Connect with us

Gulf

പസഫിക്കിന് കുറുകെ 8,171 കി.മി താണ്ടി സോളാര്‍ ഇംപള്‍സ് വിമാനം ഹവായില്‍ ഇറങ്ങി

Published

|

Last Updated

അബുദാബി: അഞ്ചു പകലും അഞ്ചു രാത്രിയും നിര്‍ത്താതെയുള്ള യാത്രക്കു ശേഷം സോളാര്‍ ഇംപള്‍സ് വിമാനം ഹവായില്‍ ഇറങ്ങി. പസഫിക് മഹാസമുദ്രം കുറുകെ കടക്കാന്‍ 8, 171 കി. മീറ്ററായിരുന്നു താണ്ടേണ്ടത്. സൗരോര്‍ജംമാത്രം ഉപയോഗിച്ച വിമാനം ഈ ദൂരം മറികടന്നത് ചരിത്രമായി. ജപ്പാനില്‍നിന്നായിരുന്നു യാത്ര.
സോളാര്‍ ഇംപള്‍സ് രണ്ടിന്റെ ഈ യാത്ര സൗരോര്‍ജ വിമാനയാത്രയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതായി. പരമ്പരാഗത ഇന്ധനം ഒരു തുള്ളിപോലുമില്ലാതെ യു എ ഇ സമയം രാത്രി എട്ടോടെയായിരുന്നു ഈ ചരിത്രയാത്ര ഹവായില്‍ അവസാനിപ്പിച്ചത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സോളാര്‍ ഇംപള്‍സ് വിമാനത്തിന്റെ യാത്രകളെല്ലാം. സൗരോര്‍ജ വിമാനമെന്ന ആശയം നിര്‍മാതാക്കളും പൈലറ്റുമാരായ ആന്‍ഡ്രെ ബോഷ്ബര്‍ഗിനും ബര്‍ട്രാന്റ് പിക്കാഡിനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ പത്തു വര്‍ഷത്തോളമെടുത്തു. നൂറ്റിയമ്പതോളം അംഗങ്ങളാണ് സോളാര്‍ ഇംപള്‍സിന്റെ നിര്‍മാണഘട്ടങ്ങളിലെല്ലാം കൂടെനിന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മൊട്ടിട്ട സോളാര്‍ ഇംപള്‍സ് എന്ന ആശയത്തിന്റെ പൂര്‍ണ ആവിഷ്‌കാരം അബുദാബിയിലാണ് നടന്നത്. അബുദാബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമനത്താവളത്തില്‍നിന്ന് മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സിന്റെ ലോക യാത്രയ്ക്ക് തുടക്കമാവുന്നത്.
കൃത്യമായ പദ്ധതികളോടെ ലോകയാത്രക്ക് തുടക്കം കുറിച്ച സോളാര്‍ ഇംപള്‍സിന്റെ ആദ്യഘട്ടം കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ചൈനയില്‍ നിന്ന് പസഫിക്കിന് കുറുകെ അമേരിക്കയിലേക്ക് യാത്രതിരിച്ച സോളാര്‍ ഇംപള്‍സിന് കാലാവസ്ഥയിലുണ്ടായ വെല്ലുവിളികള്‍ പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് വിമാനത്തിന് അപ്രതീക്ഷിതമായി ജപ്പാനില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നു. ആശങ്കാജനകമായ ദിവസങ്ങളായിരുന്നു പിന്നീട്. മഞ്ഞും തണുപ്പും കാറ്റുമുള്ള കാലാവസ്ഥ തുടര്‍ന്നതിനാല്‍ കൂടുതല്‍ ദിവസം വിമാനത്തിന് ജപ്പാനിലെ നഗോയ കേന്ദ്രത്തില്‍ പറക്കാന്‍ സാധിക്കാതെ കിടക്കേണ്ടിയും വന്നു. സോളാര്‍ ഇംപള്‍സിന്റെ ലോകയാത്രയെന്ന സ്വപ്‌നം ഒരു വര്‍ഷത്തോളം മാറ്റിവെയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കപോലും പൈലറ്റുമാരായ ബോഷ്ബര്‍ഗും പിക്കാഡും പങ്കുെവച്ചിരുന്നു.

---- facebook comment plugin here -----

Latest