Connect with us

Articles

മരുന്നുചീട്ട് വായിക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കാണ് ചേതം?

Published

|

Last Updated

“മരുന്നിന് ചീട്ടെഴുതും പോലെ” എന്നൊരു പ്രയോഗം തന്നെയുണ്ട് ചില പ്രദേശങ്ങളില്‍. എന്നുവെച്ചാല്‍, മനുഷ്യര്‍ക്ക് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയില്ല എഴുത്ത് എന്ന് തെളിമലയാളം.
ഇംഗ്ലീഷ് മരുന്ന് ചീട്ട് വായിച്ചെടുക്കാന്‍ ഒരു വിധം ആളുകള്‍ക്കൊന്നും കഴിയില്ല. അതിന് സി ബി എസ് ഇ സ്‌കൂളില്‍ നിന്ന് കൂട്ടിയെഴുത്ത് പഠിച്ചിട്ടും കാര്യമില്ല. എന്തിന്, ഡോക്ടറുടെ സമീപത്തുനിന്ന് അല്‍പ്പം മാറിയുള്ള മെഡിക്കല്‍ ഷോപ്പില്‍ ചെന്നു നോക്കൂ. ഫാര്‍മസിസ്റ്റുകള്‍ കൈ മലര്‍ത്തും. ഡോക്ടറോട് ചോദിക്കണമെന്ന് പറയും. സമീപത്തുള്ളവരാണെങ്കില്‍ ഏറെക്കാലത്തെ പരിചയം കൊണ്ട് അവര്‍ എങ്ങനെയങ്കിലും വായിച്ചൊപ്പിക്കും.
ഏതാണിത് കാലം? തിരക്കല്ലേ എല്ലായിടത്തും? വായിച്ചെടുക്കാന്‍ കഴിയാത്തത് വെച്ച് “സമയം കളയാന്‍” ആരെങ്കിലും നില്‍ക്കുമോ? ആ മരുന്നില്ലെന്ന് പറയും. ഫാര്‍മസിസ്റ്റ് അടുത്തയാള്‍ക്ക് മരുന്ന് കൊടുക്കും. കഷ്ടപ്പെടുന്നത് മരുന്നിന് ചെന്ന രോഗി. അയാള്‍ അടുത്ത മരുന്നുകടയിലേക്ക് പായും.
ഇങ്ങനെ, വായിച്ചാല്‍ മനസ്സിലാകാത്ത തരത്തില്‍ എഴുതണമെന്നുണ്ടോ? എന്താണ് ഇങ്ങനെ എഴുതുന്നതിന്റെ ഉദ്ദേശ്യം? ജാട മാത്രമാണോ ഇങ്ങനെ കുത്തിവരച്ചിടാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്? അലോപ്പതി മരുന്ന് പോലെ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തില്‍ ഇത്ര ലാഘവത്തോടെ പെരുമാറുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതെന്തുകൊണ്ട്? ഇങ്ങനെ എഴുതാതിരുന്നാല്‍ എന്താണ് ചേതം?
കാര്യങ്ങള്‍ പരാമാവധി ദുരൂഹമാക്കി വെക്കുക എന്ന ഒരു തലം ഇതിലുണ്ടോ? സംശയിക്കാവുന്നതാണ്. ഫാര്‍മസിസ്റ്റിനും ഡോക്ടര്‍ക്കുമിടയിലെ ഒരു സീക്രട്ട്.
ഏതായാലും ഡോക്ടര്‍മാരുടെ കൈയക്ഷരം ഒരു സമസ്യയും ഒരു വിഷയവുമായി മാറിയിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷനില്‍ വിഷയമെത്തിയിട്ടുണ്ട്. കുറിപ്പ് വായിക്കാന്‍ കിട്ടാത്തത് ഫാര്‍മസിസ്റ്റുകളുടെ കഴിവുകേടെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ഐ എം എ പറയുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവരും ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ടെന്നും സംഘടന പറയുന്നു. കമ്മീഷനില്‍ ഐ എം എ കൊടുത്ത വിശദീകരണം ഇങ്ങനെയാണ്. ഇത് വിചിത്രമാണ്. സത്യത്തില്‍, അടിസ്ഥാന യോഗ്യതയില്ലാത്തതുകൊണ്ടാണ് ഡോക്ടര്‍മാര്‍ കുത്തിവരച്ചിടുന്നത് വായിക്കാന്‍ കിട്ടാത്തത് എന്ന് പറയാന്‍ ഒക്കുമോ? എന്നാല്‍, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കിട്ടുമോ ഇവ വായിക്കാന്‍? ഫാര്‍മസിസ്റ്റുകളെ പഴിചാരാന്‍ ഡോക്ടര്‍മാര്‍ എടുത്തുപയോഗിക്കുന്ന ആരോപണം തിരിച്ചും ഉന്നയിക്കാവുന്നതാണ്. മാത്രമല്ല, മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എഴുത്ത് എന്നത് ഫാര്‍മസിസ്റ്റുകളുടെ മാത്രം ആക്ഷേപമല്ല. എല്ലാവര്‍ക്കും അങ്ങനെ പരാതിയുണ്ട്.
ഐ എം എ പോലെ ഉത്തരവാദപ്പെട്ട ഒരു സംഘടന ഒരു വിഷയത്തെ സമീപിക്കേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യവും ഉന്നയിക്കപ്പെടാം. ഉന്നത ധാര്‍മിക മൂല്യങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയല്ലേ അത്?
എന്തിനാണിങ്ങനെ “വളച്ച്” എഴുതുകയും അതിന് വളഞ്ഞ ന്യായം പറയുകയും ചെയ്യുന്നത്? നല്ല ഇംഗ്ലീഷില്‍ എഴുതിയാല്‍ എന്ത് കള്ളിയാണ് പൊളിയാനുള്ളത്? ഏത് ആകാശമാണ് ഇടിഞ്ഞുവീഴാനുള്ളത്?
എന്നാല്‍, തിരിച്ചും ചില ഡോക്ടര്‍മാരുണ്ട്. ഏത് എല്‍ കെ ജിക്കാരനും വായിച്ചെടുക്കാം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്നിലധികം അസോസിയേറ്റ് പ്രൊഫസര്‍മാരുടെ എഴുത്തനുഭവം ഉദാഹരണം. നല്ല കഴിവും തിരക്കുമുള്ള ഡോക്ടര്‍മാര്‍. അവര്‍ മനുഷ്യര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണ് എഴുതുന്നത്. എന്നിട്ടെന്താണ് അവര്‍ക്ക് എന്തെങ്കിലും വല്ല കുറച്ചിലും പറ്റുന്നുണ്ടോ? ആത്മവിശ്വാസമുള്ള ഒരു ഡോക്ടര്‍ക്കും ഇത്തരം വളഞ്ഞ വഴി തേടേണ്ടതില്ല എന്ന് ഈ ഡോക്ടര്‍മാരുടെ കുറിപ്പുകള്‍ തന്നെ പറഞ്ഞുതരുന്നു.
മരുന്നും ഡോക്ടറും തമ്മിലുള്ള വലിയ തമാശകള്‍ ഇനിയുമുണ്ട്; ബുദ്ധിയുള്ളവര്‍ക്ക് വായിച്ചെടുക്കാന്‍. ഒരു ഡോക്ടര്‍ കുറിച്ചു തരുന്ന മരുന്നുകള്‍ അയാളുടെ സമീപത്തെ കടയിലേ കിട്ടുകയൂള്ളൂ മിക്കവാറും. ചിലപ്പോള്‍ ചിലതെല്ലാം കിട്ടും മറ്റിടത്ത് നിന്ന്. എല്ലാം കിട്ടണമെങ്കില്‍ അവിടെ തന്നെ വരണം.!!

---- facebook comment plugin here -----

Latest