Connect with us

Religion

അഹങ്കാരപ്പടയുടെ പതനം

Published

|

Last Updated

ഇസ്‌ലാം എന്നാല്‍ സമാധാനം. മുസ്‌ലിം എന്നാല്‍ സമാധാനി. മുസ്‌ലിമിന്റെ അഭിവാദ്യം “അസ്സലാമു അലൈക്കും” നിങ്ങള്‍ക്ക് സമാധാനം വരട്ടെ- നിസ്‌കാര ശേഷമുള്ള പ്രാര്‍ഥന. “ഹയ്യിനാറബ്ബ നാബിസ്സലാം- സമാധാനപരമായ ജീവിതം നല്‍കണേ നാഥാ- ഇങ്ങനെ ശാന്തിയും സമാധാനവും പുലര്‍ന്നു കാണാന്‍ പ്രാര്‍ഥിച്ചും പ്രവര്‍ത്തിച്ചും നിലകൊണ്ട പ്രവാചകരെയും അനുയായികളെയും മക്കയിലെ എതിരാളികള്‍ നിരന്തരം പീഡിപ്പിച്ചു. സുമയ്യാബീവി(റ) എന്ന പാവം പെണ്ണിനെ ഇരുമ്പു ദണ്ഡുകൊണ്ട് കുത്തിക്കൊന്നത് കഠിനശത്രു അബൂജഹ്ല്‍. അമ്മാര്‍, യാസര്‍ ബിലാല്‍, തുടങ്ങിയ അടിമകള്‍ മുതല്‍, അബൂബക്കര്‍ സിദ്ദീഖ്(റ), ഉസ്മാനുബ്‌നു അഫാന്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ് അടക്കമുള്ള ഉന്നതരും കൊടിയ അക്രമങ്ങള്‍ക്കിരയായി. മുത്ത്‌നബിയേയും കുടുംബത്തേയും മൂന്ന് വര്‍ഷം ഒരു മണി ഗോതമ്പ് പോലും വിലകൊടുത്തു വാങ്ങാന്‍ വരെ അനുവദിച്ചില്ല. പട്ടിണി കിടന്ന പ്രിയതമ ഖദീജ (റ) രോഗിയായി മരണപ്പെട്ടു. പലരും കടല്‍ കടന്നു എത്യോപ്യയിലേക്ക് പാലായനം ചെയ്തു.
ഒടുവില്‍ വാളുമായി വീടു വളഞ്ഞപ്പോള്‍ മൂത്ത് റസൂലും മക്കവിട്ട് മദീനയിലേക്ക് പലായനം ചെയ്ത് ഒരു വിധം രക്ഷപ്പെട്ടു. മദീനക്കാര്‍ കൈമെയ് മറന്നു സഹായിച്ചു. വിശ്വാസികളെല്ലാം മദീനയിലേക്ക് അഭയം തേടി ഒഴുകി. അഭയാര്‍ഥികളെ സഹായിച്ച മദീനാ നിവാസികള്‍ക്ക് “അല്‍അന്‍സ്വാര്‍” – സഹായികള്‍ – എന്ന് നബി (സ) പേരിട്ടു. മക്കയിലെ ശത്രുക്കള്‍ അടങ്ങിയില്ല. മക്കവിട്ട മുസ്‌ലിംകളുടെ സ്വത്ത് എടുത്ത് കച്ചവടം ചെയ്യുവാനും അതിന്റെ ലാഭം കൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം യുദ്ധം തുടങ്ങാനും അവര്‍ തീരുമാനിച്ചു. ഇതിനായുള്ള കച്ചവട സംഘം മദീന വഴി സിറിയയിലേക്ക് പുറപ്പെട്ട വിവരം നബി (സ) അറിഞ്ഞു. നബി (സ) ഒരു തീരുമാനമെടുത്തു. നമ്മുടെ സമ്പത്ത് കൊണ്ട് നമുക്കെതിരെ യുദ്ധം ചെയ്യുക, അതിനായുള്ള കച്ചവടത്തിന് നമ്മുടെ നാട്ടിലൂടെ കടന്നു പോവുക. ഇതിനെ പ്രതിരോധിച്ചില്ലെങ്കില്‍ വന്‍ അപകടം സംഭവിക്കും. നബി (സ) 313 നിരായുധരെയുമായി ഖുറൈശി കച്ചവട സംഘം പോകാന്‍ സാധ്യതയുള്ള വഴിയിലേക്ക് നടന്നു. വിവരമറിഞ്ഞ കച്ചവടത്തലവന്‍ അബൂസുഫ്‌യാന്‍ ബീച്ച് വഴി മക്കയിലേക്ക് രക്ഷപ്പെട്ടു. അപ്പോഴേക്കും അബുജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം പേരടങ്ങുന്ന ഒരു സൈന്യം മദീനയിലേക്ക് മാര്‍ച്ച് ചെയ്യാനൊരുങ്ങിയിരുന്നു. അബൂസുഫ്‌വാന്‍ പറഞ്ഞു. “”വേണ്ട ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ല. നമ്മള്‍ ഒരു യുദ്ധത്തിനായി പുറപ്പെടേണ്ടതില്ല””. പക്ഷേ അഹങ്കാരത്തിന്റെ ആള്‍രൂപമായിരുന്ന അബൂജഹ്ല്‍ പറഞ്ഞു. “” ഇല്ല ഇനി പിന്നോട്ടില്ല. ബദ്ര്‍വരെ ഇവരെ ഞാന്‍ നയിക്കും. മൂന്ന് ദിവസം അവിടെ തങ്ങും. നൂറ് കണക്കിന് ഒട്ടകങ്ങളെ അറുത്തു ഭക്ഷണം വിളമ്പും. മദ്യം ഒഴുക്കും, ഗായികമാര്‍ പാട്ടുപാടി നൃത്തം വെക്കും. യോദ്ധാക്കള്‍ ആയുധ പ്രദര്‍ശനം നടത്തി വെല്ലുവിളിക്കും. അടുത്ത കാലത്തൊന്നും ഇനി ഖുറൈശികളോട് യുദ്ധത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും അറബ് സമൂഹത്തില്‍ ആരുമുണ്ടാവില്ല”. അബൂജഹ്ല്‍ അഹങ്കാരത്തിന്റെ പടുകൂറ്റന്‍ മനക്കോട്ട കെട്ടി. പറഞ്ഞതുപോലെ ബദ്‌റിലെത്തി. പ്രതീക്ഷക്കു വിരുദ്ധമായി അബൂജഹ്ല്‍, ഉത്ബ, ശൈബ, വലീദ് അടക്കം എഴുപത് നേതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അത്രതന്നെ പേര്‍ തടവിലാക്കപ്പെട്ടു. അഹങ്കാരികള്‍ക്ക് അന്ത്യനാള്‍ വരെ പാഠമാകും വിധം നിരായുധരും പട്ടിണിപ്പാവങ്ങളുമായ മൂന്നൂറ്റി പതിമൂന്നു പേര്‍ വീര ചരിതം രചിച്ചു. ബദ്ര്‍ സത്യത്തിന്റെ വിജയമായിരുന്നു. അഹങ്കാരത്തിന്റെ പതനവും.
സന്ദിഗ്ദ ഘട്ടത്തില്‍ ത്യാഗത്തിനു തയ്യാറായ ബദ്‌രീങ്ങളെ വിശ്വാസികള്‍ക്ക് മറക്കാനാകില്ല. എന്നും അവരെ അനുസ്മരിക്കും. അവര്‍ക്കായി പ്രാര്‍ഥിക്കും. അവരുടെ പേരില്‍ ദാന ധര്‍മങ്ങള്‍ നല്‍കും. റമസാന്‍ 17 ബദ്ര്‍ ദിനമായി ഓര്‍മ പുതുക്കും. അല്ലാഹുവിന്റെ (അനുഗ്രഹം ലഭിച്ച) ദിനങ്ങളെ നിങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക”” എന്ന ഖുര്‍ആന്‍ വാക്യം ഇതാണ് നമ്മെ പഠിപ്പിക്കുന്നത്.