Connect with us

Kasargod

നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച; വ്യാപാരികള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്

Published

|

Last Updated

കാഞ്ഞങ്ങാട്: നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച പതിവായതോടെ വ്യപാരികള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. നോമ്പുതുറ സമയങ്ങളിലും, വെള്ളിയാഴ്ച ജുമുഅ സമയങ്ങളിലും കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്നവരാണ് നഗരത്തിലിറങ്ങിയത്.
നേരത്തെ കാസര്‍കോട് നഗരത്തിലും മോഷ്ടാക്കള്‍ സജീവമായതോടെ പോലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാസര്‍കോടിന് പുറമെ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളിലും പകല്‍ മോഷ്ടാക്കള്‍ സജീവമായിരുന്നു. സിസിടിവി സ്ഥാപിച്ച സ്ഥലങ്ങളില്‍ പോലും ധൈര്യത്തോടെയാണ് ഇവര്‍ മോഷണം നടത്തുന്നത്.
വെള്ളിയാഴ്ച ദിനങ്ങളില്‍ കച്ചവടക്കാര്‍ സാധാരണ കടയുടെ ഷട്ടര്‍ പകുതി താഴ്ത്തിയാണ് പോകാറ്.ഈ അവസരം മോഷ്ടാക്കള്‍ മുതലെടുക്കുകയാണ്. കോട്ടച്ചേരിയിലെ രാജധാനി ജ്വല്ലറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികളുടെ കവര്‍ച്ച നടന്നത് ഒരു വെള്ളിയാഴ്ച ദിവസം സ്ഥാപനത്തിലെ ജീവനക്കാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു. ഈ സമയം രാജധാനി ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തുക മാത്രമാണ് ചെയ്തത്. ഇത് മുതലെടുത്ത് ജ്വല്ലറിയുടെ പിന്‍ഭാഗത്ത് തുരങ്കമുണ്ടാക്കി അകത്ത് കടന്നാണ് പണവും സ്വര്‍ണവും ഒരു സംഘം കൊള്ളയടിച്ചത്.
ഇപ്പോള്‍ നഗരത്തിലിറങ്ങിയിട്ടുള്ള മോഷ്ടാക്കള്‍ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Latest