Connect with us

National

അവിവാഹിത അമ്മമാര്‍ക്കും കുട്ടിയുടെ രക്ഷിതാവാകാം

Published

|

Last Updated

ന്യൂഡല്‍ഹി: കുട്ടിയുടെ രക്ഷാകര്‍തൃത്വം സ്ഥാപിച്ചു കിട്ടാന്‍ അവിവാഹിതയായ അമ്മക്ക് കുട്ടിയുടെ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പിതാവിന് നോട്ടീസ് അയക്കാതെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം തനിക്ക് ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള അവിവാഹിതയായ മാതാവിന്റെ ഹരജി വീണ്ടും പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രംജിത് അധ്യക്ഷനായ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടിയുടെ പൂര്‍ണ അവകാശം അവിവാഹിതയായ അമ്മക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും പിതാവിന്റെ സമ്മതം വാങ്ങണമെന്നുമുള്ള വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു യുവതി ഹരജി സമര്‍പ്പിച്ചത്. യുവതിക്കെതിരായി നേരത്തെ വിധി പറഞ്ഞ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കീഴ്‌ക്കോടതികളെ സുപ്രീം കോടതി വിധിന്യായത്തില്‍ വിമര്‍ശിച്ചു. ഈ വിഷയത്തില്‍ കീഴ്‌ക്കോടതികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്നും കുട്ടിയുടെ ക്ഷേമം കണക്കിലെടുക്കാതെയാണ് ഇത്തരം വിധി പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. യുവതിയുടെ പരാതി നേരത്തെ പരിഗണിച്ച കീഴ്‌ക്കോടതിയോട് വിധി പുന:പരിശോധിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പിതാവായ ആള്‍ തന്നോടൊപ്പം രണ്ട് മാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടായ കാര്യം അയാള്‍ക്ക് അറിയില്ലെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം.

Latest