Connect with us

Articles

ജി എസ് ടി; ഉപഭോക്തൃ സംസ്ഥാനങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും

Published

|

Last Updated

കേരളമുള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്ന ചരക്ക് സേവന നികുതി സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ജി എസ് ടിയിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന നിലവിലെ നികുതി സമ്പ്രദായത്തിലെ പോരായ്മകള്‍ക്കും നികുതി ഘടനയിലെ സങ്കീര്‍ണതകള്‍ക്കും ഒരളവ് വരെ പരിഹാരം കാണാനാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നികുതി സമ്പ്രദായം ഉത്പാദന സംസ്ഥാനങ്ങളേക്കാള്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന കാഴ്ചപ്പാടാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രതീക്ഷയുടെ ആണിക്കല്ല്. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിനാണ് കഴിഞ്ഞ ലോക്‌സഭാ സമ്മേളനം അനുമതി നല്‍കിയിരിക്കുന്നത്. പത്ത് മാസത്തിനകം നിയമഭേദഗതികള്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടി പദ്ധതി നടപ്പിലാക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി ലോക്‌സഭക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. രാജ്യത്താകെ ഏകീകൃത നികുതി ഘടന ലക്ഷ്യമിടുന്ന ജി എസ് ടി സമ്പ്രദായം നടപ്പാകുന്നതോടെ നിലവിലുള്ള 15ലധികം നികുതി തീരുവകളാണ് ഏകീകൃത സംവിധാനത്തിലേക്ക് വഴിമാറുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഏറെ നിയമ നടപടികള്‍ക്കും സങ്കീര്‍ണതകള്‍ക്കുമൊടുവില്‍ നിയമം നടപ്പിലാകാന്‍ പോകുന്നത്. തന്റെ ഭരണകാലത്ത് ജി എസ് ടി നടപ്പിലാക്കുന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് നേരത്തെ ധനകാര്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി പറഞ്ഞിരുന്നു. നിയമത്തിലെ സങ്കീര്‍ണതകള്‍ കാരണം അദ്ദേഹത്തിന് പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിലവില്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമുണ്ടായിരുന്ന ചരക്കിന്മേലും സേവനങ്ങളിന്മേലും നികുതി ചുമത്താനുള്ള അവകാശം ജി എസ് ടിയില്‍ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നതുള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായാണ് ജി എസ് ടിയുടെ വരവ്. ഇതുവഴി നിലവിലുള്ള നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി പുതുക്കി നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിശ്ചിത തോതില്‍ ഇതിന് സ്വയം നിര്‍ണയ സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. ജി എസ് ടിയില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ചുമത്തുന്ന കേന്ദ്ര എക്‌സൈസ് തീരുവ ഉള്‍പ്പെടെ 15 ഓളം നികുതി തീരുവകളാണ് ഓര്‍മയാകുന്നത്. ഉത്പന്നത്തിന്റെ വില്‍പ്പന നടക്കുമ്പോള്‍ ഉപഭോക്താവിന് മേല്‍ ചുമത്തുന്ന കേന്ദ്ര വില്‍പ്പന നികുതി, ഒരു ഉത്പന്നം സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന ഒക്ട്രോയ് എന്ന നികുതി, ആഡംബര വസ്തുക്കള്‍ക്ക് മേല്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി, സിനിമ, സീരിയല്‍ എന്നിവക്ക് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിനോദ നികുതി, ഒരു ഉത്പന്നത്തിന്റെ കൈമാറ്റം നടക്കുമ്പോള്‍ ഈടാക്കുന്ന മൂല്യ വര്‍ധിത നികുതി, കടപത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യുമ്പോള്‍ കേന്ദ്രം ചുമത്തുന്ന സെക്യൂരിറ്റി കൈമാറ്റ നികുതി (എസ് ടി ടി), മൂല്യവര്‍ധിത നികുതിയുടെ ആദ്യരൂപമായ സെന്‍വാറ്റ്, സേവനങ്ങള്‍ക്ക് ചുമത്തുന്ന നികുതി എന്നിവയാണ് പ്രധാനമായും ഇല്ലാതാകുന്ന നികുതികള്‍. എന്നാല്‍ ഇതോടൊപ്പം ലോട്ടറി, ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയവക്കുള്ള നികുതികളും, ഉത്പന്നങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന സെസ്സുകളും സര്‍ചാര്‍ജുകളും ഒഴിവാക്കപ്പെടുന്നുണ്ട്.
