Connect with us

Malappuram

തേക്ക് മരങ്ങള്‍ മുറിച്ചു കടത്താന്‍ ഉപയോഗിച്ച വാഹനം കണ്ടെടുത്തു

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ റെയ്ഞ്ച് പനയംങ്കോട് സെക്ഷന്‍ പരിധിയിലെ 1987 തേക്ക് തോട്ടത്തില്‍ നിന്നും ഉണങ്ങി നില്‍ക്കുന്ന മൂന്ന് തേക്ക് മരങ്ങള്‍ കടത്തിക്കൊണ്ടുപോകുവാന്‍ ഉപയോഗിച്ച പിക്കപ്പ് വാന്‍ വനം വകുപ്പ് പിടിച്ചെടുത്തു.
മമ്പാട് തോട്ടിറ്റക്കര പനയംതൊടി യാസറിന്റേതാണ് വാന്‍. വാഹനത്തിന്റെ ആര്‍ സി ഓണര്‍ മറ്റാരാളാണെങ്കിലും യാസറാണ് ഉടമ. വീട്ടാവശ്യത്തിന് സാധനങ്ങള്‍ കൊണ്ടവരാനാണെന്ന് പറഞ്ഞ് പ്രതികളിലൊരാളായ ബാപ്പുട്ടിയെന്ന സക്കീറാണ് തന്റെ വാന്‍ കൊണ്ടുപോയതെന്നാണ് യാസിര്‍ പറയുന്നത്. പിറ്റേ ദിവസം തന്നെ വാഹനം കൊണ്ടുവരികയും ചെയ്തു. വാഹനം കൊണ്ടുപോയ ദിവസം പൊള്ളലേറ്റ് യാസിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അന്വേഷണത്തില്‍ ഇത് ബോധ്യപ്പെട്ടതോടെ യാസറിനെ കേസില്‍ പ്രതി ചേര്‍ത്തില്ല. ഒളിവില്‍ കഴിയുന്ന സക്കീറിനെ പിടികൂടി ചോദ്യ ചെയ്തതിന് ശേഷം മാത്രമേ യാസറിനെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ എസ് അനീഷ് മാധ്യമത്തോട് പറഞ്ഞു. അതേ സമയം കേസില്‍ പിടിയിലായ മമ്പാട് കവണഞ്ചേരി അബ്ദുല്‍ അസീസ് (51), മമ്പാട് കുളിക്കല്‍ വലിയ പീടിയേക്കല്‍ മുജീബ് (42) എന്നിവരുടെ ജാമ്യാപേക്ഷ വനം വകുപ്പ് എതിര്‍ത്തു.
പിടിയിലായ പ്രതികള്‍ സ്ഥിരമായി വനം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരാണെന്നും 2002ല്‍ വനം മന്ത്രിയുടെ മുമ്പില്‍ കീഴടങ്ങി മേലില്‍ വനം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് സത്യവാങ്മൂലം നല്‍കി മാപ്പി വാങ്ങിയവാരണെന്നും കേസിലെ മറ്റു പ്രതികളെ കിട്ടാനുണ്ടെന്നും ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ തുടരന്വേഷണത്തെ ബാധിക്കുമെന്നും പറഞ്ഞാണ് ജാമ്യാപേക്ഷ വനം വകുപ്പ് എതിര്‍ത്തത്.
അതേ സമയം ഒളിവില്‍ പോയ കേസിലെ പ്രതികളായ മമ്പാട് പൊങ്ങല്ലൂരിലെ തങ്ക എന്നറിയപ്പെടുന്ന മണ്‍സൂര്‍, മമ്പാട് ബീമ്പുങ്ങലിലെ നൊണന്‍ എന്നറിയപ്പെടുന്ന മുജീബ്, മമ്പാട് തോട്ടിറ്റക്കര ബാപ്പുട്ടി എന്ന സക്കീര്‍, മരകച്ചവടക്കാരന്‍ ഒത്തായി ഉമ്മര്‍ ഖത്താബ് എന്നവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Latest