Connect with us

Palakkad

ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി ആലത്തൂരില്‍ നടപ്പിലാക്കുന്നു

Published

|

Last Updated

വടക്കഞ്ചേരി: ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഢലത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ പി കെ ബിജു എം പി ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യം, ഐ ടി പഠനം, യാത്രാ സൗകര്യം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും, നിലവിലുളളവ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നതാണ് എം പിയുടെ ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയും, ശാസ്ത്ര സാങ്കേതിക മേഖലയിലെ വളര്‍ച്ചക്കനുസരിച്ചുളള വിപുലമായ സൗകര്യങ്ങള്‍ ലഭ്യമാക്കിയും വിദ്യാഭ്യാസ മേഖലയിലെ നിലവിലെ വെല്ലുവിളി മറികടക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി എം പി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം, അഖിലേന്ത്യ സിവില്‍ സര്‍വ്വീസ്, എന്‍ജിനീയറിംഗ്-മെഡിക്കല്‍ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതിനാവശ്യമായ സ്ഥാപനം പാലക്കാട് ജില്ലയില്‍ ആരംഭിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഐ ഐ ടി, ഐ എ സ് ആര്‍ ഓ എന്നിവയുമായി സഹകരിച്ച് മണ്ഡലത്തില്‍ സബ്‌സിഡയറി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി വഴി തുടക്കം കുറിക്കും.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ തൃശ്ശൂര്‍ അത്താണിയിലെ സെന്റര്‍ ഫോര്‍ മെറ്റിരീയല്‍സ് ഫോര്‍ ഇലക്‌ട്രോണിക്‌സ് ടെക്‌നോളജിയുമായി (സിമെറ്റ്) സഹകരിച്ച് ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതി വഴി 2.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എം പി ഈ വര്‍ഷം നടപ്പാക്കുന്നത്.
തികഞ്ഞ ലക്ഷ്യബോധത്തോടെ പദ്ധതി നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും.
ആദ്യ യോഗം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ജൂലൈ 8 ന് ഉച്ചക്ക് 2 ന് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വിദ്യാഭ്യാസ വകുപ്പധിക്യതര്‍, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍, ആര്‍ എം എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 14ന്
മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതിയോടനുബന്ധിച്ച് ജില്ലാ ആര്‍.ടി.ഒ 14ന് മണ്ണാര്‍ക്കാട് സബ് ആര്‍.ടി.ഓഫീസില്‍ അദാലത്ത് നടത്തുന്നു.
മെയ് 31നകം മണ്ണാര്‍ക്കാട് ഓഫീസില്‍ അപേക്ഷകള്‍ ഓഫീസില്‍ നിന്നും നല്‍കിയിട്ടുളളവര്‍ രശീതിയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി 10ന് വൈകുന്നേര 5മണിക്കുളളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജോയിന്റ് ആര്‍.ടി.ഒ പി.ശിവകുമാര്‍ അറിയിച്ചു.