വന്‍കിട വാണിജ്യ വ്യവസായങ്ങളെ പോലെ തന്നെ ജി എസ് ടി ചെറുകിട വ്യവസായങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പത്ത് ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള വ്യവസായങ്ങള്‍ക്ക് പുതിയ സമ്പ്രദായത്തില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല. ഇതുള്‍പ്പെടെയുള്ള സമവായത്തിന്മേല്‍ ധാരണയായിട്ടുണ്ട്. ഇതു പ്രകാരം കേരളത്തില്‍ മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) പത്ത് ലക്ഷം വരെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. കേരളത്തിലെ ഈ പരിധിയാണ് രാജ്യവ്യാപകമായി ജി എസ് ടിയില്‍ പരിഗണിക്കുന്നത്. ഇതു വഴി പത്ത് ലക്ഷത്തില്‍ താഴെ മാത്രം വിറ്റുവരവുള്ളവര്‍ താത്പര്യമുണ്ടെങ്കില്‍ മാത്രം ജി എസ് ടിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. നേരത്തെ വാറ്റില്‍ രജിസ്റ്റര്‍ ചെയ്തവരെല്ലാം അടുത്ത ഏപ്രില്‍ മാസത്തോടെ സ്വാഭാവികമായും ജി എസി ടിയിലേക്ക് മാറും. കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി ഒറ്റ രജിസ്‌ട്രേഷന്‍ മതിയാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒപ്പം, വാര്‍ഷിക റിട്ടേണും ഒറ്റത്തണ സമര്‍പ്പിച്ചാല്‍ മതി.
അതേസമയം, സംസ്ഥാന സര്‍ക്കാറുകളുടെ നികുതി വരുമാനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളും, വിദേശ മദ്യവും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയത് കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് ചെറിയ തോതില്‍ തിരിച്ചടിയായേക്കും. എന്നാല്‍ ജി എസ് ടിയില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ പൂജ്യം ശതമാനമാണ് ഈടാക്കുക. അതിനാല്‍ സംസ്ഥാനങ്ങള്‍ നിലവില്‍ ഈടാക്കുന്ന നികുതികള്‍ ചുമത്തുന്നതിന് തടസ്സമുണ്ടാകാനിടയില്ല. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെ നിലനിര്‍ത്തി മദ്യത്തെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
ചരക്കുകളുടെ നികുതിഭാരം കുറയുന്നതിലൂടെ അവശ്യസാധനങ്ങളുടെ വില കുറയുമെന്നതുള്‍പ്പെടെ ഒട്ടേറെ പ്രതീക്ഷകളോടെയാണ് രാജ്യം ജി എസ് ടിയെ കത്തിരിക്കുന്നത്. ഒപ്പം കിയറ്റുമതിയിലെ വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്. ജി എസ് ടി പൂര്‍ണമായും നടപ്പാക്കുന്നതോടെ നികുതി വെട്ടിപ്പ് പൂര്‍ണമായും ഒഴിവാകുമെന്നതിനാല്‍ നികുതി വരുമാന നിരക്കിലും ഗണ്യമായ വര്‍ധനയുണ്ടാകും.
അതേസമയം, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിന് രാജ്യം സുസജ്ജമായോ എന്ന് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ പരിഷ്‌കാരം നടപ്പിലാക്കാന്‍ രാജ്യത്തെ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുമോ, പുതിയ നിയമത്തിന് കീഴില്‍ വരുമാന സ്ഥിരത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചോ, വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കുമപ്പുറം നികുതി ദായകരായ പൊതുജനങ്ങളുടെ താത്പര്യങ്ങള്‍ പരിഷ്‌കാരത്തില്‍ പരിഗണിച്ചിട്ടുണ്ടോ, നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. അതേസമയം പുതിയ നികുതി ഘടനയിലെ ചില പരിഷ്‌കാരങ്ങള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ വില്‍പ്പന നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ ഒരു സമിതി കവര്‍ന്നെടുക്കുന്നുവെന്ന യാഥാര്‍ഥ്യം ആരും ശ്രദ്ധിച്ചുകാണില്ല. നികുതിയുമായി ബന്ധപ്പെട്ട പല തര്‍ക്ക വിഷയങ്ങളിലും തീരുമാനമെടുക്കേണ്ടത് ഈ സമിതിയാകുമ്പോള്‍ അത് സംസ്ഥാന