Connect with us

Sports

ആഷസ് തുടങ്ങുന്നു; റാങ്കിംഗ് ഇളകി മറിയും

Published

|

Last Updated

ദുബൈ: ഐ സി സി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ഏത് നിമിഷവും ഇംഗ്ലണ്ട് ഇന്ത്യയെ മറികടന്നേക്കും. ആസ്‌ത്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മികവനുസരിച്ചിരിക്കും ഈ ഓവര്‍ടേക്കിംഗ്. കാര്‍ഡിഫില്‍ നാളെയാണ് ആഷസ് ആരംഭിക്കുന്നത്.
ഈ പരമ്പര ആസ്‌ത്രേലിയക്കും ഇംഗ്ലണ്ടിനും റാങ്കിംഗ് പട്ടികയില്‍ നില മെച്ചപ്പെടുത്താനുള്ള വേദി കൂടിയാണ്. 97 പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് ഇംഗ്ലണ്ട്. ആസ്‌ത്രേലിയ 111 പോയിന്റോടെ രണ്ടാംസ്ഥാനത്തും. പരമ്പര 3-0ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് രണ്ടാം റാങ്കിലേക്കുയരാം. അതേ സമയം, ആസ്‌ത്രേലിയ പരമ്പര തൂത്തുവാരിയാല്‍ ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തേക്ക് വീഴും. 118 പോയിന്റോടെ ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തേക്കുയരുകയും ചെയ്യും. നിലവില്‍ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. 3-0, 4-1 മാര്‍ജിനില്‍ ആസ്‌ത്രേലിയ പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന് പിറകിലായി മൂന്നാം സ്ഥാനത്താകും കംഗാരുപ്പട.
ബാറ്റിംഗ് റാങ്കിംഗില്‍ ആസ്‌ത്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് മുന്നിലുള്ളത്. രണ്ടാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്‌സിനെക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ് സ്മിത്ത്.
ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി മാത്രമാണ്. പത്താംസ്ഥാനത്താണ് കോഹ്‌ലി. ടോപ് 10 ബൗളര്‍മാരില്‍ ഇന്ത്യക്കാരില്ല. ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിനാണ് ഒന്നാം റാങ്കില്‍.