Connect with us

Articles

കുറ്റവാളികളോടും ഗുണകാംക്ഷയുള്ളവരാവുക

Published

|

Last Updated

തെറ്റ് ചെയ്യുന്നവരെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യേണ്ട ബാധ്യത സമൂഹത്തില്‍ ഓരോരുത്തര്‍ക്കുമുണ്ട്. കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടുകുയും അരുതായ്മകളില്‍ മത്സരിക്കുക പോലും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ആധുനിക കാലത്ത് വിശേഷിച്ചും നന്മ കല്‍പ്പിക്കുന്നത് പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തിന്മയുടെ വര്‍ജനം. ഇത് പ്രബോധനത്തിന്റെ മുഖ്യഘടകവുമാണ്.
എന്നാല്‍ കുറ്റവാളികളെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട ചില മര്യാദകളും നിയന്ത്രണങ്ങളുമുണ്ട്. ചില തന്ത്രപരമായ സമീപന രീതികളുണ്ട്. കണ്ടത് ഉറക്കെ വിളിച്ച് കൂവുകയെന്നത് അല്ലാഹുവിന്റെ മതത്തിന്റെ രീതിശാസ്ത്രമല്ല.
സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിത്തീരാനും പാരത്രിക ഫലം നേടിയെടുക്കാനും അവ പാലിച്ചേ മതിയാകൂ. തിരുനബിയുടേയും സച്ചരിതരായ ഖലീഫമാരുടേയും പ്രബോധനങ്ങളില്‍ കുറ്റവാളികളോട് ഗുണകാംക്ഷയോടെ പെരുമാറിയ എത്രയോ സംഭവങ്ങള്‍ കാണാന്‍ സാധിക്കും.
തെറ്റുകുറ്റങ്ങള്‍ മനുഷ്യ സഹചമാണ്. പ്രവാചകന്മാരല്ലാത്ത ഒരാളും പൂര്‍ണമായും അതില്‍ നിന്നൊഴിവല്ല. പ്രവാചകര്‍ പാപസുരക്ഷിതരാണ്. കുറ്റകൃത്യങ്ങളില്‍ കുടുങ്ങിപ്പോകുന്നവരെ അധിക്ഷേപിക്കുകയും അവഹേളിക്കുകയുമല്ല ചെയ്യേണ്ടത്. എക്കാലത്തും കുറ്റവാളികളായി ചാപ്പ കുത്തുകയല്ല വേണ്ടത്. അകപ്പെട്ട തെറ്റില്‍ നിന്ന് ഗുണകാംക്ഷയോടെ അവരെ പിന്തിരിപ്പിക്കുകയും രക്ഷപ്പെടാനുള്ള നല്ല വഴികള്‍ കാണിച്ചുകൊടുക്കുകയുമാണ് വേണ്ടത്. അവര്‍ക്ക് വേണ്ടി അല്ലാഹുവോട് അകമഴിഞ്ഞ് പ്രാര്‍ഥിക്കുകയും വേണം.
ഒരിക്കലും അല്ലാഹു നിനക്ക് പൊറുക്കില്ലെന്നും ഒരു നാളും അവന്‍ നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കില്ലെന്നും ശപഥം ചെയ്ത് പറഞ്ഞ ഭക്തരോട് പരലോകത്ത് അല്ലാഹു ചോദിക്കുമത്രെ എന്റെ അടിമയെക്കുറിച്ച് എന്നേക്കാളും അറിയുന്നവന്‍ നീയാണോ ? എന്നോട് തെറ്റ് ചെയ്തവന്‍ എന്റെ കാരുണ്യത്താല്‍ സ്വര്‍ഗത്തിലും താങ്കള്‍ എന്റെ അധികാരത്തില്‍ കൈ കടത്താന്‍ ശ്രമിച്ചതിനാല്‍ നരകത്തിലും കടക്കട്ടെ എന്ന് (ഹദീസ് അബൂദാവ് 4901 അഹ്മദ് 2/323)
ഒരു തിരുവചനം കാണുക ഈ വ്യക്തി സ്വര്‍ഗത്തിലാണ്, ഇന്ന വ്യക്തി നരകത്തിലാണ് എന്നെല്ലാം വിധിക്കുന്നവര്‍ക്കാണ് സര്‍വ നാശം (ബുഖാരി)
ഉമറി (റ)നെ ഉദ്ധരിക്കട്ടെ. നിങ്ങളുടെ സഹോദരന് ഒരു തെറ്റ് പറ്റിയാല്‍ അയാളെ ആ വീഴ്ചയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കാനും നേര്‍ മാര്‍ഗത്തില്‍ നടത്താനുമാണ് ശ്രദ്ധിക്കേണ്ടത്. ചെയ്തു പോയ കുറ്റകൃത്യത്തിന്റെ പേരില്‍ അയാളില്‍ പശ്ചാതാപ വികാരമുയരാനും അല്ലാഹു അയാള്‍ക്ക് പൊറുത്തു കൊടുക്കാനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക. ഒരിക്കലും നിങ്ങളുടെ സഹോദരന്റെ കാര്യത്തില്‍ പിശാചിനെ സഹായിക്കുന്നവരായിത്തീരരുത് (ബൈഹഖി)
സത്യവിശ്വാസികളിലെ സദ്‌വൃത്തര്‍ ദുര്‍വൃത്തര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഗുണകാംക്ഷയോടെ തിന്മകളില്‍ നിന്ന് പിന്‍മാറ്റാന്‍ ശ്രമിക്കുകയുമാണ് അഭികാമ്യം. വേരുറച്ചുപോയ തിന്മകളെ തിരുത്തുന്നേടത്തു പോലും ആരുടേയും അഭിമാനം വ്രണപ്പെട്ടു കൂടെന്ന് ചുരുക്കം. സ്വന്തം അഭിപ്രായത്തില്‍ ഊറ്റം കൊള്ളുന്നതിനെ ഏറ്റവും പേടിക്കണമെന്ന ഉമറി (റ)ന്റെ ഉദ്‌ബോധനം എത്രമാത്രം ശ്രദ്ധേയമാണ് !

Latest