Connect with us

Gulf

റമസാനില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി യു എ ഇ

Published

|

Last Updated

ദുബൈ: പുണ്യമാസം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി യു എ ഇ രംഗത്ത്. യുദ്ധം താറുമാറാക്കിയ ഭൂപ്രദേശങ്ങളിലും പ്രകൃതിദുരന്തങ്ങള്‍ നാശം വിതച്ച നാടുകളിലുമെല്ലാമുള്ള പട്ടിണിയും ദുരിതങ്ങളുമായി കഴിയുന്നവര്‍ക്കായാണ് യു എ ഇ ലോകത്തിന് തന്നെ മാതൃകയാവുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യു എ ഇ കേന്ദ്രമാക്കി ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സംഘടനകളിലൂടെയാണ് സര്‍ക്കാര്‍ സഹായം എത്തിക്കുന്നത്.
സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സംഘടനകളിലേക്ക് വിതരണത്തിനായി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത്. 62 രാജ്യങ്ങളിലായി ആറു ലക്ഷം പേര്‍ക്കായാണ് നോമ്പു തുറക്കാനും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ എത്തിക്കുന്നത്. ഇതോടൊപ്പം യു എ ഇക്ക് അകത്ത് ഇതുവരെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 10 ലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമാണ് സഹായം വിതരണം ചെയ്യാന്‍ സായിദ് ഫൗണ്ടേഷനോട് ഉത്തരവിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ആറു മേഖലകൡ മാത്രം 1.35 ലക്ഷം ചാക്ക് ധാന്യപ്പൊടികളാണ് വിതരണം ചെയ്തത്.
പാരീസിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പെട്ട ചാക്കുകള്‍ അയച്ചുകൊടുത്തിട്ടുണ്ട്. നഗരത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണിത്. 1,000 ഭക്ഷണക്കുട്ടകളാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റിപബ്ലിക് ഓഫ് ബുറുണ്ടിയിലെ ജനങ്ങള്‍ക്കായി വിതരണം ചെയ്തത്. ആയിരക്കണക്കിന് ഈത്തപ്പഴ പൊതികളാണ് സീഷെല്‍സില്‍ വിതരണം ചെയ്തത്. സെനഗലില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെയും ദുബൈ ചാരിറ്റി അസോസിയേഷന്റെയും ഷാര്‍ജ ചാരിറ്റി അസോസിയേഷന്റെയും നേതൃത്വത്തില്‍ 5,000 ഭക്ഷണക്കുട്ടകളാണ് എത്തിച്ചത്.

Latest