Connect with us

Kerala

സംസ്ഥാനത്ത് ഹണ്ടിംഗ് ടൂറിസം വ്യാപകം

Published

|

Last Updated

പാലക്കാട്: huntingസംസ്ഥാനത്തെ റിസര്‍വ് വനങ്ങളോട് ചേര്‍ന്ന് ഹണ്ടിംഗ് ടൂറിസം വ്യാപകമാകുന്നു. മലയാറ്റൂര്‍- വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനുള്‍പ്പെടെ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ആനവേട്ടയുടെകഥ പുറത്ത് വന്നതിന് പിറകെയാണ് പാലക്കാട്, മലപ്പുറം, വയനാട് വനാതിര്‍ത്തികളിലെ ചില റിസോര്‍ട്ടുകളിലും ഫാം ഹൗസുകളിലും ഹണ്ടിംഗ് ടൂറിസം എന്ന ഓമനപ്പേരിലറിയപ്പെടുന്ന മൃഗയാ വിനോദം അരങ്ങേറുന്നത്.
കാട്ടുപോത്ത്, മാന്‍, കൂരമാന്‍, ഉടുമ്പ്, മുയല്‍, കാട്ടുപന്നി, കേഴ തുടങ്ങിയ വന്യജീവികളെ യാണ് ഇരുട്ടിന്റെ മറവില്‍ വേട്ടയാടുന്നതിന് സൗകര്യമൊരുക്കി ക്കൊടുക്കുന്നത്. വന്‍തോതിലുള്ള ഫീസാണ് ഹണ്ടിംഗ് ടൂറിസത്തിന്റെ പേരില്‍ ഈടാക്കുന്നത്. റിസോര്‍ട്ടുകളുടെ വെബ്‌സൈറ്റുകളില്‍ ഉള്‍വനത്തിലൂടെ നൈറ്റ് സവാരി വാഗ്ദാനം ചെയ്യുന്ന ചില ഫാം ഹൗസുകളും റിസോര്‍ട്ടുകളുമാണ് മൃഗയാ വിനോദത്തിനും ഓഫര്‍ ചെയ്യുന്നത്. പരിചയസമ്പന്നരായ വേട്ടക്കാരെ ഗൈഡുകളായി നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുതുമല കടുവാസങ്കേതത്തില്‍ നിന്നും ഇത്തരം വേട്ടസംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. മുതുമല ഗൂഡല്ലൂര്‍ നമ്പിക്കുന്ന് വനത്തില്‍ നിന്നും വേട്ടയാടിയ രണ്ട് മാനുകള്‍ സഹിതമാണ് മണ്‍വയല്‍ സ്വദേശികള്‍ അറസ്റ്റിലായത്.
ചോദ്യം ചെയ്യലില്‍ നിന്നും അറസ്റ്റിലായ മുട്ടിസുന്ദരന്‍ ഹണ്ടിംഗ് ഗൈഡ് ആണെന്നും വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി നിരവധി കേസുകളില്‍ പ്രതിയാണെന്നും വിവരം ലഭിച്ചു. നാടന്‍ തോക്കും കത്തിയുമുള്‍പ്പെടെ ഉപകരണങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അടുത്തിടെ അട്ടപ്പാടിയിലും സമാനമായ രീതിയിലുള്ള മാന്‍വേട്ട നടന്നിരുന്നു. ഷോളയൂരിലെ ശിവാദ്രി എസ്‌റ്റേറ്റ് ഫാം ഹൗസില്‍ നിന്ന് 20 കിലോ മലമാനിന്റെ ഇറച്ചി സഹിതം നാല് പേരെയാണ് പിടികൂടിയത്. തൃശൂര്‍ സ്വദേശി കെ ബി ബാബു, അട്ടപ്പാടി ഷോളയൂര്‍ പുതുശേരി വീട്ടില്‍ ജോഷി, തമിഴ്‌നാട് കോത്തഗിരി സ്വദേശി രമേഷ്, ഷോളയൂര്‍ സ്വദേശി ടി ബി ബാബു എന്നിവരാണ് അറസ്റ്റിലായത്.
2014 നവംബറില്‍ മണ്ണാര്‍ക്കാട് തത്തേങ്ങലത്തും ഇത്തരത്തില്‍ മാന്‍വേട്ട പിടികൂടി നാലുപേരെ അറസ്റ്റ് ചെയിതിരുന്നു. കേസില്‍ എട്ടു പ്രതികളാണുള്ളത്. 2014 ഡിസംബറില്‍ മേപ്പാടി കള്ളാടി വനത്തില്‍ വേട്ട നടത്തിയതിന് പുത്തുമല സ്വദേശികളായ ഗാനു, പൊന്നന്‍, അനിലാഷ് എന്നിവരെ പിടികൂടിയിരുന്നു. 