Connect with us

Kerala

പ്രേമം സിനിമ: അന്‍വര്‍ റഷീദില്‍ നിന്ന് മൊഴിയെടുത്തു

Published

|

Last Updated

തിരുവനന്തപുരം/ കൊച്ചി : പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ വിഷയത്തില്‍ സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ മൊഴിയെടുത്തു. ഇന്നലെ രാവിലെ 11ഒടെ ക്രൈംബ്രാഞ്ച് എസ് പി ഒാഫീസിലെത്തിയ അന്‍വര്‍ റഷീദില്‍ നിന്നും ഡി വൈ എസ് പി. എം ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. വ്യാജ പകര്‍പ്പ് പുറത്തായതുമായി ബന്ധപ്പെട്ട തെളിവുകളും പോസ്റ്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച വിവരങ്ങളും അന്‍വര്‍ റഷീദ് നല്‍കിയതായാണ് സൂചന. എന്നാല്‍, ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നില്ല. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് അന്വേഷണ പുരോഗതിയനുസരിച്ച് മാത്രമേ പറയാന്‍ കഴിയൂ എന്നും അന്‍വര്‍ റഷീദ് പറഞ്ഞു. കഴിഞ്ഞമാസം 29നാണ് ഇതുസംബന്ധിച്ച് അന്‍വര്‍ റഷീദ് ഇ-മെയില്‍ മുഖേന പരാതി നല്‍കിയതെങ്കിലും ഇന്നലെയാണ് നേരിട്ട് ഹാജരായി മൊഴിനല്‍കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനായ ഗോവിന്ദ് എന്നയാളില്‍ നിന്നും മൊഴിയെടുത്തു.
കേസില്‍ അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആന്റി പൈറസി സെല്‍. അന്വേഷണത്തില്‍ വ്യക്തത വരുത്തുന്നതിനായി സിനിമയുടെ മിക്‌സിംഗ് നടന്ന ചെന്നൈയിലെ സ്റ്റുഡിയോയിലും തെളിവെടുപ്പ് നടത്തും. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് മിക്‌സിംഗ് ജോലികള്‍ നടന്നത്. സംവിധായകന്‍ പ്രയിദര്‍ശന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ നാല് സ്റ്റുഡിയോകളിലായാണ് നടന്നത്. ഇതിനാല്‍ എവിടെ നിന്നാണ് പ്രിന്റ് ചോര്‍ന്നതെന്നുള്ള കൃത്യമായ നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. പ്രേമത്തിന്റേതുള്‍പ്പടെ സിനിമകളുടെ വ്യാജ പൈറസി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചു . ഈ മാസം 9 ന് സൂചനാ പണിമുടക്കും തുടര്‍ന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുവാനുമാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ഫെഡറേഷന്റെ കീഴിലുള്ള 350 തിയേറ്ററുകള്‍ അടച്ചിട്ട് സുചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്