Connect with us

International

ആണവ ചര്‍ച്ച: കരാറിനോട് അടുക്കുന്നതായി അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി

Published

|

Last Updated

 

U.S. Secretary of State John Kerry speaks about the Ukraine crisis after his meetings with other foreign ministers in Paris, March 5, 2014. Kerry spoke to reporters at the U.S. ambassador

വിയന്ന: ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ മാധ്യസ്ഥ്യ സംഘം കരാറിനടുത്തെത്തിയതായി അമേരിക്കന്‍ വിദേശസെക്രട്ടറി ജോണ്‍ കെറി. ചര്‍ച്ചകള്‍ ഏത് വഴിക്കായാലും കരാറിലെത്തുംവരെ ചര്‍ച്ചകളുമായി അമേരിക്ക മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കരാറിലെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ആണവ കരാറിലെത്താനുള്ള സമയമാണിതെന്ന് കെറി പറഞ്ഞു.
നമ്മള്‍ കളങ്കമറ്റ പുരോഗതിയാണ് നേടിയിരിക്കുന്നതെന്നും നമുക്ക് നല്ലൊരു കരാര്‍ വേണമെന്നും വിയന്നയില്‍വെച്ച് കെറി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ഇറാനും ലോകശക്തികളായ ആറ് രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആണവ ചര്‍ച്ചയില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസം തുടരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് പറഞ്ഞു. ഇപ്പോഴും ഒന്നും വ്യക്തമല്ലെന്നും ചില അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണെന്നും ളരീഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് വിയന്നയില്‍ ചര്‍ച്ച നടത്തുന്നതെന്ന് കെറി പറഞ്ഞു.
ചര്‍ച്ചകള്‍ പുനരാരാംഭിച്ച ഞായറാഴ്ച കെറിയും ളരീഫും തമ്മില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് നല്ല തിരഞ്ഞെടുപ്പായി ആര്‍ക്കും തോന്നുന്നില്ലെന്നും കരാറിലെത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഇറാന്‍ സംഘത്തിന്റെ നേതാവ് അബ്ബാസ് അരഗാച്ചി ഇറാന്‍ ടി വിയില്‍ പറഞ്ഞിരുന്നു. നിലവില്‍ അനുകൂല അന്തരീക്ഷമാണെന്നും എന്നാല്‍ തങ്ങളുടെ അതിരുകള്‍ മാനിച്ചുകൊണ്ടേ കരാറിലൊപ്പുവെക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി ഇറാനെ ആണവ ശക്തിയാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി പാശ്ചാത്യന്‍ രാജ്യങ്ങള്‍ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ ഇറാനുമായി ആണവ കരാറിലെത്തുന്നത് ആ രാജ്യത്തെ അതിവേഗം ആണവ ശക്തിയാക്കി മാറ്റുമെന്ന നിലപാടാണ് ഇസ്‌റാഈലിനുള്ളത്.