Connect with us

International

നൈജീരിയയില്‍ പള്ളിയിലും റസ്റ്റോറന്റിലും ബോകോ ഹറാം ആക്രമണം; 44 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അബുജ: മധ്യ നൈജീരിയയിലെ ജോസ് നഗരത്തില്‍ പള്ളിയിലും റസ്റ്റോറന്റിലും ഉണ്ടായ രണ്ട് ബോംബാക്രമണങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. മുസ്‌ലിം നേതാവായ സാനി യഹ്‌യയുടെ കേന്ദ്രത്തിലെ പള്ളിയിലാണ് ഒരു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടക്കുന്ന സമയത്ത് പള്ളിയില്‍ നിറയെ വിശ്വാസികള്‍ ഉണ്ടായിരുന്നു. നൈജീരിയയിലെ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സഹകരണത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി വാദിക്കുന്ന മതനേതാവാണ് സാനി യഹ്‌യ. ഇദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ, ഇദ്ദേഹത്തെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പള്ളിയിലെ സ്‌ഫോടനം. പള്ളിക്കുള്ളിലുണ്ടായിരുന്ന ഒരു തോക്കുധാരി വെടിവെപ്പ് നടത്തുകയും ഇതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനം അരങ്ങേറുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ സാനി യഹ്‌യ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. നൈജീരിയിയിലെ തീവ്രവാദികളായ ബോകോ ഹറാമിനെ വിമര്‍ശിക്കുന്ന സാനി യഹ്‌യ, ക്രിസ്ത്യാനികളും മുസ്‌ലിംകളും സഹകരിച്ച് മുന്നോട്ടുപോകണമെന്ന് നിരന്തരം അഭ്യര്‍ഥിക്കുന്ന വ്യക്തിയുമാണ്. ഇതാണ് ബോകോ ഹറാമിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
മറ്റൊരു സ്‌ഫോടനം നടന്നത്, രാഷ്ട്രീയ നേതാക്കള്‍ സ്ഥിരം എത്തുന്ന ശകലിങ്കു റസ്റ്റോറന്റിലായിരുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ റസ്റ്റോറന്റിലേക്ക് ചാവേര്‍ ഓടിക്കയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് സ്‌ഫോടനങ്ങളിലും കൂടി കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയെന്നാണ് റിപ്പോര്‍ട്ട്. 67ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് സ്‌ഫോടനങ്ങള്‍ക്ക് മുമ്പ്, നൈജീരിയന്‍ സംസ്ഥാനമായ യോബില്‍ ഒരു ക്രിസ്ത്യന്‍ ചര്‍ച്ചിന് നേരെയും ആക്രമണം നടന്നിരുന്നു. ഇതില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ആക്രമണങ്ങളെ ശക്തമായി ഭാഷയില്‍ വിമര്‍ശിച്ച അമേരിക്ക, ഭീകരവാദത്തിനെതിരെയുള്ള നൈജീരിയന്‍ പോരാട്ടങ്ങള്‍ക്കൊപ്പം തങ്ങളും ഉണ്ടാകുമെന്ന് അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ബോകോ ഹറാം നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest