Connect with us

Kerala

സ്ഥിരം ട്യൂട്ടര്‍മാരില്ല; സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളുടെ അംഗീകാരം റദ്ദായേക്കും

Published

|

Last Updated

കോഴിക്കോട് : വിധ കാരണങ്ങളാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ സ്ഥിരം നിയമനം നടത്തിയിട്ട് പതിനഞ്ച് വര്‍ഷമാകുന്നു. ഇത് സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളുടെ അംഗീകാരം തന്നെ റദ്ദാകുന്നതിലേക്ക് വഴിവെച്ചേക്കും.
നഴ്‌സിംഗ് സ്‌കൂളുകളില്‍ സ്ഥിരം നഴ്‌സിംഗ് ട്യൂട്ടര്‍മാര്‍ ഉണ്ടായിരിക്കണമെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ സംസ്ഥാനത്തെ നഴ്‌സിംഗ് സ്‌കൂളുകളില്‍ പരിശോധന നടത്തിയാല്‍ ബഹുഭൂരിപക്ഷം നഴ്‌സിംഗ് സ്‌കൂളുകളുടെയും അംഗീകാരം തന്നെ റദ്ദാകും.
ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ സ്ഥിരം ട്യൂട്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സിംഗ് കൗണ്‍സില്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ പല നഴ്‌സിംഗ് സ്‌കൂളുകളുടെയും അവസ്ഥ ഇതാണ്. സ്ഥിരം ട്യൂട്ടര്‍മാരില്ല. ഇവിടെ ട്യൂട്ടര്‍മാരായി എത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ സ്റ്റാഫ് നഴ്‌സുമാരാണ്. ഇവര്‍ ട്യൂട്ടര്‍മാരാകുമ്പോള്‍ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാതെ രോഗികളും മറ്റും പ്രയാസപ്പെടുകയാണ്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റായതിനാല്‍ ആശുപത്രികളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ പി എസ് സി വഴി നികത്താനുമാകില്ല. നിലവില്‍ സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ 87 നഴ്‌സിംഗ് ട്യൂട്ടര്‍ തസ്തികകളില്‍ 84 ഉം വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്തെ 15 നഴ്‌സിംഗ് സ്‌കൂളുകളില്‍ 20 പ്രിന്‍സിപ്പല്‍മാരുടെ തസ്തികകളില്‍ 15 ഉം വൈസ് പ്രിന്‍സിപ്പല്‍മാരുടെ തസ്തികകളില്‍ 12 ഉം ഒഴിഞ്ഞു കിടക്കുകയാണ്.
ആരോഗ്യവകുപ്പില്‍ നിന്നാണ് മുമ്പ് യോഗ്യരായ സ്റ്റാഫ് നഴ്‌സുമാരെ നഴ്‌സിംഗ് സ്‌കൂളുകളില്‍ നിയമിച്ചിരുന്നത്. 2000 ത്തില്‍ നിയമനത്തിനായി സ്‌പെഷ്യല്‍ റൂള്‍സ് വന്നതോടെ ഒഴിവുകളുടെ നാലിലൊന്ന് പി എസ് സിക്ക് റിപോര്‍ട്ട് ചെയ്യാനും തീരുമാനമായിരുന്നു. പിന്നീട് തപാലിലൂടെ ബിരുദം നേടിയ ബി എസ് സി നഴ്‌സിംഗുകാരെ പരിഗണിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദൂര വിദ്യാഭ്യാസ യോഗ്യത നേടിയവരെ ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കോടതി വിധിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും വിധി വിദൂര വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അനുകൂലമായി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയും ഇവര്‍ക്ക് അനുകൂലമായിരുന്നു.
ഇതിനിടെ ആരോഗ്യവകുപ്പ് വിദൂരവിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നിലവില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ നിയമ നടപടികള്‍ കാരണം ട്യൂട്ടര്‍ നിയമനം അനിശ്ചിതത്വത്തിലാണ്. ആരോഗ്യവകുപ്പിന്റെ ലിസ്റ്റ് പ്രകാരം യോഗ്യതക്കനുസരിച്ച് ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തണമെന്നാണ് വിവിധ നഴ്‌സിംഗ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Latest