Connect with us

Gulf

സ്വര്‍ണക്കടത്തിന്റെ നാണക്കേട് പേറി യാത്രക്കാര്‍

Published

|

Last Updated

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ക്കടത്ത് നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും കിലോക്കണക്കിന് സ്വര്‍ണം പിടികൂടിയിട്ടുണ്ട്. പര്‍ദക്കുള്ളില്‍ ജാക്കറ്റിന്റെ അറകളില്‍ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച് ഒമ്പതരകിലോ കടത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റിലായി.
യു എ ഇയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് യാത്രക്കാരി കരിപ്പൂരിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഇന്റലിജന്‍സ് വനിതാ ജീവനക്കാരികള്‍ വിശദ പരിശോധനക്ക് വിധേയമാക്കി. യു എ ഇയില്‍ നിന്ന് ഒരാള്‍ തന്നയച്ചതാണെന്ന് സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഫോര്‍ട് കൊച്ചി സ്വദേശിയാണ് സ്ത്രീ.
കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിലെ ഫ്‌ളോര്‍ മാറ്റിനടിയില്‍ 2.33 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് കാസര്‍കോട് ചെങ്കള സ്വദേശി പി എം ഹാരിസ് (35) പിടിയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നെടുമ്പാശേരിയില്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റായ മൂവാറ്റുപുഴ സ്വദേശി ജാബിര്‍ അറസ്റ്റിലായത്, കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതിനാണ്. സഹോദരന്‍ നിബിന്‍, പിതാവ് എ കെ ബശീര്‍ എന്നിവരും കള്ളക്കടത്ത് ശൃംഖലയില്‍ പങ്കാളികളായിരുന്നുവത്രെ. ഗള്‍ഫില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം ബെല്‍റ്റില്‍ ഘടിപ്പിച്ച് വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കവാടത്തിലൂടെ ജാബിര്‍ പുറത്തെത്തിക്കും. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരില്‍ പലരും സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് വിവരം.
ഗള്‍ഫ് നഗരങ്ങളില്‍ പലരെയും പ്രലോഭിപ്പിച്ചാണ് സ്വര്‍ണം കടത്തുന്നത്. കേരളത്തിലേക്ക് ടിക്കറ്റും കമ്മീഷനും നല്‍കി ഇവര്‍ കാരിയര്‍മാരെ സൃഷ്ടിക്കുന്നു. ഇതിനകം നിരവധി പേര്‍ അറസ്റ്റിലായെങ്കിലും ചതിക്കുഴിയില്‍ വീഴുന്നവര്‍ പെരുകുകയാണ്. സ്ത്രീകളെയും വ്യാപകമായി കാരിയര്‍മാരാക്കുന്നതാണ് ആശങ്കാജനകം. പ്രലോഭനത്തിനു പുറമെ ഭീഷണിയും പ്രയോഗിക്കുന്നു.
കരിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം നിരവധി സ്ത്രീകള്‍ അറസ്റ്റിലായി. ഗര്‍ഭിണിയായ ഒരു സ്ത്രീയെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചത് സ്വന്തം ഭര്‍ത്താവ്.
വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ താമസിച്ചവര്‍ക്ക് നികുതിയടച്ച് ഒരുകിലോ സ്വര്‍ണം കൊണ്ടുപോകാം. ഇതിനു പുറമെയാണ് ലഗേജിലും ജാക്കറ്റുകളിലും മറ്റും സ്വര്‍ണം കടത്തുന്നത്. ഒരു കിലോ നാട്ടിലെത്തിച്ചാല്‍ നാലു ലക്ഷം രൂപയിലധികം ലാഭം നേടാന്‍ കഴിയുന്നു എന്നതാണ് ആകര്‍ഷണം. ചെറുകിട റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും സ്വര്‍ക്കടത്തിലേക്ക് തിരിഞ്ഞു. എന്നാല്‍, കാരിയര്‍മാരായി വേഷം കെട്ടുന്നവര്‍ക്കാണ് വലിയ ദുരിതം പേറേണ്ടിവരുക. ആരുടെ സ്വര്‍ണമാണെന്നറിയാതെയാണ് കാരിയര്‍മാര്‍ ഇത് വഹിക്കുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യുമ്പോള്‍ ഉടമയുടെ പേരു പറയാന്‍ പലപ്പോഴും കഴിയാറില്ല. കാരിയര്‍മാര്‍ അഴിഎണ്ണുന്നതിനൊപ്പം, വന്‍ സാമ്പത്തിക ബാധ്യതയിലാവുകയും ചെയ്യുന്നു.
ഷാര്‍ജയിലെ ഒരു ഡോര്‍ടു ഡോര്‍ കാര്‍ഗോ സ്വര്‍ണം കടത്തിയതിനാല്‍ ഗള്‍ഫിലെ എല്ലാ കാര്‍ഗോകളും പ്രതിസന്ധിയിലായി. ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളും ഡോര്‍ ടു ഡോര്‍ കാര്‍ഗോക്ക് നിരോധം ഏര്‍പെടുത്തി.
സ്വര്‍ണക്കടത്ത് വലിയ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. നിരപരാധികളായ ആളുകള്‍ വിമാനത്താവളത്തില്‍ ഏറെ പരിശോധനക്ക് വിധേയമാകേണ്ടിവരുന്നു.