Connect with us

Gulf

പാശ്ചാത്യര്‍ക്ക് ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ മാറ്റം: ഹുസൈന്‍ സഖാഫി

Published

|

Last Updated

അബുദാബി: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ മാറ്റം വരുന്നതായി ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്‌ലാമിലേക്ക് കടന്ന്‌വരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയും മതത്തിന്റെ സൗന്ദര്യം മനസ്സിലാക്കിയുമാണ് പാശ്ചാത്യര്‍ ധാരാളമായി ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. ആതിഥ്യമര്യാദ പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ലോകം ഉറ്റുനോക്കുന്ന ഏക മതം ഇസ്‌ലാമാണ്, അദ്ദേഹം വ്യക്തമാക്കി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയ അദ്ദേഹം അബുദാബി ഇസ്‌ലാമിക് സെന്ററില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു.
വിശ്വാസി ആരാധനയില്‍ കൃത്യനിഷ്ഠ പാലിക്കുന്നവനാകണം. ബദര്‍ ലോകത്തിന് നല്‍കുന്ന സന്ദേശം ത്യാഗമാണ്. നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നവരാണ് പ്രവാചകന്റെ അനുചരന്മാര്‍. മഹാന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിക്കണം. ഇഹലോകത്തിന്റെ ലാഭങ്ങള്‍ക്കുവേണ്ടി പരലോകത്തെ വിസ്മരിക്കുന്ന കാലമാണിന്നെന്നും അദ്ദേഹം പറഞ്ഞു.
റമസാനിന്റെ അടുത്ത ദിവസങ്ങള്‍ അതി ശ്രേഷ്ടമായ ദിവസങ്ങളാണ്. ആയിരം മാസങ്ങളുടെ സല്‍കര്‍മത്തിന്റെ പ്രതിഫലം ഒറ്റ രാത്രികൊണ്ട് ലഭിക്കുന്ന ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന അടുത്ത രാവുകള്‍ ധന്യമാക്കണം. സാമൂഹിക ജീവിതത്തില്‍ പരസ്പരം വിട്ടുവീഴ്ചചെയ്യണം. സംഘര്‍ഷമില്ലാത്ത ഒരു ലോകം സ്വപ്‌നം കണ്ട പ്രവാചകന്‍ തോറ്റുകൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും സന്നദ്ധനായിരുന്നു, അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി ഉദ്ഘാടനം ചെയ്തു. പി വി അബൂബക്കര്‍ മൗലവി, മുസ്തഫ ദാരിമി, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി സംബന്ധിച്ചു.

Latest