Connect with us

Ongoing News

ഇഅ്തികാഫിന്റെ പത്ത് നാളുകള്‍

Published

|

Last Updated

വിശുദ്ധ റമസാനിലെ അവസാനത്തെ പത്ത് ദിവസം പള്ളിയില്‍ ഇഅ്തികാഫില്‍ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് സമൂഹത്തില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ബദ്‌രീങ്ങളുടെ ആണ്ട് കഴിഞ്ഞാല്‍ മുങ്ങുന്ന പലരും ഇരുപത്തേഴാം രാവിലാണ് പിന്നെ പൊങ്ങുന്നത്. ഇഅ്തികാഫ് ഉള്‍പ്പെടെയുള്ള ആരാധനകളില്‍ സജീവമാകേണ്ട വിശ്വാസി ഭൂരിഭാഗവും ഷോപ്പിംഗിനായി തിരക്കു പിടിച്ച ഓട്ടത്തിലാണ്. ഇഅ്തികാഫ് ഗ്രന്ഥങ്ങളിലും പോസ്റ്ററുകളിലും ഒതുങ്ങുന്നു.
അതിശ്രേഷ്ഠമായ ഒരു ഐച്ഛിക ആരാധനയാണ് ഇഅ്തികാഫ്. അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച് ജീവിത തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന് അല്ലാഹുവിന്റെ സ്മരണയിലും ഇബാദത്തുകളിലും മുഴുകി പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിച്ചു കൂടുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുക. നിസ്‌കാരം, നോമ്പ്, ദാന ധര്‍മം തുടങ്ങിയ ആരാധനകളെപ്പോലെ പഴയകാലം മുതല്‍ക്കേ നിലനിന്നു പോന്നിരുന്ന പുണ്യകര്‍മമാണിത്. തിരുനബിയുടെ മുമ്പ് ജാഹിലിയ്യ കാലത്ത് പോലും ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നുവത്രെ.
ജീവിത വ്യവഹാരങ്ങള്‍ പൂര്‍ണമായും മാറ്റി വെച്ച് കൊണ്ടുള്ള ഒരു ആത്മീയതയല്ല ഇത്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയുടെ ആത്മീയ വളര്‍ച്ചക്കും വ്യക്തിത്വ വികസനത്തിനും മറ്റുമായി ഒരു നിര്‍ണായക കാലത്തേക്ക് സമാനമായ ചില ആരാധനകള്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. ഇഅ്തികാഫ് അതില്‍ പെട്ടതാണ്. അല്ലാഹുവിന്റെ സാമീപ്യം നേടിയെടുക്കാനും ആരാധനാ കര്‍മങ്ങള്‍ കൂടുതലായി അനുഷ്ഠിക്കാനും സ്വത്വത്തെ തന്നെ പുതുക്കിപ്പണിയാനും വിശ്വാസിക്ക് അതുവഴി സാധിക്കുന്നു. ഭൗതിക ജീവിതത്തിന്റെ ജീര്‍ണതകളെ ദൈവീക ഉപാസനകൊണ്ട് മറികടക്കാനും അതിജീവിക്കാനുമുള്ള കഴിവും കരുത്തും ലഭിക്കുന്നതിന് ഇഅ്തികാഫ് ഏറെ ഫലപ്രദമാണ്.
തിരുനബി (സ) പറഞ്ഞു. ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന് തെറ്റ് കുറ്റങ്ങള്‍ തടുത്തു നിര്‍ത്താന്‍ സാധിക്കുന്നു. മുഴുവന്‍ സത്കര്‍മങ്ങളും ചെയ്യുന്നവനെപ്പോലെ തന്റെ പേരില്‍ ധാരാളം സല്‍കര്‍മങ്ങള്‍ എഴുതപ്പെടാന്‍ ഇഅ്തികാഫ് ഇടയാക്കുന്നു. (ഇബ്‌നുമാജ 1781)
ഒരാള്‍ അല്ലാഹുവിന്റെ പ്രീതിക്കായി ഒരുദിവസം പള്ളിയില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചാല്‍ അല്ലാഹു അവനും നരകത്തിനുമിടയില്‍ മൂന്ന് കിടങ്ങുകളുണ്ടാക്കും. അവയില്‍ ഓരോന്നും രണ്ട് ചക്ര വാളങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ അകലമുണ്ടായിരിക്കും. (ബൈഹഖി)
മുത്തുനബി (സ) യും അനുചരന്മാരും റമസാനിലെ അവസാന പത്ത് നാളുകളില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാത്തായ വര്‍ഷം അവിടുന്നു ഇരുപത് ദിവസത്തോളം ഇഅ്തികാഫിലായിരുന്നു. “”ഒരാള്‍ റമസാനില്‍ പത്ത് ദിവസം ഇഅ്തികാഫ് അനുകരിച്ചാല്‍ അതവന് രണ്ട് ഹജ്ജും ഉംറയും നിര്‍വഹിച്ചതിന് തുല്യമാണ്. (ത്വബ്‌റാനി 2888).
തുടര്‍ച്ചയായി പത്ത് ദിവസം പൂര്‍ണമായും ഇഅ്തികാഫിന് പലര്‍ക്കും സാധിക്കില്ല. പത്ത് ദിവസവും കഴിയുന്നത്ര സമയം ഇഅ്തികാഫിന് സമയം കണ്ടെത്തണം. പള്ളിയിലെത്തുമ്പോഴെല്ലാം ഇഅ്തികാഫിനെ പ്രത്യേകം കരുതി പരമാവധി സമയം പള്ളിയില്‍ കഴിച്ചുകൂട്ടാം. സദ്‌വൃത്തരായ പൂര്‍വികര്‍ പ്രാധാന്യപൂര്‍വം അനുഷ്ഠിച്ച് മാതൃക കാണിച്ച ഇഅ്തികാഫ് ഒരു കാരണവശാലും സമൂഹത്തില്‍ നിന്ന് അന്യം നിന്ന് കൂടാ. പ്രാസ്ഥാനിക പ്രബോധകരും സംഘ കുടുംബത്തിലെ സന്നദ്ധ പ്രവര്‍ത്തകരും സാമുദായിക സംഘടനകളും ഈ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പള്ളിച്ചുവരുകളില്‍ പതിച്ചുവെച്ച ഇഅ്തികാഫിന്റെ ബോര്‍ഡുകളത്രയും വെറുതെയാകില്ല. സത്യവിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ട അനര്‍ഘ അവസരമാണിത്.

Latest