Connect with us

Kerala

നീതി ലഭ്യമാകാതെ പലക്കാട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍

Published

|

Last Updated

പാലക്കാട്: ജില്ലയിലെ മുതലമടയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മാന്തോപ്പുകളില്‍ മരിച്ചുജീവിക്കുന്ന ഇരകള്‍ക്ക് ഇനിയും നീതി ലഭിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ പകുതിയിലേറെപ്പേരും മരണത്തിന് കീഴടങ്ങിയിട്ടും ഇവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സാചെലവും ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെറും പ്രഖ്യാപനത്തില്‍മാത്രം ഒതുങ്ങിയിരിക്കുകയാണ്.
2010ല്‍ സംസ്ഥാന ആരോഗ്യവകുപ്പ് മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് വെളിച്ചം കാണുക പോലും ചെയ്തില്ല. ഇതിനിടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞ മാസം പാലക്കാട് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇരകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ഇവരും പറയുന്നത്. 2010ലാണ് ആരോഗ്യവകുപ്പ് പഠന റിപ്പോര്‍ട്ടിന്റെ മുന്നോടിയായി മുതലമടയില്‍ സര്‍വേ നടത്തിയത്.
ആരോഗ്യവകുപ്പിന്റെ എന്‍ഡോസള്‍ഫാന്‍ സര്‍വേക്ക് ശേഷവും മുതലമടയിലെ കുട്ടികളില്‍ നിരവധി ജനിതക വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുതലമട എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ കണക്കുപ്രകാരം മാന്തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ വിഷത്തിന് ഇരയായി മുതലമട, നെല്ലിയാമ്പതി, ഒഴലപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലായി നൂറിലേറെ പേര്‍ ദുരിതമനുഭവിക്കുന്നുണ്ട്. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണക്കെടുപ്പ് നടന്നപ്പോള്‍ മുതലമടയിലെ ഇരകളെ കണക്കില്‍ ചേര്‍ത്തിരുന്നില്ല. ഇതിനെതിരെ 2011ല്‍ സമരസമിതി മുഖ്യമന്ത്രിയെ സമീപിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണക്കില്‍ മുതലമടയിലെ ഇരകളെയും ചേര്‍ക്കാമെന്ന് മുഖ്യമന്ത്രി അന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. 27 ഇരകള്‍ക്ക് 1000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് മാത്രമാണ് സര്‍ക്കാറിന്റെ ആകെയുള്ള നടപടി. മാന്തോട്ടങ്ങളില്‍ ഇപ്പോഴും പല പേരുകളില്‍ കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇതിനെതിരെയും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചികിത്സക്ക് എന്തെങ്കിലും സഹായം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവന്‍ പോലും അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അപകടത്തിലാവും.
മുതലമടയില്‍ ഒന്നരവര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ഇരയായി മരിച്ച കൃഷ്ണപ്രിയ ചിറ്റൂര്‍ സ്വദേശിയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി പ്രവര്‍ത്തകനുമായ കൃഷ്ണന്റെ മകളാണ്. മുതലമടയിലെ മാന്തോപ്പുകളില്‍ തെളിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തത്തിന്റെ പ്രതീകമായി വാര്‍ത്തകളില്‍ നിറഞ്ഞ നിന്നിരുന്ന ഒമ്പതുവയസ്സുകാരി ഒരു വര്‍ഷം മുമ്പ് കാരണമെന്തെന്ന് ഡോക്ടര്‍മാര്‍ക്കുപോലും തിരിച്ചറിയാത്ത രോഗം ബാധിച്ചാണ് മരിച്ചത്. ആട്ടയാമ്പതി കോളനിയിലെ ശരണ്യ, ഭുവനേശ്വരി, ഹരിദാസ് തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ ഇരകളും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മരിച്ചിട്ടുണ്ട്. ചെമ്മണാംപതിയിലെ മൂന്നുവയസ്സുകാരി തിലകരത്‌നം, നരിപ്പാരിച്ചള്ളയിലെ സുബ്രഹ്മണ്യന്‍, ചപ്പക്കാട്ടെ മുരുകന്‍, ആട്ടയാംപതിയിലെ നാഗമ്മ എന്നിവരും ദുരിതമനുഭവിച്ച് സര്‍ക്കാറിന്റെ സഹായം ലഭിക്കാതെ മരിച്ച എന്‍ഡോസള്‍ഫാന്‍ ഇരകളാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി 2010ന് ശേഷം 19 പേരാണ് മുതലമടയില്‍ മരിച്ചത്. ആട്ടയാമ്പതിയിലെ ശക്തിവേല്‍, ചെമ്മണാംപതിയിലെ ജയചന്ദ്രന്‍, മഞ്ജു, ഇരട്ടകളായ ആതിര, അഞ്ജിത, സഞ്ജു, ബംഗല്‍മേടിലെ ശരണ്യ തുടങ്ങിയവരെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതരായി മരിച്ച് ജീവിക്കുകയാണ്. ഇത്തവണ ജനസമ്പര്‍ക്ക പരിപാടിക്ക് മുമ്പ് മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. 2010ല്‍ ആരോഗ്യവകുപ്പ് മുതലമടയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സര്‍വേ നടത്തി വിദഗ്ധ സമിതിയുടെ പഠനത്തിന് വിട്ടിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം ഏറ്റെടുത്ത ഈ പഠനമോ ഇതിന്റെ റിപ്പോര്‍ട്ടോ ഇനിയും സര്‍ക്കാറിന് മുന്നില്‍ എത്തിയിട്ടില്ല. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ 24 വാര്‍ഡുകളിലായി ജീവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രത്യേക ആശുപത്രി പണിയുമെന്നും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

Latest