Connect with us

Gulf

കണ്ണൂര്‍ വിമാനത്താവളത്തെ പ്രതീക്ഷയോടെ...

Published

|

Last Updated



കണ്ണൂര്‍ വിമാനത്താവളത്തെ ഗള്‍ഫ് മലയാളികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കോഴിക്കോട് വിമാനത്താവളത്തിന് ഭരണകൂടം തന്നെ ചരമഗീതം എഴുതിയതിനാല്‍, മലബാറുകാര്‍ക്ക് ഇനിയുള്ള ആശ്രയം കണ്ണൂര്‍. 20 വര്‍ഷം മുമ്പ് കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹീം വിഭാവനം ചെയ്ത വിമാനത്താവളത്തിന്റെ നിര്‍മാണം കണ്ണൂരിലെ എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക കക്ഷികളുടെ ഉറച്ച പിന്തുണയോടെ, അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ പരിശോധനാ പറക്കല്‍ നടക്കുമെന്നാണ് കണക്കുകൂട്ടല്‍. അടുത്തവര്‍ഷം ഏപ്രിലില്‍ ആഭ്യന്തര സേവനങ്ങള്‍ തുടങ്ങും. വിദേശ സേവനങ്ങള്‍ അധികം വൈകില്ല.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, ദക്ഷിണ കര്‍ണാടക ജില്ലക്കാര്‍ക്ക് ഏറെ ഉപകരിക്കുന്ന വിമാനത്താവളമായി ഇത് മാറും. യഥേഷ്ടം യാത്രാ വിമാനങ്ങളും ചരക്കുവിമാനങ്ങളും പറക്കുമെന്നതിനാല്‍ മലബാറിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകും.
2000 ഏക്കറിലാണ് പദ്ധതി. ഇതില്‍ ഏറിയ പങ്കും കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി (കിയാല്‍)ന്റെ കൈയിലായിട്ടുണ്ട്.
1,130 കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണച്ചെലവ്. സ്വതന്ത്ര വ്യാപാരമേഖല അടക്കം മറ്റുചില സൗകര്യങ്ങള്‍കൂടി വരുമെന്നതിനാല്‍ അനുസ്യൂതമായ വികസനമാണ് കണ്ണൂര്‍ മട്ടന്നൂര്‍-മൈസൂര്‍ റോഡില്‍ നടക്കുക. അത് കൊണ്ടുതന്നെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം വലിയ തോതില്‍ വേണ്ടിവരും.
49 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നീക്കിവെക്കുമെന്നാണ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ഗള്‍ഫ് മലയാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. ഇതു പ്രകാരം ഗള്‍ഫ് മലയാളികള്‍ ചാടിപ്പുറപ്പെട്ടു. ലാഭം നേടാമെന്ന പ്രതീക്ഷയിലല്ല, മിക്കവരും ഓഹരിക്കുവേണ്ടി അപേക്ഷിച്ചത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായേക്കാം എന്ന വൈകാരിക തലമായിരുന്നു പലര്‍ക്കും. ഗള്‍ഫില്‍ നിന്ന് 30 കോടി രൂപയോളം സമാഹരിക്കപ്പെട്ടു. യു എ ഇയില്‍ സിറ്റി എക്‌സ്‌ചേഞ്ച് വഴിയാണ് അപേക്ഷ പോയത്. ഓഹരിയുടെ ആദ്യ ഗഡുവിന്റെ ഡ്രാഫ്റ്റും പലരും അയച്ചു. കണ്ണൂര്‍ ജില്ലാ പ്രവാസി സമിതി (വേക്)യുടെ പ്രചാരണവും പിന്തുണയും തുക സമാഹരിക്കുന്നതില്‍ നിര്‍ണായകമായി.
എന്നാല്‍, വ്യക്തികളുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ കിയാലിന് കഴിഞ്ഞില്ല. എല്ലാവരുടെയും അപേക്ഷ, തള്ളപ്പെട്ടു. ഡ്രാഫ്റ്റ് അയച്ചവര്‍ അത് തിരികെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു.
ഇപ്പോള്‍, വ്യക്തികള്‍ക്ക് പങ്കാളിത്തം നല്‍കാന്‍ സഹകരണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഈ സഹകരണ സംഘം മുഖേനയാണ് അപേക്ഷിക്കാന്‍ കഴിയുക. 50,000 രൂപയാണ് ഒരു ഓഹരിക്ക് വേണ്ടി നല്‍കേണ്ടത്. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സഹകരണ സംഘത്തിന്റെ ഒരു പ്രതിനിധി ഉണ്ടാകും.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ മലബാറില്‍ നിന്നുള്ള സാധാരണക്കാരായ പ്രവാസികള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് വേയ്കിന്റെ സ്ഥാപക നേതാവ് അബ്ദുല്‍ ഖാദര്‍ പണക്കാട്ട് (കാവുക്ക) ചൂണ്ടിക്കാട്ടി. പക്ഷേ, ദുരനുഭവം ഉള്ളത് കാരണം അന്നത്തെ ആവേശം ഇപ്പോഴില്ല. അതേസമയം, വിമാനത്താവളം വേഗം യാഥാര്‍ഥ്യമാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു.
കെ എം എ

---- facebook comment plugin here -----

Latest