Connect with us

Malappuram

വനത്തില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയ രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

നിലമ്പൂര്‍: വനത്തില്‍ നിന്നും തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതികളായ രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. മമ്പാട് കവണഞ്ചേരി അബ്ദുല്‍ അസീസ് (51), മമ്പാട് കുളിക്കല്‍ വലിയപിടിയേക്കല്‍ മുജീബ് (42) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മമ്പാട് പൊങ്ങല്ലൂരിലെ തങ്ക എന്നറിയപ്പെടുന്ന മണ്‍സൂര്‍, മമ്പാട് ബീമ്പുങ്ങലിലെ നൊണന്‍ എന്നറിയപ്പെടുന്ന മുജീബ്, മമ്പാട് തോട്ടിനക്കര ബാപ്പുട്ടി എന്ന സക്കീര്‍, മരക്കച്ചവടക്കാരന്‍ ഒതായി ഉമ്മര്‍ഖത്താബ് എന്നിവര്‍ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. അഞ്ച് പേര്‍ ചേര്‍ന്നാണ് തേക്ക് മരങ്ങള്‍ മുറിച്ചത്.
തേക്ക് തടികള്‍ വാങ്ങിയ ഉമ്മര്‍ ഖത്താബും കേസിലെ പ്രതിയാവുകയായിരുന്നു. വന ഭൂമിയില്‍ നിന്നും മുറിച്ച തേക്ക് മരങ്ങളാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മരത്തടികള്‍ വാങ്ങിയതെന്ന് വനം വകുപ്പ് പറഞ്ഞു. ഇയാള്‍ മുമ്പും വനം കേസിലെ പ്രതിയാണ്. തൊണ്ടി മുതലായ തേക്ക് തടികള്‍ ഒതായി റോഡരികില്‍ നിന്ന് വനം വകുപ്പ് കണ്ടെത്തി. നിലമ്പൂര്‍ റെയ്ഞ്ച് പനയംങ്കോട് സെക്ഷന്‍ പരിധിയിലെ 1987 തേക്ക് തോട്ടത്തിലെ ഉണങ്ങി നില്‍ക്കുന്ന മൂന്ന് തേക്ക് മരങ്ങളാണ് ചൊവ്വാഴ്ച രാത്രി പ്രതികള്‍ മുറിച്ച് കടത്തിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ പ്രതികളെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കും. നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ എസ് അനീഷ്, പനയംങ്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് നിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ അരുണ്‍, കെ ജി ബിജോയ്, കെ എന്‍ ഹരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.