Connect with us

Kerala

ഓണത്തിന് വ്യാജമദ്യമെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌

Published

|

Last Updated

പാലക്കാട്: ഓണമെത്താന്‍ ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് വ്യാജമദ്യമൊഴുകാന്‍ സാധ്യതയെന്ന് എക്‌സൈസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 720 ബാറുകള്‍ പൂട്ടുകയും ഇരുനൂറോളം പഞ്ചായത്തുകളില്‍ മദ്യലഭ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തില്‍ കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യവും സ്പിരിറ്റും ഒഴുകാനുള്ള സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്. ഓണക്കാലത്ത് സംസ്ഥാനത്ത് വന്‍തോതില്‍ വ്യാജനെ ഒഴുക്കുകയാണ് മദ്യലോബിയുടെ ലക്ഷ്യമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഷാപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന എക്‌സൈസ് വകുപ്പ് ശക്തമാക്കി. വീഞ്ഞ്, സല്‍സ, ആനമയക്കി, കല്യാണി തുടങ്ങി വിവിധ പേരുകളില്‍ വ്യാജന്മാര്‍ വിലസുന്നുണ്ട്. ഷാപ്പുകളുടെ ലൈസന്‍സ്, കള്ളിന്റെ ഗുണനിലവാരം, ശുചിത്വം, സമയക്രമം, പ്രദേശത്ത് ചെത്തുന്ന കള്ളിന്റെ അളവും വില്‍ക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള വ്യത്യാസം എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഇതിനായി മൊബൈല്‍ ഗുണമേന്മാ പരിശോധനകേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ മൂണ്‍ഷൈനിന്റെ ‘ഭാഗമായി സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ എക്‌സൈസ് വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബുകളിലും എക്‌സൈസ് വകുപ്പ് മിന്നല്‍പരിശോധന നടത്തിയിരുന്നു. ബാറുകള്‍ പൂട്ടിയ ശേഷം വിദേശമദ്യ ഉപഭോഗത്തില്‍ 18 ശതമാനത്തിന്റെ കുറവുണ്ടായെന്ന് മന്ത്രി കെ ബാബു കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് മദ്യ ഉപഭോഗത്തില്‍ ഇത്രയും കുറവുണ്ടായത്. എന്നാല്‍, കള്ളുഷാപ്പുകളില്‍ വീര്യം കൂടിയ വ്യാജമദ്യത്തിന് ഉപഭോക്താക്കള്‍ കൂടുന്നെന്ന സൂചന എക്‌സൈസുകാര്‍ ശരിവെക്കുന്നു.

Latest