2014 ല്‍ അട്ടപ്പാടിയിലെ ഭവാനി, മുക്കാലി, ഷോളയൂര്‍ റേഞ്ചുകളിലായി വനംവന്യജീവി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത് മുപ്പതിലേറെ മൃഗവേട്ട കേസുകളാണ്. ചോദ്യം ചെയ്യലുകളില്‍ ഇവരില്‍ മിക്കവരും വിനോദത്തിനായി ഗൈഡിനൊപ്പം കാട്ടില്‍ കയറി വേട്ട നടത്തിയതാണെന്ന വിവരമാണ് വനംവകുപ്പിന് ലഭിച്ചത്. തുടര്‍ന്ന് ഈവര്‍ഷം ആദ്യം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മണ്ണാര്‍ക്കാട്, മുക്കാലി, മലമ്പുഴ, ആനമല, നെല്ലിയാമ്പതി, ശിരുവാണി പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു.
പ്രദേശത്ത് അനധികൃത ഹോംസ്‌റ്റേകളും ഫാംഹൗസുകളും വര്‍ധിക്കുന്നത് സംബന്ധിച്ചും വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലമ്പുഴ വനത്തില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 28ന് വാളയാര്‍ ഫോറസ്റ്റ് റേഞ്ചില്‍ ഗര്‍ഭിണികളായ രണ്ടെണ്ണമടക്കം നാല് മ്ലാവുകളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയ ഹണ്ടിംഗ് കേസില്‍ ഒരു ഫാംഹൗസ് ഉടമയടക്കം മൂന്നുപേരെ പിടികൂടിയിരുന്നു. അതിഥികള്‍ക്ക് വേണ്ടിയാണ് വേട്ട നടത്തിയതെന്ന് ഫാംഹൗസ് ഉടമ ജോഷി നല്‍കിയ മൊഴി. അറസ്റ്റിന് പിറകെ തുടിയടി വനത്തില്‍ കോങ്ങാട്ടുപാറയില്‍ വനത്തോട് ചേര്‍ന്നുള്ള ഒരു ഫാംഹൗസില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വേട്ടയ്ക്കും ഇറച്ചി വേര്‍തിരിക്കുന്നതിനും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും മേമ്പൊടിക്കായി അതിഥികള്‍ക്ക് ചാരായം വാറ്റാനുള്ള സജ്ജീകരണങ്ങളുമാണ്.
മൃഗങ്ങളെ കുടുക്കാന്‍ വയറുകളുപയോഗിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് കെണികള്‍, നായാട്ടിന് പോകുമ്പോള്‍ ഉപയോഗിക്കുന്ന കാലുറകള്‍, തോക്കിലെ തിരകളുടെ ഒഴിഞ്ഞ കൂടുകള്‍, തുകല്‍ നിര്‍മിത നായാട്ടുതൊപ്പികള്‍, ഇറച്ചി വേര്‍തിരിക്കാന്‍ ആയുധങ്ങള്‍, ഇറച്ചി പാകം ചെയ്യാനുള്ള അടുക്കള, വേട്ടയാടിയ മയിലുകളുടെ പീലികള്‍, കാട്ടുപന്നിയുടെ നെയ്യ് എന്നിവയെല്ലാം ഫാം ഹൗസില്‍ സജ്ജീകരിച്ചിരുന്നു. വെടിയേറ്റു വീഴുന്ന മൃഗങ്ങളുടെ തോല്‍ വേര്‍തിരിക്കാനുള്ള അടുപ്പുകള്‍ ഒരു വശത്തുണ്ടായിരുന്നു. അടുക്കളയോട് ചേര്‍ന്ന് അതിഥികള്‍ക്ക് ലൈവായി ചാരായം വിളമ്പാന്‍ വാറ്റുപകരണങ്ങളുമുണ്ട്.
മലമ്പുഴയിലെ ഉള്‍വനത്തില്‍ അടച്ചുപൂട്ടിയ ക്വാറികള്‍ക്കു സമീപത്ത് നിന്ന് ഇപ്പോഴും രാത്രിയില്‍ വെടിയൊച്ച കേള്‍ക്കാറുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. വേട്ട ഇപ്പോഴും നിര്‍ബാധം നടക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയുമില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മലമ്പുഴ വനത്തില്‍ മാനുകളെ വ്യാപകമായി വേട്ടയാടുന്നുണ്ട്. ഉള്‍വനങ്ങളിലാണ് ഇവയെല്ലാം നടക്കുന്നത് എന്നതിനാല്‍ ഫലപ്രദമായ പ്രതിരോധം സാധ്യമാകുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest