Connect with us

Kozhikode

കലക്ടറുടെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ഒന്നാമത്

Published

|

Last Updated

കോഴിക്കോട്: മറ്റു പല രംഗങ്ങളിലും മാതൃകയായി മുന്നിലുള്ള കോഴിക്കോട് ഓണ്‍ലൈന്‍ ഉപയോഗത്തിലും മുന്നില്‍.
രാജ്യത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിലും 50,000 സ്ഥിരം ഫോളോവേഴ്‌സും രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരുമായി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പേജാണ് ഇന്ത്യയില്‍ ഒന്നാമത്. കോഴിക്കോട് പേരെടുത്ത ഐ ടി കേന്ദ്രമല്ലെങ്കിലും ജില്ലയിലെ ഉത്ബുദ്ധരായ ജനങ്ങള്‍, സ്മാര്‍ട്ട് ഫോണുകളുടെ സാര്‍വത്രിക ഉപയോഗം, പ്രവാസികളുടെ സജീവ പങ്കാളിത്തം തുടങ്ങിയ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ രംഗത്ത് അനുകൂല അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. ഭരണകൂടത്തിന്റെ ഇടപെടലുകളോട് ജനങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള പ്രതികരണം സജീവമാണ്. ജില്ലയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നതോടെ ഓണ്‍ലൈന്‍ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഏറെ മുന്‍പന്തിയിലാണ്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയണം. ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലെത്തിക്കുന്നതിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കൂടുതലായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍ എം വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ബി എസ് എന്‍ എല്‍ കോഴിക്കോട് എ ജി എം ഗംഗാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ ഭുവനദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, അക്ഷയ ജില്ലാ കോ ഓഡിനേറ്റര്‍ അഷിത പി എസ് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍ ഡിജിറ്റല്‍ ഇന്ത്യ പ്രസന്റേഷന്‍ നടത്തി. ജബ്ബാര്‍ അഹമ്മദ്, എ രാജഗോപാലന്‍, എം ഫിറോസ് ക്ലാസുകളെടുത്തു.
ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്റെ ഭാഗമായി ഇ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മത്സരം, ഇ- സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് എന്‍ ഐ ടിയുമായി സഹകരിച്ച് ക്യാമ്പയിന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിജിറ്റല്‍ ലോക്കര്‍ ക്യാമ്പയിന്‍, ഐ ടി@സ്‌കൂളുമായി സഹകരിച്ച് പോസ്റ്റര്‍ മത്സരങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങള്‍, സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വൈഫൈ ഹബ്ബ് പ്രഖ്യാപനം എന്നിവയും നടക്കും.