Connect with us

Kerala

ബാര്‍കോഴ കേസിലെ അന്വേഷണ റിപോര്‍ട്ട് പുറത്ത്; കെഎം മാണിക്ക് പണം നല്‍കിയതിന് തെളിവില്ല

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് കാണിച്ച് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു. കോടതിയില്‍ സമര്‍പ്പിച്ച 54 പേജുള്ള റിപ്പോര്‍ട്ട് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതാണ്. മന്ത്രി കെ എം മാണി അഴിമതി നടത്തിയതിനും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതിനും തെളിവില്ലെന്നാണ് വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടില്‍ പോയിരുന്നെങ്കിലും പണം കൈമാറിയതിന് തെളിവില്ല. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണി കോഴ ആവശ്യപ്പെട്ടതിനോ കൈപ്പറ്റിയതിനോ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ കെ എം മാണി പ്രത്യേക താത്പര്യം എടുത്തതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത 2014 മാര്‍ച്ച് 26, ഏപ്രില്‍ രണ്ട് തീയതികളിലെ മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് പരിശോധിച്ചു. എന്നാല്‍, മന്ത്രിസഭാ യോഗത്തില്‍ മാണി ബാറുടമകള്‍ക്ക് അനുകൂലമായി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മാണിക്ക് ഇതില്‍ എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടായിരുന്നതായും കണ്ടെത്താനായില്ല. ബാര്‍ ലൈസന്‍സ് നല്‍കാനുള്ളത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ്. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിന് അഴിമതി നടന്നുവെന്ന് അര്‍ഥമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാറുടമകള്‍ രണ്ടുതവണ കെ എം മാണിയുടെ വീട്ടിലെത്തിയതിന് തെളിവുണ്ടെങ്കിലും മാണിക്ക് പണം കൈമാറിയതിനോ ആവശ്യപ്പെട്ടതിനോ തെളിവുകളില്ല. മൂന്ന് ഘട്ടങ്ങളായി ഒരുകോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ് ആരോപിച്ചിരുന്നത്. 2014 മാര്‍ച്ച് 22, 31, ഏപ്രില്‍ 2 തീയതികളില്‍ പണം കൈമാറിയെന്നാണ് ആരോപണം. ഇതില്‍ ഓരോ ഘട്ടവും പരിശോധിച്ചു. സാക്ഷികളെ വിസ്തരിച്ചതില്‍ നിന്നും ലീഗല്‍ ഫണ്ട് എന്ന പേരില്‍ പണം പിരിച്ചതായി കണ്ടെത്തിയെങ്കിലും 2014 മാര്‍ച്ച് 22ന് മാണിക്ക് പണം കൈമാറിയതായി തെളിവില്ല. അന്നേദിവസം രാജ്കുമാര്‍ അടക്കം ആറുപേര്‍ പാലായിലെ വീട്ടിലെത്തിയെങ്കിലും പണം നല്‍കിയതായി തെളിവില്ല. ബാറുടമകളുടെ സംഘടനയായ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചു. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മാണിക്ക് പണം കോഴയായി നല്‍കിയെന്ന് പറയാനാകില്ല.
മാര്‍ച്ച് 31ന് ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടിലെത്തിയതിന് തെളിവുണ്ടെങ്കിലും പണം കൈമാറിയതിന് യാതൊരു തെളിവുമില്ല. ഏപ്രില്‍ രണ്ടിന് ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ ബാറുടമകള്‍ എത്തിയെങ്കിലും പണം കൈമാറിയതിന് തെളിവില്ല. പണം കൈമാറിയത് കണ്ടെന്നുള്ള ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. ബിജു രമേശിന്റെ മൊഴിയും വിശ്വാസയോഗ്യമല്ല. മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബിജു രമേശിന്റെ മൊഴിയെ അനുകൂലിച്ച് ബാറുടമകള്‍ ആരും തന്നെ മൊഴി നല്‍കിയിട്ടില്ല. ബിജു രമേശ് കോടതിയില്‍ രഹസ്യമൊഴിയോടൊപ്പം നല്‍കിയ ശബ്ദരേഖയടങ്ങിയ സി ഡി ആധികാരികമല്ല. ബിജു രമേശ് കോടതിയില്‍ നല്‍കിയ സി ഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അതിനാല്‍ തന്നെ ഇത് മുഖവിലക്ക് എടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ 337 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തിയത്.

Latest