Connect with us

Gulf

നോമ്പ് തുറയുടെ സായൂജ്യവുമായി അല്‍ ഐനിലെ ഇഫ്താര്‍ കൂടാരം

Published

|

Last Updated

അല്‍ ഐന്‍: റമസാനില്‍ വിശ്വാസികള്‍ക്ക് നോമ്പുതുറക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അല്‍ ഐന്‍ നഗരത്തിലെ ഇഫ്താര്‍ കൂടാരം ശ്രദ്ധേയമാകുന്നു. നഗര മധ്യത്തിലാണ് യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് ഇഫ്താര്‍ കൂടാരം ഒരുക്കിയിട്ടുള്ളത്.
അല്‍ ഐന്‍ ബസ് സ്റ്റാന്റിനടുത്ത് സംവിധാനിച്ചിട്ടുള്ള ഇവിടുത്തെ ഏറ്റവും വലിയ റമസാന്‍ ഇഫ്താര്‍ കൂടാരത്തിന്റെ നിര്‍മാണം പ്രമുഖ നിര്‍മാതാക്കളായ അല്‍ ഖലീജ് ആണ് ഏറ്റെടുത്തിരുന്നത്.
നഗരസഭയുടെ കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അത്യാധുനിക രീതിയിലാണ് ഇതിന്റെ നിര്‍മാണവും അതിലെ സൗകര്യങ്ങളും തയ്യാര്‍ ചെയ്തിട്ടുള്ളത്. വിശാലമായ ഹാളിനകത്തെ ശീതീകരണ സംവിധാനം പുറത്തെ ചൂടിനെ പ്രതിരോധിക്കുന്നവയാണ്. തീപിടുത്ത പ്രതിരോധ സംവിധാനങ്ങളും ഉപകരണങ്ങളും വിശാലമായ വാതിലുകളും കൂടാരത്തിന് സജ്ജീകരിച്ചിട്ടുണ്ട്.
ഒരു സ്വദേശി വനിതയാണ് 1,500 ഓളം പേര്‍ക്ക് നോമ്പ്തുറക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ അല്‍ ഖലീജ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. റമസാനിലെ പ്രതിഫലം മാത്രം പ്രതീക്ഷിച്ച് വര്‍ഷങ്ങളായി ഇവര്‍ ഈ ഉദ്യമം തുടര്‍ന്ന് വരുന്നു. വെള്ളിയാഴ്ചകളില്‍ 1,700 പേര്‍ക്കുള്ള ഭക്ഷണവും റമസാന്‍ അവസാന വാരം 2,000 പേര്‍ക്കുള്ള ഇഫ്താര്‍ കിറ്റുകളും സംവിധാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ദിവസവും ഈത്തപ്പഴം, ലബന്‍, വെള്ളം, ബിരിയാണി തുടങ്ങിയവയാണ് നോമ്പുതുറ വിഭവങ്ങള്‍. ഇവ പ്രത്യേകം തളികകളിലാക്കിയാണ് നോമ്പുതുറക്ക് സജ്ജമാക്കിയ ടെന്റിലേക്ക് എത്തിക്കുന്നത്. സനാഇയ്യയില്‍വെച്ചാണ് ഇവിടേക്കുള്ള ഭക്ഷണം തയ്യാര്‍ ചെയ്യുന്നത്.
റിപ്പോര്‍ട്ട്: മുസ്തഫ മാനിപുരം

Latest