Connect with us

National

വിദേശ ഗവേഷകരുടെവിസാ അപേക്ഷകളില്‍ ഇനി വിശദ പരിശോധന

Published

|

Last Updated

ന്യൂഡല്‍ഹി: മനുഷ്യാവകാശം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണത്തിനെത്തുന്ന വിദേശീയരായ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ വിസാ അപേക്ഷകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. ഈ പേരുകളിലെത്തി രാജ്യത്ത് തെറ്റായപ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം.
പ്രൊഫസര്‍മാര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ക്ക് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കപ്പെടുന്ന റിസര്‍ച്ച് വിസകള്‍ പല വിദേശികളും ദുരുപയോഗം ചെയ്തതായി അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇനി മുതല്‍ എല്ലാ റിസര്‍ച്ച് വിസകളും ശക്തമായ പരിശോധനകള്‍ക്ക് വിധേയമാക്കും. ഏത് വിഷയത്തിലാണ് ഗവേഷണം നടത്തുന്നത് എന്നത് സംബന്ധിച്ച് നേരത്തെ തന്നെ ചെറിയ വിശദീകരണം ഇവരില്‍ നിന്ന് വാങ്ങും. ഇങ്ങനെ നല്‍കുന്ന വിശദീകരണത്തില്‍ ഉചിതമായതും വിവാദപരമല്ലാത്തതും ഇന്ത്യക്ക് അനുഗുണമാകുന്നതുമായ ഗവേഷണമാണെങ്കില്‍ മാത്രമേ വിസ അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കാശ്മീരിലെ മനുഷ്യവകാശ ലംഘനപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്ന ക്രിസ്റ്റിന മെഹ്ത, ഇവരുടെ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയിരുന്നില്ല. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ പേരിലായിരുന്നു ഇവരുടെ ഗവേഷണം. ഇതിനെ തുടര്‍ന്ന് ഇവരെ 2014 നവംബറില്‍ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പുറമെ, ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.
പലരും ഇന്ത്യയിലെത്തുന്നത് ടൂറിസ്റ്റ് വിസകളിലായിരിക്കും. എന്നാല്‍ ഇവിടെയെത്തിയതിന് ശേഷം പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷകരായി മാറുകയാണ് ചെയ്യാറുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു. ഇത്തരം നീക്കങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാല്‍ യു ജി സി അംഗീകാരമുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഗവേഷണം ചെയ്യുന്ന ഉന്നതര്‍ക്ക് ഇത് പ്രശ്‌നം സൃഷ്ടിക്കുകയില്ല. അതുപോലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്കും പ്രയാസം നേരിടാതെ മുന്നോട്ടുപോകാനാകും.
ഇന്ത്യയില്‍ മൊത്തം 42,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ 3,800 ഓളം പേര്‍ ഗവേഷകരാണ്. നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷം വിദേശ വിദ്യാര്‍ഥികളും.

---- facebook comment plugin here -----

Latest