Connect with us

Kerala

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ഇനി നേരിട്ട് അക്കൗണ്ടിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: മുഴുവന്‍ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇ – ഗവേണന്‍സ് സംരംഭങ്ങള്‍ തദ്ദേശ ഭരണവകുപ്പില്‍ നിലവില്‍ വന്നു. സര്‍ക്കാറിന്റെ അഞ്ചാം വര്‍ഷത്തെ പ്രധാന പദ്ധതികളിലൊന്നായ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ “ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍” മുഖേന അര്‍ഹര്‍ക്ക് നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ബേങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടു വഴിയുമാണ് വിതരണം ചെയ്യുക. എന്നാല്‍ അതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ വഴിയും പെന്‍ഷന്‍ തുക എത്തിച്ചു കൊടുക്കും.
കൂടാതെ ജനന മരണ വിവാഹ രജിസ്‌ട്രേഷനുകളുടെ കമ്പ്യൂട്ടര്‍വത്കരണം, വസ്തു നികുതി ഡിജിറ്റൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍ തുടങ്ങിയവയും ഇതോടൊപ്പം പ്രാബല്യത്തില്‍ വന്നു. പുര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പാക്കുന്ന പദ്ധതി ഇന്നലെ മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടര്‍ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും നിര്‍ഭാഗ്യവശാല്‍ നാം ഇപ്പോഴും പിന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ചില പ്രാരണങ്ങളാണ് കമ്പ്യൂട്ടര്‍ മേഖലയില്‍ നാം പിന്നാക്കം പോകാന്‍ കാരണമായത്. തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ഇ ഗവേണന്‍സ് സംരഭങ്ങള്‍ ജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിലവില്‍ വന്നതിന്റെ ഭാഗമായി 146 കോടിയിലധികം രൂപ വിവിധ ബോങ്കുകളിലേക്ക് മുഖ്യമന്ത്രി ചടങ്ങില്‍ വെച്ച് ട്രാന്‍സ്ഫര്‍ ചെയ്തു. മന്ത്രി എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം എല്‍ എ സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. 978 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് കോര്‍പറേഷനുകള്‍, 60 മുനിസിപ്പാലിറ്ററികള്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് ഉള്‍പ്പെടെ 1,044 രജിസ്‌ട്രേഷന്‍ യൂനിറ്റുകളില്‍ ഓണ്‍ലൈന്‍വഴി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. www.surekha.ikm.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. വസ്തു നികുതി ഡിജിറ്റൈസേഷന്‍ കാര്യങ്ങള്‍ അറിയാന്‍ htt://tax/lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ അറിയാം.

Latest