Connect with us

Malappuram

ആഷിഖിന്റെ മരണം; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്ത് അന്വേഷണം തുടങ്ങി

Published

|

Last Updated

വളാഞ്ചേരി: കാട്ടിലങ്ങാടി യതീംഖാനയിലെ 16 വയസുള്ള മുഹമ്മദ് ആശിഖ് എന്ന വിദ്യാര്‍ഥിയുടെ അസ്വഭാവിക മരണത്തെ കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് ചേനാടന്‍ പുതിയേടത്ത് റഫീഖ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശെരീഫ് ഉള്ളത്ത്, മെമ്പര്‍മാരായ അഡ്വ: കൊരമ്പയില്‍ നജ്മല്‍ ബാബു, എം മണികണ്ഠന്‍, അഡ്വ: ഹാരിസ് പഞ്ചിളി എന്നിവര്‍ കുട്ടിയുടെ ചേനാടി കുളമ്പിലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന സ്ഥാപനത്തിലും സന്ദര്‍ശനം നടത്തി. സ്ഥാപന മേധാവികളുമായും വാര്‍ഡന്‍മാരുമായും സഹപാഠികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. കുട്ടിയുടെ മരണം അസ്വഭാവികമാണെന്ന് ബന്ധുക്കളും നാട്ടുകാരും സ്ഥാപന അധികൃതരും പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ജുവനൈല്‍ പോലീസ് മേധാവിയോടും വളാഞ്ചേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും നിര്‍ദ്ദേശിച്ചു. സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വ്യക്തിഗത ഗ്രൂപ്പ് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ നടത്താന്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.
അതേസമയം ആഷിഖിന് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കളും സഹപാഠികളും പറയുന്നു. പുലര്‍ച്ചെ ആറുമണിയോടെ മരണം സംഭവിച്ചുവെങ്കിലും എട്ടു മണിയോടെയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യ ചെയ്തതെന്നു പറയുന്ന പള്ളിയുടെ വിശ്രമ മുറിക്കകത്ത് ആത്മഹത്യ ചെയ്തതിന്റെ സൂചനകള്‍ ഒന്നുമില്ലെന്നാണ് പറയുന്നത്.
ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നു പറയുന്ന മുണ്ട് മാത്രമാണ് മുറിയിലുള്ളത്. തൂങ്ങിമരിക്കാന്‍ മുണ്ട് കെട്ടിയ കൊളുത്തിന്റെ നിറം പോലും മങ്ങിയിട്ടില്ല. ഇതിനാല്‍ തന്നെ ആശിഖ് തൂങ്ങിയല്ല മരിച്ചതെന്ന നിഗമനത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും. അതുകൊണ്ടു തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.