Connect with us

Kerala

പിടിയിലായ ഇറാനിയന്‍ സംഘത്തില്‍ നിന്ന് രണ്ട് പാകിസ്ഥാന്‍കാരെ കാണാതായി

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും പിടികൂടിയ ഇറാനിയന്‍ സംഘത്തിലുണ്ടായിരുന്ന രണ്ടു പാകിസ്ഥാന്‍കാരെ യാത്രക്കിടെ കാണാതായി സൂചന. ഇവര്‍ രക്ഷപ്പെട്ടതാണോ അതോ അപകടത്തില്‍പ്പെട്ടതാണോയെന്ന് കണ്ടെത്താനായിട്ടില്ല. ഇറാനില്‍ നിന്നും ബോട്ട് പുറപ്പെടുമ്പോള്‍ അതില്‍ 14 പേരുണ്ടായിരുന്നതായി സംഘത്തിലുള്ള ഒരാള്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിടുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചു. കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ നെയ്യാറ്റിന്‍കര കോടതിയില്‍ ബുധനാഴ്ച സമര്‍പ്പിക്കും.
ബോട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പേരെ കാണാതായത് ബലപ്പെടുത്തുന്ന ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ നിന്നും രണ്ടു പാകിസ്ഥാന്‍കാരുടെ തിരിച്ചറിയല്‍ രേഖകള്‍ ലഭിച്ചു. തിരിച്ചറിയല്‍ രേഖകളിലുള്ള രണ്ട് പേരെ കാണാത്തതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് 14 പേരുണ്ടായിരുന്ന വിവരം വെളിപ്പെട്ടത്. ഇവര്‍ക്ക് എന്ത് പറ്റിയെന്നറിയണമെങ്കില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യണം.
നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ സുരക്ഷാ കാരണങ്ങളാല്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെ വന്‍ സുരക്ഷാ വലയത്തിലാണ് ഇവരെ പൂജപ്പുര ജയിലില്‍ കൊണ്ടു വന്നത്. ജയിലില്‍ ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. വിദേശികളുള്‍പ്പെട്ട കേസ് ചൊവ്വാഴ്ച എന്‍ ഐ എ ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ഇതിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ എന്‍ ഐ എയുടെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇറാനിയന്‍ ബോട്ടായ ബറൂക്കി കള്ളക്കടത്തിനോ മയക്ക് മരുന്ന് കടത്തിനോ ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്. ഇറാനിലെ കാലാട്ട് നിന്നും മെയ് 25 നാണ് ബോട്ട് പുറപ്പെട്ടതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇറാന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ദേശീയ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടില്ല. അതിനാല്‍ ബോട്ടിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്.

---- facebook comment plugin here -----

Latest