Connect with us

National

വ്യാപം അഴിമതിക്കേസ്: വീണ്ടും ദുരൂഹ മരണം

Published

|

Last Updated

ഭോപ്പാല്‍: വ്യാപം അഴിമതിക്കേസില്‍ വീണ്ടും ദുരൂഹ മരണം. ട്രെയ്‌നി പോലീസ് ഇന്‍സ്‌പെക്ടര്‍ അനാമിക കുശ്‌വാഹിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് അനാമിക. അനാമികയുടെ മൃതദേഹം ഒരു കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഫെബ്രുവരിയില്‍ സെലക്ഷന്‍ നേടിയ ഇവര്‍ സാഗര്‍ പോലീസ് അക്കാദമി ഹോസ്റ്റലിലായിരുന്നു താമസം.

കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിംഗ്, കേസ് അന്വേഷിക്കുന്ന കോളേജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മ എന്നിവര്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കം പ്രമുഖര്‍ പ്രതിയായ കേസാണ് വ്യാപം അഴിമതിക്കേസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്ക് പ്രകാരം 45 പേര്‍ ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്.

അതിനിടെ വ്യാപം കേസ് അന്വേഷണം സി ബി ഐക്ക് വിടണമെന്ന കോണ്‍ഗ്രസ് ആവശ്യം മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ തള്ളി. അക്ഷയ് സിംഗിന്റെ മരണത്തെ കുറിച്ച് എസ് ഐ ടി വിശദമായി അന്വേഷിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു.

Latest