താത്പര്യങ്ങളെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാകാനിടയില്ല. ഇത് കേരളമുള്‍പ്പെടെയുള്ള വില്‍പ്പന നികുതി പ്രധാന വരുമാന സ്രോതസ്സായ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകും. ജി എസ് ടിയില്‍ സംസ്ഥാന താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടണമെങ്കില്‍ മുഴുവന്‍ വ്യാപാര ക്രയവിക്രയങ്ങളും, സേവനങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. കാര്യമായ രേഖകളിലൂടെ മാത്രമേ നികുതി നിര്‍ണയവും കൈമാറ്റങ്ങളും നടക്കാന്‍ പാടുള്ളൂ. എന്നാല്‍ നിലവിലെ ഉത്പന്ന സേവനങ്ങളുടെ വിതരണ സ്ഥലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന പരാതികള്‍ ഇതിനെ ശരിവെക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനം എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പരിഷ്‌കാരം ഗുണകരമാകില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
പരിഷ്‌കാരം പൊതുവെ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായതിനാല്‍ ഉത്പന്ന സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമത്തില്‍ കര്‍ശന നിര്‍ദേശങ്ങളുണ്ട്. അതേസമയം ജി എസ് ടി കേരളത്തെ വലിയ തോതില്‍ സഹായിക്കില്ലെന്നാണ് ജി ഐ ടി എഫിന്റെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സംസ്ഥാനം നേരിടുന്ന 15000 കോടിയുടെ ധനക്കമ്മിക്ക് പരിഹാരമാകാന്‍ ജി എസ് ടിക്ക് കഴിയില്ലെന്നാണ് ജി ഐ ടി എഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല പരിഷ്‌കാരം നടപ്പിലാകുമ്പോള്‍ കേവലം 10,00 കോടിയുടെ നികുതി വര്‍ധനയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് സംസ്ഥാന ബജറ്റില്‍ നല്‍കിയ ഇളവിലെ ഒരു ശതമാനം മാത്രമാണ്. എന്നിരിക്കെ ഈ വര്‍ധന ജി എസ് ടിയുടെ സഹായമില്ലെങ്കിലും കേരളത്തിന് നേടാനാകുമെന്ന് വ്യക്തമാണ്. നേരത്തെ 2005ല്‍ വാറ്റ് നടപ്പിലാക്കിയപ്പോഴും കേരളമുള്‍പ്പെെടയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയതാണ്. ഇതെല്ലാം അസ്ഥാനത്തായിരുന്നുവെന്നാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ലളിതവും സുന്ദരവുമായ നികുതിഘടനയാണ് വാറ്റെന്നും അത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നുമായിരുന്നു അന്നത്തെ പ്രചാരണം. നികുതിഭാരം കുറയുന്നതുമൂലം ഉത്പന്നങ്ങളുടെ വില കുറയുമെന്നും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ഉത്പന്ന വില കൂട്ടി വാറ്റിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഉത്പാദകര്‍ തട്ടിയെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പോലെ കര്‍ശന ബില്ലിംഗ് സംവിധാനം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കൊണ്ടുവരാനും കഴിഞ്ഞില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ജി എസ് ടിയെ ആരവത്തോടെ സ്വീകരിക്കുമ്പോള്‍ പഴയകാല അനുഭവങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
ഇതോടൊപ്പം പരിഷ്‌കാരം നടപ്പിലാക്കുമ്പോള്‍ ഇതിനെ മറികടക്കാനുള്ള പ്രവണത വര്‍ധിക്കുമെന്നതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളൊന്നും ധനകാര്യ വകുപ്പ് മുന്നോട്ട് വെച്ചതായി കാണുന്നില്ല. മാത്രമല്ല, പത്ത് മാസത്തിനിടെ നടപ്പാക്കുന്ന പരിഷ്‌കാരത്തിന് വകുപ്പുതല തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും കാര്യമായി മുന്നോട്ടുപോയിട്ടില്ല. ഒപ്പം പരിഷ്‌കാരം സുഗമമായി നടപ്പിലാക്കാന്‍ വ്യാപാരികളെയും വ്യവസായികളെയും ബോധവത്കരിക്കേണ്ടത് ആവശ്യമാണെന്നിരിക്കെ ഇതിനുള്ള നടപടികളും പുരോഗമിച്ചിട്ടില്ല. പരിഷ്‌കാരം നടപ്പിലാക്കാന്‍ ഇനി ബാക്കിനില്‍ക്കുന്ന ഒമ്പത് മാസത്തിനിടയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest