Connect with us

National

വീണ്ടും ദുരൂഹ മരണം; സി ബി ഐ അന്വേഷണം തള്ളി കേന്ദ്രം

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (എം പി വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) വഴി തിരഞ്ഞെടുക്കപ്പെട്ട വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മൊറേന ജില്ലയിലെ അനാമിക കുശ്‌വാഹ (25) യുടെ മൃതദേഹമാണ് ദുരൂഹമായ സാഹചര്യത്തില്‍ തടാകത്തില്‍ കണ്ടെത്തിയത്. വ്യാപം സംഘടിപ്പിച്ച പ്രവേശന പരീക്ഷയിലൂടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുക്കപ്പെട്ട അനാമിക, സാഗറിലെ പോലീസ് അക്കാദമിയില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വ്യാപം കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ മരണമാണിത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് മരിക്കുന്നവരുടെ എണ്ണം 46 ആയി.
വനിതാ ഇന്‍സ്‌പെക്ടറുടെ മരണം നിര്‍ഭാഗ്യകരമാണെന്നും എല്ലാ മരണങ്ങളും വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനാമിക മാനസികമായി സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയില്‍ വിജയിച്ചാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചതെന്നും സാഗര്‍ അക്കാദമിയിലെ എ എസ് പി പറഞ്ഞു.
അനാമികയുടെ നിയമനത്തിന് വ്യാപം ക്രമക്കേടുമായി ബന്ധമില്ലെന്നും ക്രമക്കേടുമായി ബന്ധപ്പെട്ട് അവര്‍ സംശയത്തിന്റെ നിഴലിലല്ലെന്നും സിറ്റി പോലീസ് സൂപ്രണ്ട് ഗൗതം സോളങ്കി പറഞ്ഞു. വ്യാപം കേസ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
വ്യാപം അഴിമതിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകന്‍ അക്ഷയ് സിംഗും മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള നേതാജി സുഭാഷ്ചന്ദ്ര ബോസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ആയ ഡോ. ശര്‍മയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. കേസില്‍ ആരോപണവിധേയയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച നമ്രതയെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായുള്ള അഭിമുഖത്തിനു ശേഷമാണ് അക്ഷയ് സിംഗ് മരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ എസ് ഐ ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസിലെ പ്രതികളോ സാക്ഷികളോ ആയ 23 പേര്‍ വിവിധ സാഹചര്യങ്ങളില്‍ മരിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മധ്യപ്രദേശ് ഗവര്‍ണറും കേസിലെ പ്രതിയുമായ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ മരണമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം.
അതേസമയം, വ്യാപം കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന് പിന്തുണയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. കേസില്‍ സി ബി ഐ അന്വേഷണം വേണമോയെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. എസ് ഐ ടി അന്വേഷണം സംസ്ഥാന സര്‍ക്കാറിന്റെയും ഹൈക്കോടതിയുടെയും മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഹൈക്കോടതിയോ സുപ്രീം കോടതിയോ ആണ് സി ബി ഐ അന്വേഷണ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
വ്യാപം കേസില്‍ ഉന്നതതല സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടെ, കേസില്‍ ആരോപണവിധേയനായ ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായിട്ടുണ്ട്. കേസ് ഈ മാസം ഒമ്പതിന് പരിഗണിക്കും.