Connect with us

Editorial

സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം വേണം

Published

|

Last Updated

വാട്‌സ്ആപ്പിന്റെ ദുരുപയോഗം കഴിഞ്ഞ ദിവസം മൊറാദാബാദില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയുണ്ടായി. നാഗഫാനി മേഖലയില മുസ്‌ലിം യുവാവിന് ഒരു ഹിന്ദു യുവാവ് വര്‍ഗീയ ചുവയുള്ള വാട്‌സ്ആപ്പ് സന്ദേശം അയച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ വര്‍ഗീയ കലാപം അരങ്ങേറിയ മുസാഫര്‍ നഗറില്‍ മൂന്ന് മാസം മുമ്പുണ്ടായ വര്‍ഗിയ സംഘര്‍ഷത്തിലും മുഖ്യപങ്ക് വഹിച്ചത് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണമായിരുന്നു. ട്രെയിന്‍ യാത്രക്കിടെ അവിടെ നാല് മുസ്‌ലിംകള്‍ ആക്രമിക്കപ്പട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ മുസ്‌ലിംകള്‍ നടത്തിയ സമാധാനപരമായ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചത,് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാന്ദ്‌ലയില്‍ തീവണ്ടി തടഞ്ഞ് ഹിന്ദുക്കളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. ബികാനീര്‍ ഹരിദ്വാര്‍ ദേശീയ പാത ഉപരോധിച്ച അക്രമികള്‍ ഹിന്ദുക്കളെ കൊള്ളയടിച്ചെന്ന മറ്റൊരു സന്ദേശവും പ്രചരിപ്പിക്കപ്പെട്ടു. വര്‍ഗീയ സംഘര്‍ഷം ആളിപ്പടരാന്‍ ഇതില്‍പരം എന്തുവേണം?
മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ച യശ്വന്ത് എന്ന യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത് ആറ് മാസങ്ങള്‍ക്ക് മുമ്പാണ്. പലപ്പോഴും വ്യാജ ഗ്രൂപ്പുകളുടെ പേരിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. സമൂഹത്തില്‍ വര്‍ഗീയ വികാരം വളര്‍ത്തുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രൊഫഷനലുകള്‍ വരെയുണ്ടെന്നാണ് അന്വേഷണത്തില്‍ സൈബര്‍ പോലീസ് കണ്ടെത്തിയത്. രാജ്യത്തെ വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ കുത്തിവെക്കുന്ന ആശയങ്ങളായിരിക്കും പലപ്പോഴും ഇതിന് പ്രചോദനം.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്ത്തുന്നതായുള്ള വാര്‍ത്തകളും വന്നു തുടങ്ങിയിട്ടുണ്ട്. ഇറ്റലിയില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളില്‍ പ്രധാന വില്ലന്‍ കാമുകനോ കാമുകിക്കോ അയക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളാണെന്ന് ഇറ്റാലിയന്‍ മാട്രിമോണിയല്‍ ലോയേഴ്‌സ് അസോസിയേഷനെ ഉദ്ധരിച്ച് വാര്‍ത്ത വന്നത് അടുത്തിടെയാണ്. ഇറ്റലിയില്‍ അവിഹിത ബന്ധങ്ങളുടെ പേരില്‍ വിവാഹ മോചനത്തിലെത്തുന്ന കേസുകളില്‍ 40 ശതമാനത്തിലും വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് തെളിവായി ഹാജരാക്കപ്പെടുന്നതെന്ന് വ്യക്തമാക്കുകയുണ്ടായി. ഇത് ഇറ്റലിയിലെ മാത്രം പ്രശ്‌നമല്ല, ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണമില്ലാത്ത സോഷ്യല്‍മീഡിയയുടെ ഉപയോഗം നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. സെല്‍ഫി ഭ്രമവും അത് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ പങ്ക് വെക്കുന്നതും പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികമാണ്. വിവാഹ മോചനക്കേസുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ വാട്‌സ്ആപ്പ് അതിന്റെ വേഗത പതിന്മടങ്ങാക്കാനുള്ള സാധ്യത ഏറെയാണെന്ന് സാമൂഹിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൂക്ഷ്മതയോടെയും സദുദ്ദേശ്യത്തോടെയും വിനിയോഗിച്ചാല്‍ ഒട്ടേറെ ഉപകാരപ്പെടുത്താവുന്നതാണ് സോഷ്യല്‍മീഡിയ. അവയിലൂടെയുള്ള അറിയിപ്പ് വഴി രക്തം ആവശ്യമായ രോഗികളെ തേടി രക്തദാതാക്കള്‍ എത്തുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. രാജ്യത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയുള്‍െപ്പടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതില്‍ ഇവ വഹിച്ച പങ്ക് നിഷേധിക്കാവതല്ല. അന്നാ ഹസാരെയും കൂട്ടരും നടത്തിയ അഴിമതിവിരുദ്ധ ജനമുന്നേറ്റത്തിലും, ഡല്‍ഹി കൂട്ടബലാത്സഗത്തെ തുടര്‍ന്ന് ഒരു ആഹ്വാനം പോലുമില്ലാതെ അരങ്ങേറിയ വന്‍ പ്രതിഷേധ റാലിയിലും സോഷ്യല്‍ മീഡിയയുടെ സ്വാധീനം തെളിഞ്ഞുകാണാം. എന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഇവയുടെ ദുരുപയോഗം വരുത്തിവെക്കുന്ന കെടുതികള്‍. ആഗോളതലത്തില്‍ വാട്‌സപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. മൂന്ന് വര്‍ഷം മുമ്പ് മൂന്ന് കോടിയായിരുന്നു വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണമെങ്കില്‍ കഴിഞ്ഞ നവംബറോടെ 60കോടിയായി കുതിച്ചുയര്‍ന്നു. ഇതില്‍ ഏഴ് കോടിയും ഇന്ത്യക്കാരാണെന്ന് വാട്‌സ്ആപ്പ് ബിസിനസ് ഹെഡ് നീരജ് അറോറ വെളിപ്പെടുത്തുന്നു. ഈ സൗകര്യം പലരും, പ്രത്യേകിച്ചും യുവതലമുറ തെറ്റായ വിധത്തിലാണ് ഉപയോഗപ്പെടുത്തുന്നത്. കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ സമൂഹത്തിനോ ഇത് കണ്ടെത്താനാകുന്നില്ലെന്നതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ഏറ്റവും വലിയ പ്രശ്‌നം. ധാര്‍മികതയിലും മൂല്യബോധത്തിലും അധിഷ്ഠിതമല്ലാത്ത സാങ്കേതികവിദ്യ വളര്‍ച്ചയുടെ മറ്റൊരു ദുരന്തമായി മാറുകയാണിന്ന് സ്മാര്‍ട്ട്‌സ് ഫോണുകളും സോഷ്യല്‍ മീഡിയയുടെ നിയന്തണമില്ലാത്ത ഉപയോഗവും. ഇക്കാര്യത്തെക്കുറിച്ചു സൈബര്‍ ലോകം ഗൗരവതരമായി ചര്‍ച്ച ചെയ്യുകയും ഉപയോഗത്തിലെ നിയന്ത്രണത്തിന് പ്രായോഗിക മാര്‍ഗം കണ്ടെത്തുകയും ചെയ്യുന്നില്ലെങ്കില്‍ സാമൂഹികാന്തരീക്ഷത്തില്‍ ഇവ വരുത്തിവെക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ലോകം സാക്ഷിയാകേണ്ടി വരും.

---- facebook comment plugin here -----

Latest