Connect with us

Kasargod

ബേഡകം വിഭാഗീയത സങ്കീര്‍ണമാകുന്നു; ഔദ്യോഗിക പക്ഷവും വിമതപക്ഷവും ബലാബലത്തില്‍

Published

|

Last Updated

കാസര്‍കോട്: കുറ്റിക്കോല്‍ നെരൂദ വായനശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍നിന്നും അനുവദിച്ച പണം തിരിച്ചെടുത്ത നടപടിയെച്ചൊല്ലി ബേഡകം സി പി എമ്മില്‍ വീണ്ടും ഉടലെടുത്ത വിഭാഗീയ പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുന്നു. ഔദ്യോഗിക പക്ഷവും വിമതപക്ഷവും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാത്തത് പ്രശ്‌ന പരിഹാരം ഇനിയും ഉണ്ടാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലെ വിമതപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നെരൂദ വായനശാലക്ക് ഉദുമ എം എല്‍ എ. കെ കുഞ്ഞിരാമന്റെ ഫണ്ടില്‍നിന്നും അനുവദിച്ച തുക തിരിച്ചെടുത്തതിനു പിന്നില്‍ പാര്‍ട്ടിയുടെ ബേഡകം ഏരിയാ നേതൃത്വമാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് ഏരിയാ സെക്രട്ടറിയെ പേരെടുത്തുപറയാതെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പത്രക്കുറിപ്പുകളും ലഘുലേഖകളും വിമതപക്ഷം ഇറക്കിയിരുന്നു. അക്ഷരവിരോധികളായ ചില നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് എം എല്‍ എഫണ്ടിലെ പണം തിരിച്ചുപിടിച്ചതിനു പിന്നിലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
എന്നാല്‍ ഏരിയാ നേതൃത്വത്തെ പിന്തുണച്ചും വിമതപക്ഷത്തെ കുറ്റപ്പെടുത്തിയും സി പി എം ജില്ലാ കമ്മിറ്റി പിന്നീട് ഇറക്കിയ പത്രക്കുറിപ്പ് ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരിനു മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്.
നെരൂദ വായനശാലക്കു അനുവദിച്ച പണം തിരിച്ചെടുത്തത് ശരിയായ നടപടിയാണെന്ന രീതിയിലായിരുന്നു സി പി എം ജില്ലാ കമ്മിറ്റിയുടെ പ്രതികരണം. ഇത് തങ്ങളോടുള്ള വെല്ലുവിളിയായാണ് വിമത വിഭാഗം കാണുന്നത്. തിരിച്ചെടുത്ത പണം നെരൂദ വായനശാലക്ക് നല്‍കിയില്ലെങ്കില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകുമെന്നാണ് വിമതപക്ഷം വ്യക്തമാക്കുന്നത്. പണം തിരിച്ചെടുത്ത നടപടിക്കെതിരെ കുറ്റിക്കോലില്‍ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് അണിനിരന്നത്. ഫലത്തില്‍ ഇത് വിമതപക്ഷത്തിന്റെ ശക്തിപ്രകടനം കൂടിയായി മാറുകയായിരുന്നു.

Latest