്കുന്ന എസ്.കെ എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 10000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് ജില്ല ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധം ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ഉദേ്യാഗസ്ഥരും ജനപ്രതിനിധികളും. ജില്ലയുടെ വിവിധഭാഗങ്ങളില്‍ കമാനങ്ങളും തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കും. യുവജന-സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, നഗരസഭാ ചെര്‍മാന്‍ പി.പി ആലി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അനില്‍കുമാര്‍ , ഹാഡ ചെയര്‍മാന്‍ എന്‍.ഡി അപ്പച്ചന്‍, എ.ഡി.എം പി.വി ഗംഗാധരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവയര്‍ പങ്കെടുത്തു.