Connect with us

Malappuram

പൊന്നാനിയിലെ മുത്താഴവെടിക്ക് ചരിത്രങ്ങള്‍ പറയാനുണ്ട്

Published

|

Last Updated

പൊന്നാനി: കാലമേറെ കഴിഞ്ഞിട്ടും മുത്താഴ വെടികളില്‍ നിന്നുള്ള വെടിയൊച്ചകള്‍ നിലക്കുന്നില്ല. വിശുദ്ധ റമസാനിലെ രാവുകളെ സക്രിയമാക്കിയിരുന്ന വെടിയൊച്ചകള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്കും പ്രിയപ്പെട്ടതാണ്. കാലത്തിന്റെ മാറ്റങ്ങളെ സ്വീകരിക്കാതെ പഴയ രീതിയില്‍ തന്നെ മുത്തായക്കുറ്റികള്‍ ഇന്നും സുലഭമാണ്. രാത്രി നമസ്‌ക്കാരമായ തറാവീഹ് മുതല്‍ അത്താഴം വരെയുളള സമയം തള്ളി നീക്കാന്‍ കുട്ടികള്‍ റമസാന്‍ കാലങ്ങളില്‍ ഏര്‍പ്പെടുന്ന വിനോദമാണ് മുത്താഴവെടി പൊട്ടിക്കല്‍. പഴയകാലത്തെ പീരങ്കികളുടെ മാതൃകയിലാണ് മുത്താഴകുറ്റികള്‍ നിര്‍മിച്ചിരുന്നത്. മുളക്കുറ്റിയാണ് പ്രധാന ഭാഗം. അഞ്ചടി നീളത്തിലുള്ള മുളക്കുറ്റിയുടെ ഒരറ്റം കയര്‍ ഉപയോഗിച്ച് വരിഞ്ഞുകെട്ടും. മറ്റേ അറ്റത്ത് ചെറിയ ദ്വാരമുണ്ടാക്കും.
ഇതിലൂടെ വായു നിറച്ച ശേഷം തീ കാണിച്ചാല്‍ വെടിപൊട്ടുന്ന ശബ്ദത്തില്‍ ഒച്ചയുണ്ടാകും. മുളക്കുറ്റിയുടെ ഒരറ്റത്തുകൂടെ ഇടക്കിടെ മണ്ണെണ്ണ ഒഴിച്ചുകൊടുക്കുകയും ചെയ്യും. തീ കാണിക്കാന്‍ പന്തത്തിന്റെ ചെറിയ മാതൃകയിലുള്ള വസ്തുവുമുണ്ടാകും. തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞ് പത്ത് മണി മുതല്‍ അത്താഴം കഴിക്കുന്ന 12 മണിവരെയുള്ള സമയം മുത്താഴ വെടി പൊട്ടിച്ചാണ് കുട്ടികള്‍ സമയം ചിലവിട്ടിരുന്നത്. തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞാല്‍ കുടുംബങ്ങളും സുഹൃത്തുക്കളും ചേര്‍ന്നിരുന്ന് പലഹാരങ്ങള്‍ കഴിക്കുന്നതിനെ മുത്താഴമെന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. ഈ സമയത്ത് നടക്കുന്ന വിനോദമായതിനാലാണ് മുത്താഴവെടിക്ക് ഇങ്ങിനെയൊരു പേര് വന്നത്. അഞ്ചും പത്തും കുട്ടികള്‍ വട്ടമിരുന്നാണ് മുത്താഴവെടി പൊട്ടിക്കുക. ഒരാള്‍ മുളക്കുറ്റിയില്‍ വായു നിറക്കും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിക്കും. വേറൊരാള്‍ തീ കാണിക്കും. ഇങ്ങിനെയായിരുന്നു ക്രമീകരണം. ഏതാണ്ട് പത്ത് വര്‍ഷം മുന്‍പുവരെ പൊന്നാനി അങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും ഒട്ടുമിക്ക വീടുകളില്‍ നിന്നും മുത്താഴ വെടിയുടെ ശബ്ദം നിലക്കാതെ കേട്ടിരുന്നു. സ്‌കൂള്‍ അധ്യയനം ജനറല്‍ കലണ്ടറിലേക്ക് മാറിയതോടെയാണ് മുത്താഴക്കുറ്റികള്‍ പരിമിതപ്പെടാന്‍ തുടങ്ങിയത്. മുസ്‌ലിം കലണ്ടര്‍ പിന്തുടര്‍ന്നിരുന്ന പൊന്നാനിയിലെ സ്‌കൂളുകളില്‍ റമസാനിലെ ഒരു മാസക്കാലം അവധിയായിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് പഴമക്കാര്‍ കണ്ടു ശീലച്ച പീരങ്കിയില്‍ നിന്നാണ് മുത്താഴക്കുറ്റികള്‍ രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.
മുത്താഴക്കുറ്റികള്‍ക്ക് ഇങ്ങിനെയൊരു പേര് ലഭിക്കാനിടയായ മുത്താഴവും പൊന്നാനിയില്‍ നിന്ന് അന്യം നില്‍ക്കുകയാണ്. നോമ്പ് തുറ വിഭവങ്ങള്‍ മാറ്റി വെച്ച് തറാവീഹ് നമസ്‌ക്കാര ശേഷം സുഹൃത്തുകള്‍ക്കൊപ്പം വീട്ടിലിരുന്ന് കഴിക്കുന്ന രീതിയാണ് മുത്താഴം. കഴിഞ്ഞ തലമുറ വരെ ഇത് പൊന്നാനിയില്‍ സജീവമായിരുന്നു. മുത്താഴം സംഘടിപ്പിക്കുന്നതിനു വേണ്ടി കമ്മിറ്റികള്‍ വരെയുണ്ടായിരുന്നു. റമസാനിലെ മുപ്പത് ദിവസവും വ്യത്യസ്ത വീടുകളില്‍ നിന്നാണ് മുത്താഴം കഴിക്കുക. റവ ഉപയോഗിച്ച് ഉണ്ടാക്കുന്ന തരിക്കഞ്ഞിയായിരുന്നു മുത്താഴത്തിലെ പാനിയം. കൂട്ടുകുടുംബ രീതികള്‍ ഇല്ലാതായതോടെ മുത്താഴവും വീടുകളില്‍ നിന്ന് പടിയിറങ്ങി. നോമ്പുതുറ വിഭവങ്ങള്‍ പുറത്തുനിന്നു വാങ്ങുന്ന പൊരിച്ച കടികളിലേക്ക് വഴി മാറിയതും മുത്താഴം നാടു നീങ്ങാന്‍ കാരണമായി.

---- facebook comment plugin here -----

Latest