Connect with us

National

യു എന്നില്‍ ഇസ്‌റാഈലിനെതിരെ വോട്ട് ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചു

Published

|

Last Updated

ജനീവ: ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ആദ്യമായി ഇന്ത്യ വിട്ടുനിന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ അക്കമിട്ടുനിരത്തുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
41 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. പക്ഷപാതപരമായ റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു എസ് എതിര്‍ത്തത്. ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കെനിയ, എത്യോപ്യ, പരാഗ്വേ, മാസിഡോണിയ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തെ ഇസ്‌റാഈല്‍ അപലപിച്ചു.
എന്നാല്‍, ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ കൈക്കൊണ്ട നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ജനീവയിലെ യു എന്‍ ഓഫീസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അജിത് കുമാര്‍ (ഐ സി സി) പറഞ്ഞു. ഇന്ത്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഭാഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേയത്തില്‍ ഐ സി സിയുടെ കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നും ഐ സി സി സ്ഥാപിക്കുന്നതിനുള്ള റോം ഉടമ്പടിയില്‍ ഇന്ത്യ ഒപ്പ് വെച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. സിറിയ, ഉത്തര കൊറിയ വിഷയങ്ങളില്‍ മനുഷ്യാവകാശ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍ നിന്ന് ഇതേ കാരണത്താല്‍ ഇന്ത്യ വിട്ടുനിന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനെ ആദ്യമായി ഔദ്യോഗികമായി അംഗീകരിച്ച അറബ് ഇതര രാജ്യമാണ് ഇന്ത്യ. 1988ലാണ് ഫലസ്തീനെ ഇന്ത്യ അംഗീകരിച്ചത്.
യു എന്നില്‍ ഇന്ത്യ എടുത്ത തീരുമാനത്തെ ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ വാഴ്ത്തി. യു എന്നില്‍ ഇസ്‌റാഈലിനെതിരായ പ്രമേയങ്ങളെ അനുകൂലിച്ചുകൊണ്ടാണ് സാധാരണ ഇന്ത്യ വോട്ട് രേഖപ്പെടുത്താറുള്ളത്. എന്നാല്‍, വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ സൂചനയാണെന്ന് ഇസ്‌റാഈലിലെ പ്രമുഖ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മക്‌ഗോവന്‍ ഡേവിസ് അധ്യക്ഷനായ കമ്മീഷനാണ് കഴിഞ്ഞ വര്‍ഷം ഗാസയില്‍ ഉള്‍പ്പെടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം അമ്പത് ദിവസം നീണ്ടുനിന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ 1,462 ഫലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 11,231 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ഇസ്‌റാഈല്‍ പൗരന്മാരും കൊല്ലപ്പെട്ടിട്ടുരുന്നു.

Latest